താഴ്ന്നിറങ്ങാൻ ഒരു പഴുതുപോലും കൊടുക്കാതെ നമ്മൾ പറഞ്ഞയച്ച ഓരോ മഴയ്ക്കും നൽകേണ്ടിവരുന്ന വൻവിലയാണ് ഈ കൊടുംവരൾച്ച. പ്രായശ്ചിത്തമായി ഒരായിരം മഴയ്ക്ക് ഇരിപ്പിടമൊരുക്കണം. ഭൂമിയുടെ ഉള്ളറകൾക്ക് നേരെ കൊട്ടിയടച്ചുകളഞ്ഞ വാതിലുകൾ ഒന്നൊന്നായി മലർക്കെ തുറക്കണം. പെയ്തിടത്ത് ഊർന്നിറങ്ങുന്ന മഴവെള്ളത്തിന് മാത്രമേ ഭൂഗർഭം നിറയ്ക്കാനാകൂ. ഈ നേരിന് നേരെ ഇനി കണ്ണടയ്ക്കരുത്. കുടിവെള്ളം ഉൾപ്പടെ ഒരു വർഷം കേരളത്തിനാവശ്യമായ ജലം 88.3 കോടി ഘനമീറ്ററാണ്. അതേസമയം അതിസമ്പന്നമായ മഴക്കാലമാണ് ഓരോ വർഷവും കേരളത്തെ കടന്നുപോകുന്നത്. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള വീടിന് മുകളിൽ ശരാശരി മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം ലിറ്റർ മഴ പ്രതിവർഷം പെയ്തുവീഴുന്നുണ്ട്. ഈ ജലം സംഭരിച്ച് സൂര്യപ്രകാശം കടക്കാത്ത ടാങ്കുകളിൽ സൂക്ഷിച്ചാൽ നാലുവർഷം വരെ കേടുകൂടാതെയിരിക്കും!
കേരളത്തിൽ പ്രതിവർഷം ശരാശരി മൂവായിരം മില്ലി മീറ്റർ മഴ ലഭിക്കുന്നുണ്ട്. ഒരു ഹെക്ടർ ഭൂമിയിൽ ഒരു കോടി ഇരുപത് ലക്ഷം ലിറ്റർ മഴയാണ് വന്നുവീഴുന്നത്. ഇവ പ്രയോജനപ്പെടുത്തി കിണറുകളുടെ ജലശേഷി വർദ്ധിപ്പിക്കാം.
പെയ്യുന്ന മഴയുടെ 92 ശതമാനവും 44 മണിക്കൂറിനുള്ളിൽ കടലിലേക്ക് ഒഴുകിപ്പോകുന്നു. ഇനി ഊഹിക്കാമോ വർഷത്തിൽ 110 ദിവസം മഴ ലഭിക്കുന്ന സംസ്ഥാനത്തിന്റെ ജലനഷ്ടം എത്രയെന്ന് ! ഭൂമിയുടെ ചരിവ്, മണ്ണിന്റെ കനത്തിലെ കുറവ്, വനനാശം, വയൽനികത്തൽ, കുന്നിടിക്കൽ, വയലുൾപ്പടെ തണ്ണീർത്തടങ്ങളുടെ നികത്തൽ, കാവുകളുടെ നാശം, അശാസ്ത്രീയ കൃഷിരീതികൾ , മണ്ണ് സംരക്ഷണത്തിലെ കുറവ് തുടങ്ങിയവയെല്ലാം മഴവെള്ളം പാഴാക്കുന്ന ഘടകങ്ങളാണ്.
മഴക്കുഴി നിർമ്മാണം
മഴക്കുഴികൾ നിർമ്മിച്ച് പരമാവധി ജലം ഭൂമിയിലേക്കെത്തിക്കാം. മഴക്കുഴികളുള്ള പറമ്പുകളിൽ ജലശേഷി കൂടുതലായിരിക്കും. മേൽമണ്ണ് നഷ്ടമാവുകയുമില്ല. വെള്ളക്കെട്ട് പ്രദേശങ്ങൾ, കളിമൺ പ്രദേശങ്ങൾ, ചരിവ് കൂടിയ മേഖലകൾ എന്നിവിടങ്ങളിൽ മഴക്കുഴികൾ നിർമ്മിക്കരുത്. ചരിവ്കൂടിയ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടാകാനും തീരപ്രദേശങ്ങളിൽ മഴക്കുഴികളിൽ വെള്ളം അധികസമയം കെട്ടിനിൽക്കാനും സാധ്യതയുണ്ട്. ഇടനാട് , മലനാട്ടിലെ ചരിവ് കുറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴക്കുഴികൾ നിർമ്മിക്കാം. മഴയ്ക്ക് മുമ്പോ ആരംഭത്തിലോ മഴക്കുഴിയൊരുക്കാം. മഴക്കുഴികൾ പരമാവധി ഒരേ ഉയരത്തിൽ കിടക്കുന്ന പ്രദേശങ്ങൾക്ക് സമാന്തരമായിരിക്കണം. ചരിവിന് കുറുകെ ഇടവിട്ടുവേണം നിർമ്മാണം. ചരിവ് കുറഞ്ഞ പ്രദേശങ്ങളിലും മിതമായ ചരിവ് പ്രദേശങ്ങളിലും വ്യാപകമായി മഴക്കുഴികൾ തയ്യാറാക്കാം
.
