കോട്ടയം: പത്രികാസമർപ്പണത്തോടെ ചൂട് പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കളംപിടിക്കാൻ ജില്ലയിൽ വി.ഐ.പികൾ പറന്നിറങ്ങും. ദേശീയ അദ്ധ്യക്ഷനെയും കേന്ദ്രമന്ത്രിമാരെയും അടക്കം പ്രചരണത്തിന് എത്തിക്കാൻ എൻ.ഡി.എ ഒരുങ്ങുമ്പോൾ, ദേശീയ - സംസ്ഥാന നേതാക്കളെ കളത്തിലിറക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം.

ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ,​ നിർമ്മലാ സീതാരാമൻ,​ രാജ്നാഥ് സിംഗ് അടക്കമുള്ള കേന്ദ്രമന്ത്രിമാർ,​ മറ്റ് ദേശീയ നേതാക്കൾ എന്നിവർ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പ്രചരണത്തിനായി എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ജില്ലയിലെ ഏതെങ്കിലും ഒരു പാർലമെന്റ് മണ്ഡലത്തിൽ എത്തിക്കാനും ശ്രമമുണ്ട്. പത്തനംതിട്ടയാകാനാണ് സാദ്ധ്യത. ശബരിമല അടക്കമുള്ള വിഷയങ്ങൾ കത്തിനിന്നത് കോട്ടയം,​ പത്തനംതിട്ട മണ്ഡലങ്ങളായതിനാൽ പരമാവധി ദേശീയ നേതാക്കൾ എത്തണമെന്ന ആവശ്യമാണ് ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്. ആരൊക്കെ എത്തുമെന്നത് സംബന്ധിച്ച മൂന്ന് ദിവസത്തിനുള്ളിൽ അന്തിമപട്ടികയാകും.

പ്രചരണത്തിന്റെ അന്തിമഘട്ടത്തിൽ മാവേലിക്കര,​ കോട്ടയം,​ പത്തനംതിട്ട മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് രാഹുൽഗാന്ധിയെ എത്തിക്കാനുള്ള ശ്രമമാണ് ഡി.സി.സി നടത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി അടക്കമുള്ള സംസ്ഥാന നേതാക്കൾക്ക് രണ്ടിലേറെ പരിപാടികൾ മൂന്ന് മണ്ഡലങ്ങളിലായുണ്ട്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വൈക്കത്തും, പത്തനംതിട്ടയിലെ വിവിധ മണ്ഡലങ്ങളിലും എത്തും. അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം മണ്ഡലത്തിലെത്തും. മാവേലിക്കരയിലെ സി.പി.ഐ സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനായി ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി എത്തും. പത്തനംതിട്ട,​ മാവേലിക്കര മണ്ഡലങ്ങളിൽ വി.എസ്. അച്യുതാനന്ദനും പ്രചരണം നയിക്കും.

സുരക്ഷയ്ക്ക് ആംബുലൻസ് വേണം

വി.ഐ.പി,​ വി.വി.ഐ.പി ഡ്യൂട്ടിക്ക് മെച്ചപ്പെട്ട സൗകര്യമുള്ള ആംബുലൻസ് ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കളക്ടറെ സമീപിച്ചിട്ടുണ്ട്. സാധാരണ ആരോഗ്യവകുപ്പാണ് സുരക്ഷയ്ക്കുള്ള ആംബുലൻസ് ഒരുക്കുന്നത്. എന്നാൽ രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ട്രയൽ റൺ സമയത്ത് ആംബുലൻസ് ലഭ്യമായിരുന്നില്ല. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആവശ്യം ഉന്നയിച്ചത്.