വൈക്കം : പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി വടക്കുപുറത്ത് കളംപാട്ടിന്റെ കാൽനാട്ട് കർമ്മവും ദീപ പ്രകാശനവും മള്ളിയൂർ ദിവാകരൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്താണ് കാൽനാട്ടിയത്. വെളിച്ചപ്പാട് അടയാളപ്പെടുത്തിയ മരം നിലം തൊടാതെ മുറിച്ചെടുത്ത് ആഘോഷപൂർവം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തിന്റെ വടക്കേമുറ്റത്ത് ഭദ്രകാളിയുടെ വലിയ കളം വരച്ച് കളം പാട്ടും പൂജയും നടത്തും. 5 ന് രാത്രി 8 നാണ് ആചാര വിധി പ്രകാരമുള്ള കളം പൂജ, തിരി ഉഴിച്ചിൽ, എതിരേല്പ് എന്നിവ നടത്തുന്നത്. തേരോഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളമെഴുത്തും പാട്ടും. കാൽനാട്ട് ചടങ്ങിൽ മേൽശാന്തി ആർ.ഗിരീഷ്, ദേവസ്വം പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ, സെക്രട്ടറി എൻ.എൻ. രാജേഷ്, ട്രഷറർ കെ.എൻ.സന്തോഷ്, ഒ.എ.വിജയൻ , കെ.വി.ബാലചന്ദ്രൻ, മഹിളാസമിതി പ്രസിഡന്റ് ഗീത മനോഹരൻ, സെക്രട്ടറി പത്മ കരുണാകരൻ എന്നിവർ നേതൃത്വം നല്കി.