നെഹ്റുവിനുശേഷം ആര് ? ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിൽ ദശലക്ഷം ഡോളർ വിലയുള്ള ചോദ്യമായിരുന്നു ഇത്. മകൾ ഇന്ദിരയെ തന്റെ പിൻഗാമിയാക്കണമെന്നായിരുന്നു നെഹ്റുവിന് താത്പര്യം. മകൾ എന്നും നെഹ്റുവിന് ഒരു ദൗർബല്യമായിരുന്നു. എന്നാൽ നെഹ്റുവിന്റെ പിൻഗാമിയാകാൻ എല്ലാ കരുക്കളും നീക്കിയ മറ്റൊരാളുണ്ടായിരുന്നു. മൊറാർജി ദേശായ്. ലാൽബഹാദൂർശാസ്ത്രിയേക്കാൾ പ്രധാനമന്ത്രി സ്ഥാനത്തെത്താൻ യോഗ്യൻ താൻ തന്നെയാണെന്ന് മൊറാർജി ഉറച്ച് വിശ്വസിക്കുകയും അദ്ദേഹത്തിന്റെ മകൻ കാന്തിദേശായ് അതിനായി ചരടുവലി നടത്തുകയും ചെയ്തിരുന്നു. ഇന്ദിരയിൽ ഒരു എതിരാളിയെ മൊറാർജി കണ്ടിരുന്നില്ല.
പ്രശസ്ത പത്ര പ്രവർത്തകൻ അന്തരിച്ച കുൽദീപ് നയ്യാരുടെ ഈയിടെ പുറത്തിറങ്ങിയ 'ഓൺ ലീഡേഴ്സ് ആൻഡ് ഐക്കൺസ്-ഫ്രം ജിന്നാ ടു മോദി" എന്ന പുസ്തകത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പല രാഷ്ട്രീയ സംഭവവികാസങ്ങളും അനാവരണം ചെയ്യുന്നു.നയ്യാരുടെ മരണശേഷം പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് വിട്ടു നിന്നത് വാർത്തയായിരുന്നു.
നെഹ്റുവിന്റെ പിൻഗാമിയായി ഇന്ദിര വരുമെന്ന് നയ്യാർ ചൂണ്ടിക്കാട്ടിയപ്പോൾ മൊറാർജിയുടെ പ്രതികരണം " ആ മുതിർന്നവരെ ബഹുമാനിക്കാത്ത കൊച്ചു പെണ്ണോ"എന്നായിരുന്നു.
നെഹ്റുവിന്റെ ആരോഗ്യം പ്രശ്നമായപ്പോൾ തന്നെ ലാൽ ബഹാദൂർ ശാസ്ത്രിയോട് പ്രധാനമന്ത്രിയാകാൻ ഒരുങ്ങിക്കോളുവെന്ന് കുൽദീപ് നയ്യാർ പറഞ്ഞിരുന്നു. നെഹ്റുവിന്റെ മനസ്സിൽ പുത്രിയല്ലാതെ മറ്റാരുമില്ലെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.നെഹ്റുവിന്റെ മരണശേഷം ഏകാഭിപ്രായത്തിലൂടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് മുന്നോട്ടു വന്നെങ്കിലും മൊറാർജി വഴങ്ങിയില്ല.ഈ അവസരത്തിൽ നെഹ്റുവിന്റെ പിൻഗാമിയാകാൻ മൊറാർജി ശ്രമിക്കുന്നുണ്ടെന്ന വാർത്ത കുൽദീപ് നയ്യാർ റിപ്പോർട്ട് ചെയ്തു. ഇതോടെ കോൺഗ്രസിലെ ഭൂരിഭാഗവും മൊറാർജിക്ക് എതിരായി.അതോടെ ശാസ്ത്രിയെ പിൻഗാമിയായി നിയമിക്കാൻ കാമരാജിന് കാര്യങ്ങൾ എളുപ്പമായി.ശാസ്ത്രി ഏതു പൂട്ടും തുറക്കാൻ പറ്റിയ താക്കോലാണെന്ന് കാമരാജിന് അറിയാമായിരുന്നു.