water-tank

ചങ്ങനാശേരി: ജലക്ഷാമം രൂക്ഷമായ കറുകച്ചാൽ പഞ്ചായത്തിലെ ബംഗ്ലാംകുന്ന് കോളനിയിൽ പ്രദേശവാസികളെ കുടിവെള്ളക്ഷാമത്തിൽ നിന്നും രക്ഷിക്കുന്നതിനായി സ്ഥാപിച്ച ടാങ്ക് വർഷങ്ങളായി ഉപയോഗശൂന്യമായി മാറിയിട്ടും സംരക്ഷിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 20 വർഷം മുമ്പാണ് ബംഗ്ലാകുന്ന് കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കോളനിയിൽ കൂറ്റൻ സംഭരണി നിർമിച്ച് പമ്പിങ്ങ് നടത്തിയിരുന്നു. ടാങ്കിന് ചുറ്റും ടാപ്പുകൾ ഉള്ളതിനാൽ പ്രദേശവാസികൾക്ക് പ്രയോജനമായിരുന്നു. എന്നാൽ, മൂന്നുവർഷം മാത്രമാണ് ഈ പദ്ധതി പ്രവർത്തിച്ചത്. ചമ്പക്കരയിൽ നിർമിച്ച കുളത്തിൽനിന്നാണ് വെള്ളം ഇവിടെയ്ക്ക് പമ്പ് ചെയ്തിരുന്നത്. പൈപ്പുകൾ തകർന്നതും മോട്ടോർ കേടാകുകയും ചെയ്തതോടെ വെള്ളം മുടങ്ങി. 17 വർഷമായി പദ്ധതി നിലച്ചിട്ടും നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നിർദ്ധനരായ മുപ്പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. മിക്ക വീടുകളിലും കിണറുകൾ ഉണ്ടെങ്കിലും ഭൂരിഭാഗം കിണറ്റിലെയും വെള്ളം വറ്റിതുടങ്ങി. കുന്നിൻപ്രദേശമായതിനാൽ വേനലിൽ കടുത്ത വരൾച്ചയാണ് പ്രദേശത്ത് ഉണ്ടാകുന്നത്. വെള്ളത്തിനായി പ്രദേശത്തുള്ളവരുടെ ഏക ആശ്രയം സമീപത്തുള്ള ഒരു വീട്ടിലെ കിണറാണ്. ഇവിടെ നിന്നും തലച്ചുമടായോ വാഹനങ്ങളിലോ ആണ് വെള്ളം സംഭരിക്കുന്നത്. മറ്റ് ആവശ്യങ്ങൾക്കായുള്ള വെള്ളം ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും എത്തിച്ചാണ് മിക്കവരും ഉപയോഗിക്കുന്നത്. ഏറെ ഗുണപ്രദമായിരുന്ന പദ്ധതി പുനരുജ്ജീവിപ്പിച്ചാൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.