കോട്ടയം: പതിനഞ്ച് ദിവസമായി കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി. പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് ഇന്നലെ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്തിയത്. പഞ്ചായത്തിലെ 23 വാർഡുകളിലേയ്ക്കും വെള്ളം എത്തിക്കുന്നത് കൊല്ലാട്ടെയും, വെള്ളുത്തുരുത്തിയിലെയും രണ്ട് ഓവർ ഹെഡ് ടാങ്ക് വഴിയാണ്. ഏഴു ടേണാണ് ഇവിടെ വെള്ളമെത്തിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിൽ ഒരിക്കൽ ഒരു പ്രദേശത്ത് വെള്ളം എത്തുന്ന രീതിയിലായിരുന്നു ടേൺ ക്രമീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ 14 ദിവസമായി പ്രദേശത്ത് വെള്ളം ലഭിക്കുന്നതേയില്ല. ടാങ്കിൽ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ സാധിക്കുന്നില്ലെന്നും ഏതാണ്ട് 36 മണിക്കൂറിലേറെ നേരമാണ് ഈ ടാങ്കുകൾ നിറയാൻ ഇപ്പോൾ വേണ്ടി വരുന്നതെന്നുമാണ് വിതരണം വൈകുന്നതിന്റെ കാരണമായി വാട്ടർ അതോറിറ്റി മുന്നോട്ട് വയ്ക്കുന്ന ന്യായം. പാറമ്പുഴ വെള്ളൂപ്പറമ്പിൽ നിന്നും, കൊല്ലാട്, വെള്ളുത്തുരുത്തി എന്നിവിടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്ന ലൈനിൽ എവിടെയെങ്കിലും പൊട്ടലുണ്ടാകാമെന്നും ഇത് വാട്ടർ അതോറിറ്റി പരിശോധിക്കണമെന്നും പഞ്ചായത്തംഗങ്ങൾ ആവശ്യപ്പെടുന്നു.

വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ നടന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ തുളസീധരൻ, പഞ്ചായത്തംഗങ്ങളായ എബിസൺ കെ.എബ്രഹാം, ആനി മാമ്മൻ, തങ്കമ്മ മർക്കോസ്, ഉദയകുമാർ, ടി.ടി ബിജു, സുപ്രിയ സന്തോഷ് ജോമോൾ മനോജ് എന്നിവർ പ്രസംഗിച്ചു.