disha-board

തലയോലപ്പറമ്പ് : കാട് മൂടിക്കിടക്കുന്ന റോഡിന്റെ വശങ്ങൾ കാൽനടയാത്രക്കാരെയും വാഹന യാത്രികരെയും ഒരു പോലെ ഭീഷണിയാകുന്നു. വൈക്കം - തലയോലപ്പറമ്പ് റോഡിൽ വടയാർ ഇളങ്കാവ് ഗവ.യു.പി സ്കൂളിന് സമീപം വളവോട് കൂടിയുള്ള റോഡിന്റെ വശങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്തവിധം കാട് മൂടിയതാണ് ഭീഷണിയാകുന്നത്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോർഡുകൾ കാട് കയറിയതുമൂലം വാഹനങ്ങൾക്ക് ദിശ അറിയാൻ സാധിക്കാത്ത സാഹചര്യമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് കാട് മൂടിയ ഭാഗത്തേക്ക് കയറി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. പാമ്പുകളും വിഷജന്തുക്കളും ഈ ഭാഗത്ത് ഉണ്ടാകാൻ സാദ്ധ്യത ഏറെയാണെന്നും സമീപത്തെ നിരവധി സ്കൂളുകളിലേക്ക് കുട്ടികൾ ഉൾപ്പടെയുള്ള നൂറ് കണക്കിന് കാൽനടയാത്രക്കാർ നിത്യേന പോകുന്ന റോഡരിക് അടിയന്തിരമായി വെട്ടിത്തെളിക്കണമെന്ന ആവശ്യം ശക്തമാണ്.