prdk-81-19

കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ് നിരീക്ഷണ ജോലികൾ കൃത്യമായും നിഷ്പക്ഷമായും നിർവഹിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ കെ.വി.ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർമാരുമായും , അക്കൗണ്ടിംഗ് ടീമുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ചെലവ് നിരീക്ഷണ പ്രവർത്തനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രചരണ പരിപാടികൾ വീഡിയോയിൽ പകർത്തി വീഡിയോ വ്യൂവിംഗ് ടീമിന് കൈമാറണം. ചെലവ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം. പെയ്ഡ് ന്യൂസ്, അംഗീകാരമില്ലാത്ത പരസ്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് എം.സി.എം.സി സെൽ നൽകുന്ന റിപ്പോർട്ടുകളിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജില്ലാ വരണാധികാരിയായ കളക്ടർ പി.കെ. സുധീർ ബാബുവും , തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എം.വി. സുരേഷ്‌കുമാറും യോഗത്തിൽ പങ്കെടുത്തു.