ജലസമ്പന്നമായിരുന്നു ഒരുകാലത്ത് നമ്മുടെ കിണറുകൾ. നഗരവത്കരണവും, നിലംനികത്തലും കുഴൽക്കിണർ - കുപ്പിവെള്ള മാഫിയയുമെല്ലാം ചേർന്ന് നമ്മുടെ കിണറുകളുടെ കണ്ണിൽ മണ്ണിട്ടു എന്നതാണ് നേര് . ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും പ്രധാന കുടിവെള്ള സ്രോതസാണ് ഇവ. പണ്ടുകാലത്ത് വേനലിൽപ്പോലും കിണറുകൾ വറ്റിയിരുന്നില്ല. കാലം കടുത്തു, വേനലും. കിണറുകളാകെ വറ്റിത്തുടങ്ങി. ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞതും പെയ്യുന്ന മഴ മുഴുവൻ ഒഴുകിപ്പോകുന്നതുമാണ് കിണറുകളിലെ നീര് വറ്റിച്ചു കളഞ്ഞത്. ജലനിധിയുടെ ശേഖരപ്പുരകളായ കിണറുകളെ വീണ്ടെടുക്കാൻ ശ്രമിക്കണം.
കിണർ റീചാർജ്
പുരപ്പുറങ്ങളിലും പറമ്പുകളിലും വീഴുന്ന മഴയെ കിണറുകളിൽ എത്തിക്കുകയാണ് കിണർ റീചാർജിംഗിലൂടെ. ശുദ്ധമായ മഴവെള്ളത്തെ കിണറുകളിലേക്കെത്തിച്ച് അവയെ ജലസമ്പന്നമാക്കുന്നതാണ് രീതി. പുരപ്പുറങ്ങളിലെ മഴവെള്ളം ശുദ്ധീകരിച്ച് നേരിട്ട് കിണറുകളിലെത്തിക്കാം. പറമ്പുകളിലെ മഴവെള്ളം കിണറുകൾക്ക് സമീപം താഴ്ത്താം. ടെറസ് വീടുകൾക്ക് മുകളിൽ വീഴുന്ന വെള്ളം താഴേക്ക് കൊണ്ടുവന്ന് പുറംതള്ളുന്നതിനുള്ള പൈപ്പ് ഉണ്ടാകുമല്ലോ. അവയിൽ അധികമായി പൈപ്പുകൾ ഘടിപ്പിച്ച് കിണർ റീചാർജിംഗിന് ഉപയോഗിക്കാം. ചരിഞ്ഞ മേൽക്കൂരയാണെങ്കിൽ പുരപ്പുറങ്ങളിലെ വെള്ളം ശേഖരിക്കാൻ മേൽക്കൂരയ്ക്ക് താഴെ പാത്തികൾ ഘടിപ്പിക്കണം. നെടുകെ മുറിച്ചിട്ടുള്ള പാത്തികൾ മാർക്കറ്റിൽ ലഭ്യമാണ്. പി.വി.സി, അലൂമിനിയം, മുള എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് പാത്തികൾ സജ്ജമാക്കാം. പുരപ്പുറത്ത് വീഴുന്ന വെള്ളം പാത്തികളിലൂടെ താഴെയെത്തും.
ആദ്യ മഴയെ ഒഴുക്കിക്കളയാം
ശുദ്ധീകരണ ടാങ്കിന് തൊട്ടുമുൻപ് ഘടിപ്പിക്കുന്ന ഒരു T ആകൃതിയിലുള്ള പൈപ്പിന്റെ സഹായത്താൽ മലിനജലം പുറത്തേക്ക് ഒഴുക്കിക്കളയാം. വെള്ളം പോകുന്ന ലൈനിൽ സജ്ജമാക്കുന്ന T പൈപ്പ് തുറന്നിരുന്നാൽ മഴവെള്ളം ഭൂമിയിലേക്ക് പോകും. പുരപ്പുറങ്ങൾ വൃത്തിയായിക്കഴിയുമ്പോൾ T പൈപ്പ് അടച്ച് ശുദ്ധീകരണ സംവിധാനത്തിലേക്ക് മഴവെള്ളം പ്രവേശിക്കാൻ അനുവദിക്കാം.