ഒരു മീറ്റർ ആഴവും ഒരു മീറ്റർ വീതിയും ഒരു മീറ്റർ നീളവുമുള്ള ഒരു മഴക്കുഴി ചരിവ് കുറഞ്ഞ പ്രദേശത്ത് നിർമ്മിച്ചാൽ ഒരു ദിവസം ഏകദേശം മൂന്ന് ഘനമീറ്റർ ജലം ആഴ്ന്നിറങ്ങും. കൃഷിഭൂമിയിലെ വിളകളുടെ സ്വഭാവമനുസരിച്ച് മഴക്കുഴികളുടെ എണ്ണവും വലിപ്പവും ക്രമപ്പെടുത്തണം. ചരിവ് കുറഞ്ഞ പ്രദേശങ്ങളിൽ ഒരു കുഴിയ്ക്ക് 1.5 മീറ്റർ നീളവും 6.6 മീറ്റർ വീതിയും 6.75 മീറ്റർ ആഴവും ആവശ്യമാണ്. മിതമായ ചരിവ് പ്രദേശങ്ങളിൽ പരമാവധി നീരൊഴുക്ക് സംരക്ഷിച്ച് ഭൂമിയിലേക്ക് അയയ്ക്കാം.
മഴക്കുഴി തയ്യാറാക്കുമ്പോൾ
* ചരിവ് കുറഞ്ഞ പ്രദേശങ്ങളിൽ കൂടുതൽ കുഴികൾ
* ചരിവ് കൂടിയ പ്രദേശങ്ങളിൽ മഴക്കുഴികൾ പാടില്ല.
* കിണറുകൾ, കുളങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിവയുടെ ഉയർന്ന ചരിവിലാവണം മഴക്കുഴികൾ.
* മണ്ണിന് ഇളക്കമുള്ള പ്രദേശങ്ങളിൽ കിണറുകൾക്ക് വളരെയടുത്ത് കുഴികൾ നിർമ്മിക്കരുത്.
* കുഴികളിൽ നിന്നെടുക്കുന്ന മണ്ണ് കുഴികളുടെ താഴെഭാഗത്ത് രണ്ടു വശങ്ങളിലായി ഇട്ടാൽ കൂടുതൽ ഉറപ്പ് ലഭിക്കും.
* മുകളിൽ നിന്ന് താഴേക്ക് എന്ന ക്രമത്തിൽ ഇടവിട്ടുള്ള പ്രദേശങ്ങളിലായിരിക്കണം നിർമ്മാണം.
* പുരയിടങ്ങളുടെ അതിർത്തികളിലെ കുഴികളിൽ നിന്ന് മണ്ണെടുത്ത് കയ്യാലകൾ ബലപ്പെടുത്താം.
* കുഴികളിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്.
* മഴക്കുഴികളിൽ കൊതുക് വളരില്ല. മൂന്ന് ദിവസമെങ്കിലും ജലം കെട്ടിനിന്നാൽ മാത്രമേ കൊതുകുണ്ടാകൂ. മഴക്കുഴികളിലെ ജലം പരമാവധി രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ താഴും.
* ജലം കെട്ടിനിൽക്കാനിടയുള്ള സ്ഥലത്ത് മഴക്കുഴി നിർമ്മിക്കരുത്.
ഗ്രിൽ അറകൾ
മുറ്റങ്ങളുടെ വശങ്ങളിലായി നീളത്തിൽ കുഴിയെടുത്ത് (വീതികുറഞ്ഞ ചാലുകൾ ) ജലം ഭൂമിയിലേക്ക് വിടാം. മുകൾഭാഗത്തെ മണ്ണ് വീതിക്ക്, താഴ്ചയില്ലാതെ മാറ്റി താഴേക്ക് കുറേ ഭാഗം സിമന്റിടുക (ഉറപ്പു മണ്ണുള്ള സ്ഥലങ്ങളിൽ ഇതിന്റെ ആവശ്യമില്ല) തുടർന്ന് ചാലുകളൊഴിച്ചുള്ള ഭാഗം ഉയർത്തി തറനിരപ്പിന് സമാന്തരമായി ഇരുമ്പു കമ്പികൾ/ ഇരുമ്പു പൈപ്പുകൾ എന്നിവ ഗ്രില്ലുകൾ പോലെ നിരത്തി ഉറപ്പിക്കണം. ഉപയോഗശൂന്യമായ ചുടുകല്ല്, ചല്ലി എന്നിവയും ചാലുകളിൽ നിറയ്ക്കാം. ഗ്രില്ലറകളുടെ താഴെഭാഗങ്ങളിൽ ഘടിപ്പിക്കുന്ന പൈപ്പുകളുടെ സഹായത്താൽ വെള്ളം പുരയിടത്തിലെത്തിക്കാം.
(നാളെ : കുടിനീർ സമ്പന്നമാകട്ടെ വീടും നാടും )