പിൻഗാമിയെക്കുറിച്ച് ചർച്ച ചെയ്ത അവസരത്തിൽ ശാസ്ത്രിയുടെയും ഇന്ദിരയുടെയും പേരുകൾ നെഹ്റു സൂചിപ്പിച്ചിരുന്നതായി കാമരാജ് പറഞ്ഞിട്ടുണ്ടെന്ന് നയ്യാർ എഴുതുന്നു.നെഹ്റുവിന്റെ ഉറ്റ അനുയായികൾ ഇന്ദിരയെ അടുത്ത പ്രധാനമന്ത്രിയാക്കാൻ ശ്രമിച്ചെങ്കിലും പൊതു സ്വീകാര്യത ശാസ്ത്രിക്കായിരുന്നു. സത്യസന്ധനായ രാഷ്ട്രീയ നേതാവായ കാമരാജിന്റെ മനസ്സിൽ ശാസ്ത്രിയും ഇന്ദിരയും ഉണ്ടായിരുന്നു.രണ്ടുപേരെയും ആ പദവികളിൽ എത്തിക്കുന്നതിൽ കാമരാജ് നിർണായക പങ്കുവഹിച്ചു.രണ്ടവസരങ്ങളിലും മൊറാർജി പിന്തള്ളപ്പെട്ടു.മൊറാർജിയെ കാമരാജിനും താത്പര്യമില്ലായിരുന്നു. മൊറാർജിയുടെ സ്വഭാവത്തിന് മറ്റൊരു ഉദാഹരണം കൂടി. ജനതാ സർക്കാർ അധികാരത്തിൽ വന്ന് ഏതാനും മാസത്തിനുശേഷം അതിന്റെ ശില്പിയായ ജയപ്രകാശ് നാരായണൻ അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി.എന്നാൽ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ പ്രധാനമന്ത്രി മൊറാർജിയടക്കം ആരും എത്തിയിരുന്നില്ല.ഇത് ജെ.പിയെ വല്ലാതെ വേദനിപ്പിച്ചു.എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ നയ്യാരോട് മൊറാർജി ക്ഷുഭിതനായി. 'ഗാന്ധിയെ ഞാൻ അങ്ങോട്ടുപോയിക്കണ്ടിട്ടില്ല.അതിലും വലിയ ആളൊന്നുമല്ലല്ലോ..ജെ.പി."-മൊറാർജിയുടെ പ്രതികരണം നയ്യാരെ ഞെട്ടിച്ചു.
നെഹ്റു സ്ട്രോക്കിനെ തുടർന്ന് വിശ്രമത്തിലായപ്പോൾ നെഹ്റുവിന് മാർക്ക് ചെയ്തുവരുന്ന ഫയലുകൾ ശാസ്ത്രിയാണ് നോക്കിയിരുന്നത്.ഇന്ദിരയ്ക്ക് ഇതിഷ്ടമായിരുന്നില്ല.പ്രധാന ഫയലുകൾ ശാസ്ത്രിക്കു നൽകും മുമ്പെ തന്നെ കാണിക്കണമെന്ന് അവർ നിഷ്കർഷിച്ചു.ഇതറിഞ്ഞെങ്കിലും ശാസ്ത്രി അതിൽ പ്രതിഷേധിച്ചില്ല. രോഗബാധിതനായ നെഹ്റുവിനെക്കാണാൻ ഒരിക്കൽ അദ്ദേഹത്തിന്റെ ഇൻഫർമേഷൻ ഓഫീസറായ നയ്യാർ തീൻമൂർത്തിഭവനിലെത്തി.അപ്പോൾ നെഹ്റുവിനെക്കാണാൻ ഒരു മണിക്കൂറിലധികമായി ശാസ്ത്രി താഴെക്കാത്തിരിപ്പുണ്ടായിരുന്നു.ഈ വിവരം നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ.കെ.ശേഷനോട് നയ്യാർ പറഞ്ഞു.ശേഷന്റെ മറുപടി ഇതായിരുന്നു.ഞാൻ രണ്ടുതവണ കുറിപ്പ് കൊടുത്തയച്ചു.അവർ(ഇന്ദിര) വിളിക്കാതിരുന്നാൽ എനിക്കെന്ത് ചെയ്യാനാകും. അവരുടെ ഈ കാര്യങ്ങളിലൊന്നും ഇടപെടരുതെന്ന ഉപദേശവും ശേഷൻ നയ്യാർക്ക് നൽകി.
