കോട്ടയം : മോഷ്ടാക്കളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വിഗ്രഹങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്ന അന്തർസംസ്ഥാന കൊള്ള സംഘത്തെ ആന്റി ഗുണ്ടാ സ്‌ക്വാഡ് പിടികൂടി. ചേർത്തല ഒറ്റപ്പുന്ന മടക്കിണർ പൊള്ളയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപം തെക്കും പൊയ്കയിൽ വാടകയ്ക്കു താമസിക്കുന്ന ഷിബു ഗോപിനാഥ് (28), ഇടുക്കി കാഞ്ചിയാർ ലബക്കട ഭാഗം വരിക്കാനിക്കൽ ജോബിൻ ജോസ് (35), ചിറയിൻകീഴ് കടകം എൽ.പി സ്‌കൂളിന് സമീപം രമണി ഭവനിൽ മഹാരാഷ്ട്ര പുണെ ബാബുറവ് പുകേച്ചാൽ സ്ട്രീറ്റിൽ ശങ്കർ മന്ദിറിൽ സച്ചിൻ സുരേഷ് (27), തൃശൂർ മാള സെന്റ് അഗസ്റ്റിൻ പള്ളിയ്ക്കുസമീപം ഒറവൻകര പി.ഒ. മനോജ് (41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് മഹാവിഷ്ണുവിന്റെ ഒരു പഞ്ചലോഹ വിഗ്രഹവും പിടിച്ചെടുത്തു.
ഇരുതല മൂരി, ആനക്കൊമ്പ്, നാഗമാണിക്യം എന്നിവയും ഇവർ വിൽക്കാറുണ്ട്. കോട്ടയം സ്വദേശിക്ക് 30 ലക്ഷം രൂപ വില ഉറപ്പിച്ച് ശീവേലി വിഗ്രഹം വിൽക്കാൻ പ്രതികൾ എത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. കഴിഞ്ഞദിവസം വിഗ്രഹവുമായി എത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. തങ്ങളുടെ കൈയിലിരിക്കുന്ന സാധനങ്ങളുടെ ചിത്രം ഇടപാടുകാർക്ക് അയച്ച് നൽകിയാണ് സംഘം ആളെ കൂട്ടുന്നത്. ഇത്തരത്തിൽ എത്തുന്നവരിൽ നിന്നു ലക്ഷങ്ങൾ ആയി ഈടാക്കും. ചിത്രം കാണിച്ചശേഷം വ്യാജ സാധനങ്ങൾ നൽകി കബളിപ്പിക്കപ്പെട്ടവരും ഏറെയുണ്ട്. ജില്ലയിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന്
അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.