se

കോട്ടയം: കരിങ്ങാചിറ യാക്കോബായ സെന്റ് ജോർജ് പള്ളിയങ്കണത്തിൽ നിന്നാണ് ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസിന്റെ പര്യടനം ആരംഭിച്ചത്. മുളംതുരുത്തി പള്ളിയിലും പുതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലും സന്ദർശനം നടത്തിയ പി.സി.തോമസിനെ വിശ്വാസികൾ സ്വീകരിച്ചു .വിശ്വാസം സംരക്ഷിക്കുന്നവർക്കായിരിക്കും ഞങ്ങളുടെ വോട്ടെന്ന് അവർ പറഞ്ഞു. വഴിയോരങ്ങളിലെ തണൽമരങ്ങളുടെ ചുവട്ടിൽ വിശ്രമിക്കുന്നവരുടെ മുന്നിലേക്ക് സ്ഥാനാർത്ഥി ചെന്നപ്പോൾ പഴയ കേന്ദ്രമന്ത്രിയോടൊത്ത് സെൽഫിയെടുക്കണമെന്നായി യുവാക്കൾ. ഒരു പഴയകാല പ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു. അഭിഭാഷകവൃത്തിയിലെ ഗുരു ടി.ആർ. രാമൻപിള്ളയുടെ തറവാട്ടിലെത്തിയ പി.സിയെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു. വിഷുക്കൈ നീട്ടവും നൽകിയാണ് ഗുരുപത്നി യാത്രയാക്കിയത്. മരങ്ങാട്ടുപിള്ളിയിലെ പ്രവർത്തക കൺവെൻഷനിൽ പങ്കെടുത്തശേഷം, വൈകിട്ട് നടന്ന പ്രധാനമന്ത്രിയുടെ ' ഞാനും കാവൽക്കാരനാണ് ' എന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. നാലാം തീയതിയാണ് പി.സി തോമസ് നാമനിർദേശപത്രിക നൽകുന്നത്.