പാലാ: കോട്ടയം ജില്ലയിൽ വേനൽ കടുത്തതോടെ കാർഷിക മേഖല പ്രതിസന്ധിയിലാവുന്നു. കനത്ത ചൂടിൽ കുലച്ച വാഴകൾ പോലും ഒടിഞ്ഞു വീണ് തുടങ്ങിയത് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് വിളവെടുപ്പിനായി വച്ച വാഴകളാണ് വേനൽച്ചൂടിൽ ഒടിഞ്ഞു വീഴുന്നത്. പലയിടത്തും കുലച്ചു തുടങ്ങിയ വാഴകളും, പകുതി വിളവുമാത്രമായ വാഴകളുമാണ് ഒടിഞ്ഞു വീണത്.
പലയിടത്തും കൃഷിക്കാർ പാട്ടത്തിനെടുത്തു കൃഷി ചെയ്ത വാഴകൾ ചൂടു താങ്ങാതെ ഒടിഞ്ഞു തൂങ്ങി. വേനൽച്ചൂട് ആരംഭിച്ചപ്പോൾ തന്നെ കൃഷിക്കാർ വാഴ നനച്ചുതുടങ്ങിയിരുന്നു. എന്നാൽ അടുത്ത നാളുകളിൽ വേനൽ രൂക്ഷമായതോടെ കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടു. ഇതോടെ വാഴകൾ നനയ്ക്കാൻ മാർഗമില്ലാതായി.
ജലാശയങ്ങൾ സുലഭമല്ലാത്ത സ്ഥലത്ത് മുമ്പ് ഏത്തവാഴ കൃഷി ചെയ്ത കർഷകരും ഇത്തവണ ദുരിതത്തിലായി. പതിവുപോലെ കൃഷി ചെയ്തവർക്ക് ഇത്തവണ കാലാവസ്ഥയിലുണ്ടായ പ്രതികൂലാവസ്ഥയെ മറികടക്കാനായില്ല.
ഇക്കുറി പരീക്ഷണാടിസ്ഥാനത്തിൽ വാഴകൃഷിക്കിറങ്ങിയവരും ദുരിതക്കയത്തിലായി. കപ്പയ്ക്ക് വിലയിടിഞ്ഞതോടെ പലരും ഏത്തവാഴകളും പലവാഴയും കൃഷി ചെയ്തു തുടങ്ങിയിരുന്നു.
പൂവൻ, ഞാലിപ്പൂവൻ ഇനങ്ങൾക്ക് ലഭിക്കുന്ന മികച്ച വിലയിൽ ആകൃഷ്ടരായാണ് പലരും വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. റബറിന് വിലയിടിഞ്ഞതോടെ റബബർ വെട്ടിമാറ്റി വാഴ കൃഷിയിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ഇവർക്കെല്ലാം കടുത്ത വേനൽ തിരിച്ചടിയായിരിക്കുകയാണ്.കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയ പലർക്കും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്.