കൃത്രിമ ജലസംഭരണികൾ
പുരപ്പുറങ്ങളിൽ വീഴുന്ന മഴവെള്ളം ചല്ലി, മണൽ, ചിരട്ടക്കരി എന്നിവ ഉപയോഗിച്ചുള്ള അരിപ്പകളിലൂടെ അരിച്ച് ടാങ്കുകളിൽ സൂക്ഷിക്കാം. ടാങ്കുകൾക്കുള്ളിൽ സൂര്യപ്രകാശം കടക്കാതിരുന്നാൽ ഈ ജലം നാല് വർഷം വരെ കേടുകൂടാതെയിരിക്കും. ഫെറോസിമന്റ് സാങ്കേതികവിദ്യ (ചിക്കൻ മെഷ്, വെൽഡ്മെഷ്, സിമന്റ്, മണൽ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ടാങ്ക് ) താരതമ്യേന ചെലവ് കുറവായിരിക്കും. വിവിധയിനം ടാങ്കുകൾ, ഫൈബർ ടാങ്കുകൾ, കൃത്രിമ കുളങ്ങൾ എന്നിവയിലും പുരപ്പുറങ്ങളിലെ മഴവെള്ളം ശേഖരിക്കാം. കുടിവെള്ളമൊഴികെ മറ്റ് ആവശ്യങ്ങൾക്ക് ഈ വെള്ളം ശുദ്ധീകരിക്കേണ്ടതില്ല.
അടിയണകൾ
ഭൂമിക്കടിയിൽ ഭൂഗർഭ അറകളായി അടിയണകൾ തയ്യാറാക്കുന്നതാണ് ഈ രീതി. ഈ അടിയണകൾക്ക് മുകൾഭാഗത്ത് കൂടുതൽ ജലം സംരക്ഷിക്കാം.
കുളങ്ങളുടെ സംരക്ഷണം
ഒരുകാലത്ത് ജലസേചനത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നവയാണ് കുളങ്ങൾ. എന്നാൽ ഇവ മാലിന്യം തള്ളാനുള്ള കുഴികളായി അധ:പ്പതിക്കുന്ന സങ്കടക്കാഴ്ചകളാണ് കേരളമെങ്ങും. വ്യാപകമായി നികത്തിയും നമ്മൾ നിരവധി കുളങ്ങൾ ഇല്ലാതാക്കി. സമീപപ്രദേശങ്ങളിലെ കിണറുകളുടെ ജലസമ്പന്നത ഉറപ്പാക്കുന്നതിലും കുളങ്ങൾ വഹിച്ചിരുന്ന പങ്ക് വളരെ വലുതാണ്. സ്വകാര്യ കുളങ്ങളും പൊതുകുളങ്ങളും പുനരുദ്ധരിക്കുന്നതിലൂടെ ജലക്ഷാമം പരിഹരിക്കാം. ആഴംകൂട്ടിയും മാലിന്യങ്ങൾ നീക്കം ചെയ്തും ഇവയെ ജലസംഭരണികളാക്കി നിലനിറുത്താം. കുളങ്ങളുടെ വശങ്ങൾ കെട്ടുമ്പോൾ നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
നീരുറവ സംരക്ഷണം
മലയോര മേഖലകളിലെ നീരുറവകൾ മലിനമാകുന്നതും അടഞ്ഞു പോകുന്നതും ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട്. മാലിന്യവിമുക്തമാക്കിയും സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയും ഇവയ്ക്ക് ജീവൻ നൽകാം.
പോഷണക്കുഴികൾ
വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ മുറ്റങ്ങളിൽ ഒരു വശത്തായി തയാറാക്കുന്നവയാണ് പോഷണകുഴികൾ. മുറ്റത്ത് വീഴുന്ന മഴവെള്ളം ഈ പോഷണക്കുഴികളിലൂടെ ഭൂമിയിലേക്ക് ഇറക്കാം. വീതി കുറച്ച് നീളവും ആഴവും കൂട്ടി ചതുരാകൃതിയിലും വൃത്താകൃതിയിലും കുഴികൾ തയ്യാറാക്കാം. മുകൾഭാഗത്ത് ഗ്രില്ലുകൾ ഘടിപ്പിക്കാം. ചെറിയ കുഴികളാണെങ്കിൽ പ്ലാസ്റ്റർ ചെയ്തശേഷം രണ്ടോ മൂന്നോ പി.വി.സി പൈപ്പുകൾ താഴേക്ക് കടത്തി ജലം മണ്ണിലേക്ക് വിടാവുന്നതാണ്. ജലം ഊർന്നിറങ്ങുന്ന പ്രദേശമാണെങ്കിൽ പൈപ്പുകൾ വേണ്ടിവരില്ല. കുഴികളിൽ അരിപ്പ സംവിധാനം തീർത്താൽ വെള്ളം കിണറുകളിലെത്തിക്കാം.
വേനൽക്കാലങ്ങളിൽ പോഷണകുഴികൾ സുരക്ഷിതമായി മൂടിയിടണം. മഴവെള്ളം വീഴുന്നിടത്തു തന്നെ താഴ്ത്തിയാൽ ഉപരിതല നീരൊഴുക്ക് കുറയ്ക്കാം. വേനലിൽ ജലസ്രോതസുകൾ വറ്റില്ല. വെള്ളപ്പൊക്കത്തെയും വരൾച്ചയെയും നേരിടാനുമാവും.