നെഹ്റു മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ പന്ത് മരിച്ചപ്പോൾ ആ പദവിയിലേക്ക് വാണിജ്യ മന്ത്രിയായ ശാസ്ത്രിയെ നെഹ്റു അവരോധിച്ചു.പന്തിന്റെ സ്റ്റാഫിൽ നിന്ന് രണ്ട് പേരെയാണ് ശാസ്ത്രി ആവശ്യപ്പെട്ടത്.ഒന്ന് ഡ്രൈവർ.രണ്ട് പന്തിന്റെ പ്രസ് ഇൻഫർമേഷൻ ഓഫീസറായ കുൽദീപ് നയ്യാരെ.ശാസ്ത്രിയുമായി അന്ന് തുടങ്ങിയ അടുപ്പമാണ്.(കുൽദീപ് നയ്യാർ നെഹ്റുവിന്റെ പ്രസ് ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിരുന്നു)
താഷ്കെന്റ് ചർച്ചയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശാസ്ത്രിയോടൊപ്പം നയ്യാരും പോയിരുന്നു.അന്ന് ഒരുദിനം രാത്രി 11 കഴിഞ്ഞപ്പോൾ ഒരു റഷ്യൻ ഉദ്യോഗസ്ഥ നയ്യാരുടെ മുറിയിൽ വന്നു മുട്ടി. നിങ്ങളുടെ പ്രധാനമന്ത്രി മരിക്കാറായി.വേഗം ചെല്ലൂയെന്ന് അവർ പറഞ്ഞു.ശാസ്ത്രിയേയും പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ മുഹമ്മദ് അയൂബ് ഖാനെയും നയ്യാർ താമസിച്ചിരുന്ന താഷ്ക്കന്റ് ഹോട്ടലിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള ആഡംബരഹോട്ടലിലായിരുന്നു പാർപ്പിച്ചിരുന്നത്.നയ്യാർ അവിടെ പാഞ്ഞെത്തി. അപ്പോഴേക്കും ശാസ്ത്രി മരിച്ചുകഴിഞ്ഞു.
റഷ്യൻ പ്രധാനമന്ത്രി കോസിജിനാണ് 1965 ലെ ഇന്ത്യാ-പാക് പോരാട്ടം അവസാനിപ്പിച്ച് സമാധാനകരാറിൽ ഒപ്പിടാനായി ശാസ്ത്രിയെയും അയൂബ്ഖാനെയും നിർബന്ധിച്ച് താഷ്ക്കന്റിൽ എത്തിച്ചത്. നയ്യാർ അവിടെയെത്തിയപ്പോൾ കോറിഡോറിൽ കോസിജിൻ നിൽപ്പുണ്ടായിരുന്നു. കണ്ടപ്പോൾ ശാസ്ത്രി മരിച്ച വിവരം പറഞ്ഞു. മുറിയിൽ കയറി നോക്കിയപ്പോൾ വലിയ കിടക്കയിൽ ധോത്തിയിൽ പൊതിഞ്ഞ് ശാസ്ത്രിയുടെ മൃതദേഹം. ആ മുറിയിൽ ടെലഫോണോ കാൾബട്ടണോ ഉണ്ടായിരുന്നില്ല. ശാസ്ത്രിയുടെ സ്റ്റെനോയായ വെങ്കട്ടരാമൻ അതേക്കുറിച്ച് പറഞ്ഞത് കടുത്ത ഹൃദയാഘാതം ഉണ്ടായിട്ടും ഡോക്ടറെ വിളിക്കാനായി ശാസ്ത്രി തന്റെ മുറിവരെ നടന്നുചെന്നുവെന്നാണ്. തിരികെ കൊണ്ടുകിടത്തി ഡോക്ടറെ വിളിക്കുകയും ഇൻജക്ഷൻ നൽകുകയും ചെയ്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രത്യേക വിമാനത്തിൽ ശാസ്ത്രിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോയി.