പൊൻകുന്നം: എല്ലാ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ യൂണിഫോം എന്ന പദ്ധതി സ്‌കൂൾ അടച്ചിട്ടും പൂർണമാക്കാതെ വിദ്യാഭ്യാസ വകുപ്പ്.
സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വകുപ്പ് നേരിട്ടും എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്ക് പ്രഥമ അദ്ധ്യാപകർ മുഖേനയുമാണ് പദ്ധതി നടപ്പാക്കിയത്.
എയ്ഡഡ് സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകർക്ക് ഒരു കുട്ടിക്ക് 400 രൂപാ ക്രമത്തിൽ 75 ശതമാനം കുട്ടികൾക്കുള്ള ഫണ്ടാണ് വർഷാരംഭത്തിൽ നൽകിയത്. കുറച്ച് കുട്ടികൾക്ക് മാത്രം സൗജന്യ യൂണിഫോം എങ്ങനെ നൽകും എന്ന ചോദ്യത്തിന് ബാക്കിയുള്ള ഫണ്ട് പുറകെയെത്തുമെന്ന പ്രതീക്ഷയും അധികൃതർ നൽകി. കുട്ടികളോടുള്ള വിവേചനം ഒഴിവാക്കാൻ പ്രഥമാദ്ധ്യാപകർ സ്വന്തം കൈയിൽ നിന്നു കൂടി പണമെടുത്താണ് മുഴുവൻ പേർക്കും യൂണിഫോം അനുവദിച്ചത്. ഇപ്പോൾ ഈ അദ്ധ്യാപകർ കിട്ടാനുള്ള ഫണ്ടിനായി വിദ്യാഭ്യാസ ഓഫീസുകൾ കയറിയിറങ്ങുകയാണ്. കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മാത്രം ഈ വകയിൽ പ്രഥമാദ്ധ്യാപകർക്ക് കിട്ടാനുള്ളത് 10,06,326 രൂപയാണ്. സൗജന്യ യൂണിഫോമും പുസ്തകവും കുടയും ബാഗും മുൻകൂട്ടി നൽകിയാണ് കുട്ടികളെ സ്‌കൂളുകളിലേക്ക് ആകർഷിക്കുന്നത്. സ്‌കൂൾ പി.ടി.എ.കളുടെ നേതൃത്വത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളേയും വിദ്യാഭ്യാസവകുപ്പിന്റെ അവഗണന ബാധിക്കും.

സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂണിഫോം അനുവദിക്കണം. ഹെഡ്മാസ്റ്റർമാർക്ക് കിട്ടാനുള്ള തുക എത്രയും വേഗം നൽകണം. അനിശ്ചിതത്വം അവസാനിപ്പിക്കാത്തപക്ഷം യൂണിഫോം വിതരണം തടസ്സപ്പെടും. ഇത് സ്‌കൂളുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും.

ജോയി ഏബ്രഹാം, സെക്രട്ടറി, കാഞ്ഞിരപ്പള്ളി

ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം.