കല്ലറ : ഒരു റോഡുണ്ടായിരുന്നെങ്കിൽ ! കൊയ്തെടുത്ത ഇവരുടെ പ്രതീക്ഷകൾ ഇങ്ങനെ കുന്നുകൂടി കിടക്കില്ലായിരുന്നു. നടുക്കരി പാടശേഖരത്തിൽ രാപ്പകൽ വിയർപ്പൊഴുക്കി സാധാരണക്കാരായ 60 ഓളം കർഷകരാണ് നൂറുമേനി വിളയിച്ചത്. എന്നാൽ എങ്ങനെ ഇതു മറുകരയെത്തിക്കും. ആകെയുള്ളത് ഒന്നോ രണ്ടോ വള്ളങ്ങളാണ്. തോട്ടിലാണേൽ വെള്ളവുമില്ല. കഴിഞ്ഞ ദിവസം മുട്ട് പൊളിച്ച് വെള്ളം എത്തിച്ചാണ് ആറുപേർ കൂടി വള്ളത്തിൽ നെല്ല് കൊണ്ടുവന്നത്. വർഷങ്ങളായി ഇവർ റോഡിനായി എം.എൽ.എയടക്കമുള്ളവരോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തോടിന് സമീപത്തു കൂടി റോഡിനായി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും സ്വകാര്യവ്യക്തി തടസം നിൽക്കുകയായിരുന്നു.
പല ബ്ലോക്കുകളിലായിട്ടാണ് ഇവിടെ കൃഷി. ഒരു ബ്ലോക്ക് കഴിഞ്ഞ് വേണം അടുത്ത ബ്ലോക്കിലേക്ക് പോകാൻ. നടുക്കരിയിലുള്ളവർക്ക് നെല്ല് കൊണ്ടുവരണേൽ വിവിധ ബ്ലോക്കുകൾ കടക്കണം. വരമ്പ് മുറിക്കാൻ ഒരു ഏക്കറുള്ളവരിൽ നിന്നു 250 രൂപയോളം അടുത്ത ബ്ലോക്കുകാർ മേടിക്കും. വടക്കേ പുതുശേരി പാടശേഖരം വഴി റോഡ് പണിയാനാണ് പദ്ധതി. എന്നാൽ നടുക്കരിയെത്തണേൽ പാലം കൂടി നിർമ്മിക്കേണ്ടി വരും. കൊയ്തെടുത്ത നെല്ല് ഇനിയും ഇക്കരയെത്തിക്കാനുണ്ട്. എത്തിച്ചതാകട്ടെ റോഡരികിൽ പടുത കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. വേനൽമഴ പെയ്യുമെന്ന ആശങ്കയിവർക്കുണ്ട്.
ലൈറ്റുണ്ടേലും ഇരുട്ട് !
രാത്രിയായാൽ പ്രദേശം പൂർണമായും ഇരുട്ടിലാണ്. തെരുവ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രകാശിക്കുന്നില്ല. നിരവധിത്തവണ വിഷയം വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാമ്പ് ശല്യം രൂക്ഷമാണിവിടെ. രാത്രികാലങ്ങളിൽ റോഡിലേക്ക് പാമ്പിറങ്ങുന്നത് ഇരുചക്രവാഹനയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു.
തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കും
നെല്ല് കൊണ്ടുവരാൻ റോഡില്ല, വെളിച്ചവുമില്ല. ഞങ്ങൾ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വാഗ്ദാനങ്ങളുമായി രാഷ്ട്രീയ നേതാക്കൾ പലരും വന്നു പോകും. പിന്നെ ഇവരുടെ പൊടിപോലും കാണില്ല. ഇത്തവണ എന്തായാലും ഒരു തീരുമാനമെടുത്തു. ആദ്യം റോഡ് വരട്ടെ എന്നിട്ട് വോട്ട് തരാം.
ചിന്നമ്മ, പ്രദേശവാസി