sadeep-saurav

തലയോലപ്പറമ്പ് : വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം മൂവാറ്റുപുഴയാറിന്റെ തൈക്കാവ് കടവിൽ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങൾക്ക് വെട്ടിക്കാട്ടുമുക്ക് ഗ്രാമം നിറകണ്ണുകളോടെ യാത്രമൊഴിയേകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഇരുവരുടെയും മൃതദേഹം വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപമുള്ള നന്ദനം വീട്ടിൽ എത്തിച്ചത്. മക്കളുടെ ചേതനയറ്റ ശരീരം കണ്ടുള്ള അനിൽകുമാറിന്റെയും റീനയുടെയും അലമുറയിട്ടുള്ള കരച്ചിൽ ചുറ്റും കൂടി നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഒഴിഞ്ഞ കോണിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിസംഗനായി ഇരിക്കുന്ന സഹോദരൻ സച്ചിനും ഏവരുടെയും നൊമ്പരമായി.

ഇരുവരുടെയും സഹപാഠികളും സുഹൃത്തുക്കളും അടക്കം നൂറ് കണക്കിനാളുകളാണ് നാടിന്റെ നാനാമേഖലകളിൽ നിന്നു അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. എല്ലാ കാലവും ഒരുമിച്ചുള്ള ജീവിതമാണ് സന്ദീപും സൗരവും നയിച്ചത്. എന്തും ഒരുമിച്ച് ചെയ്താലേ ഇവർക്ക് തൃപ്തിയാകുമായിരുന്നുള്ളൂ. ഈ സൗഹൃദമാണ് നാട്ടുകാർക്കും ഇവരെ പ്രിയങ്കരരാക്കിയത്. സമീപത്തെ കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും കണ്ടിരുന്ന നാടിന്റെ പൊന്നോമനകൾ ഇനിയില്ല എന്ന് വിശ്വാസിക്കാൻ നാട്ടുകാർക്കും കഴിയുന്നില്ല. കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് എൻജിനിയറിംഗ് എൻട്രൻസ് എക്‌സാമിന് ഫീസടക്കാൻ പോയപ്പോഴും സന്ദീപ് സൗരവിനെ കൂട്ടിയാണ് പോയത്.

ഒടുവിൽ മൂവാറ്റുപുഴയാറിന്റെ കയത്തിൽ മുങ്ങിത്താഴുമ്പോഴും കൈകൾ പിടിവിടാതെ അവർ ചേർത്ത് പിടിച്ചു.