കോട്ടയം: സ്ത്രീ ശാക്തീകരണ സംഘടനകളിലെ ശ്രദ്ധേയമായ പ്രസ്ഥാനമാണ് അമൃതശ്രീയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് നൽകുന്ന അമൃതാനന്ദമയിയുടെയും മഠത്തിന്റെയും സേവനങ്ങൾ അഭിനന്ദനാർഹമാണ്. വ്യത്യസ്തങ്ങളായ സാമൂഹ്യസേവന പ്രവർത്തനങ്ങൾ കൊണ്ടാണ് അമൃതാനന്ദമയി ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. സുനാമി കാലത്ത് മഠത്തിന്റെ പ്രവർത്തനങ്ങൾ സാമൂഹ്യ സേവന ചരിത്രത്തിലെ സവിശേഷ അദ്ധ്യായമാണന്നും അദ്ദേഹം പറഞ്ഞു. സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, പി.സി ജോർജ് എം.എൽ.എ, ബി.ജെ.പി നേതാവ് അഡ്വ.ബി.രാധാകൃഷ്‌ണ മേനോൻ, തിരുവല്ല മഠധിപതി ഭവ്യാമൃതചൈതന്യ, നിഷ്‌ഠാമൃതചൈതന്യ, സൂര്യകാലടിമന സൂര്യൻജയസൂര്യൻ ഭട്ടതിരിപ്പാട് , അമൃതശ്രീ ചീഫ് കോ-ഓർഡിനേറ്റർ ആർ.രംഗനാഥൻ, അമൃത ശ്രീ ജില്ലാ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സന്ധ്യ വിനോദ് എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനയ്യായിരത്തിൽപരം അമൃതശ്രീ സരംഭകരും പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു. 20 പേരടങ്ങുന്ന ഒരോ സംഘത്തിനും 30,000 രൂപയാണ് ഒരു വർഷം പ്രവർത്തന മൂലധനമായി അമൃതശ്രീയിലൂടെ നൽകിവരുന്നത്. ജില്ലയിൽ മാത്രം മൂവായിരത്തോളം യൂണിറ്റുകൾക്കാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്തത്.