കോട്ടയം : തിരഞ്ഞെടുപ്പായതിനാൽ പണം കൈയിൽ കരുതുന്നവർ ജാഗ്രതൈ ! തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക പരിശോധന നടക്കുന്നതിനാൽ പണത്തിന്റെ ഉറവിടം കാണിക്കുന്ന രേഖകൾ കൈയിൽ കരുതണം. രേഖകളില്ലാത്ത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുക്കാൻ കമ്മിഷന് അധികാരമുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ പണം പിടിച്ചെടുത്തിട്ടില്ല. എട്ട് കുപ്പി മദ്യം കഴിഞ്ഞ ദിവസം സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. 50,​000 രൂപ വരെയാണെങ്കിൽ രേഖ ഹാജരാക്കണം. അതിന് മുകളിലാണെങ്കിൽ എവിടെ നിന്ന്,​ എന്തിന്,​ ആര് മുഖേനെ തുടങ്ങിയ കാര്യങ്ങൾക്കും മറുപടി പറയണം. രേഖകളില്ലാതെ 10 ലക്ഷമോ അതിന് മുകളിലോയുള്ള സംഖ്യയാണ് പിടികൂടുന്നതെങ്കിൽ പരിശോധകർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് വിവരം അറിയിക്കും. ഒരു മണ്ഡലത്തിൽ മൂന്ന് ഫ്ളൈയിംഗ് സ്ക്വാഡ് വീതം ഒമ്പത് നിയമസഭ മണ്ഡലങ്ങളിലായി 27 സ്ക്വാഡുകളുണ്ട്. സ്റ്റാറ്റിക് സർവെയ്‌ലൻസ് വിഭാഗത്തിനും ഒരു നിയമസഭാ മണ്ഡലത്തിൽ മൂന്ന് സ്ക്വാഡുകളുണ്ട്. ആന്റി ഡിഫെയ്സ്മെന്റ്,​ വീഡിയോ സർവെയ്‌ലൻസ് വിഭാഗം സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.