വേണം നമുക്ക് കാവുകൾ
നാട്ടിൻപുറങ്ങളിലെ കാവുകൾ ഐശ്വര്യത്തിന്റെ അടയാളങ്ങളായിരുന്നു. പലതരം ജീവജാലങ്ങളാൽ സമൃദ്ധമായിരുന്നു ഈ 'ഇളംകാടുകൾ'. കരിയിലകൾ മൂടിക്കിടക്കുന്ന കാവുകൾ ഭൂമിയെ നീരുറവയാൽ സമ്പന്നമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. കാവുകളുള്ള സ്ഥലങ്ങളിലെ കിണറുകൾ ജലസമൃദ്ധവുമായിരുന്നു. കരിയിലകളിൽ വീഴുന്ന ജലം പെട്ടെന്ന് വറ്രിപ്പോവുകയോ ബാഷ്പീകരിക്കപ്പെടുകയോ ഒഴുകിപ്പോവുകയോ ചെയ്യുന്നില്ല. ഇലകളിൽ തങ്ങിനിൽക്കുന്ന ജലം അരിച്ചരിച്ച് ഭൂമിയിലേക്കിറങ്ങുന്നു. ഇങ്ങനെയാണ് കാവുകൾ ഭൂഗർഭജലം വർദ്ധിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിരുന്നത്. കാവുകളുടെ നാശം ഭൂമിയുടെ ജലസമൃദ്ധിയും ഇല്ലാതാക്കി.
ജലത്തിന്റെ ജീവനെടുക്കരുത്
നദികൾ, തോടുകൾ, കായലുകൾ, കുളങ്ങൾ, കനാലുകൾ എന്നിവ വ്യാപകമായി മലിനമാക്കുന്നത് ജലസുരക്ഷ ഇല്ലാതാക്കുന്നു. ജലമലിനീകരണം ഒഴിവാക്കിയും ജലസ്രോതസുകളെ സംരക്ഷിച്ചും വേണം നാളേക്കായി ജലം കരുതാൻ. ഇതിനായി നശിച്ച കുളങ്ങൾ നവീകരിക്കാം, കിണറുകൾ സംരക്ഷിക്കാം , പെയ്യുന്ന മഴയെ ഒഴുക്കിക്കളയാതെ ഭൂമിയിൽ താഴാൻ അനുവദിക്കുക.
കരുതാം വേനൽമഴയെ
വേനൽക്കാലം ജലസമ്പന്നമല്ലാത്തതിനാൽ ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിക്കണം. വേനൽമഴയെ ടാങ്കുകളിലും കിണറുകളിലും ശേഖരിക്കാം. കുളങ്ങൾ, നദികൾ, തോടുകൾ എന്നിവയുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴവെള്ളം താഴ്ത്തണം. ഇതിനുള്ള പദ്ധതി തൊഴിലുറപ്പുമായി ബന്ധപ്പെടുത്തി നടത്താവുന്നതാണ്. ക്വാറികളും ജലാശയങ്ങളും വൃത്തിയാക്കി പരമാവധി ജലസംഭരണം ഉറപ്പാക്കാൻ അധികാരികളും ശ്രദ്ധവയ്ക്കണം. വേനൽമഴയുടെ സമയം മുൻകൂട്ടി നിശ്ചയിക്കാൻ സാദ്ധ്യമല്ലാത്തതു കൊണ്ട് വേനൽ തുടങ്ങുമ്പോൾത്തന്നെ മഴശേഖരണത്തിനുള്ള പദ്ധതികളും തുടങ്ങണം. കേരളത്തിൽ പെയ്യുന്ന മഴയുടെ മൂന്നിലൊന്ന് സംഭരിക്കാനായാൽപ്പോലും നമുക്ക് കുടിവെള്ളക്ഷാമം നേരിടുകയില്ല.
സംസ്ഥാനത്ത് 2018 ൽ പെയ്ത മഴ ( മില്ലി മീറ്റർ )
അളവ് ശരാശരി വ്യതിയാനം
ശൈത്യകാല മഴ (ജനുവരി 1 - ഫെബ്രുവരി 28) 17.1 മി. മീ 24.4 30 ശതമാനം കുറവ്
വേനൽമഴ ( മാർച്ച് 1 - മേയ് 31 ) 521 . 8 379.9 37 ശതമാനം കൂടുതൽ
ഇടവപ്പാതി ( ജൂൺ 1 - സെപ്തംബർ 30 ) 2515.7 2039.7 23 ശതമാനം കൂടുതൽ
തുലാവർഷം ( ഒക്ടോ 1 - ഡിസം 31) 465.5 480.7 3 ശതമാനം കുറവ്
മൊത്തം മഴ 3520.1 2924.7
നാളെ : മഴവെള്ള സംഭരണി ; ഉത്തരവിലുണ്ട് വീടുകളിൽ ഇല്ല