തൊട്ടു പിറകെ ഉദ്യോഗസ്ഥർക്കൊപ്പം നയ്യാരും മടങ്ങിയെത്തി.നയ്യാർ ശാസ്ത്രിയുടെ കുടുംബത്തിനു പ്രിയങ്കരനായിരുന്നു.ശാസ്ത്രിയുടെ വീട്ടിലെത്തിയ നയ്യാരെ ശാസ്ത്രിയുടെ ഒപ്പം ഉണ്ടാകാതിരുന്നതെന്താണെന്ന് ചോദിച്ച് ശാസ്ത്രിയുടെ ഭാര്യ ശകാരിച്ചു. 'എന്റെ ഭർത്താവിന് ആരോ വിഷം കൊടുത്തതാണ്. ശരീരം മുഴുവൻ നീലനിറമായിരിക്കുന്നു." അവർ വിതുമ്പലോടെ നയ്യാരോട് പറഞ്ഞു. ശാസ്ത്രിയുടെ സംസ്കാരം രാജ്ഘട്ടിൽ വേണമെന്നായിരുന്നു കുടുംബത്തിന്റെ താത്പര്യം.എന്നാൽ ഇന്ദിര ഇതിന് എതിരായിരുന്നു.ശാസ്ത്രിയെ അദ്ദേഹത്തിന്റെ നാടായ അലഹാബാദിൽ അടക്കാമെന്നായിരുന്നു ഇന്ദിരയുടെ വാദം. എന്നാൽ രാജ്ഘട്ടിൽ അടക്കിയില്ലെങ്കിൽ താൻ നിരാഹാരമിരിക്കുമെന്ന ശാസ്ത്രിയുടെ ഭാര്യയുടെ സമ്മർദ്ദത്തിനു മുന്നിൽ ഇന്ദിരയ്ക്കു വഴങ്ങേണ്ടിവന്നു. തുടർന്ന് ശാസ്ത്രിയുടെ സ്മൃഥി കുടീരത്തിൽ 'ജയ് ജവാൻ ജയ് കിസാൻ" എന്ന് രേഖപ്പെടുത്തുന്നതിനെയും ഇന്ദിര എതിർത്തു. ആത്മാഹൂതി ചെയ്യുമെന്ന ലളിതാശാസ്ത്രിയുടെ ഭീഷണിക്കു മുന്നിൽ വീണ്ടും ഇന്ദിര വഴങ്ങി.
ശാസ്ത്രിക്ക് വിഷം നൽകിയെന്ന വാദം ചർച്ചയ്ക്കു വിടാമെങ്കിലും മുമ്പ് രണ്ട് തവണ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല.മരണ ദിവസം ശാസ്ത്രി വളരെ വിഷണ്ണനായിരുന്നു.രണ്ട് ടെറിട്ടറികൾ പാകിസ്ഥാന് വിട്ടുനൽകിയതിന്റെ പേരിൽ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ കുടഞ്ഞിരുന്നു.നാട്ടിൽ ഭാര്യ ലളിതയെ(അമ്മയെന്നാണ് ശാസ്ത്രി ഭാര്യയെ വിളിച്ചിരുന്നത്) ടെലിഫോണിൽ വിളിച്ചിട്ടും ഈ വിഷയത്തിന്റെ പേരിൽ അവർ ഫോൺ എടുത്തതുമില്ല.അതിന്റെ വിഷമവും ശാസ്ത്രിക്കുണ്ടായിരുന്നു എന്നാൽ പിന്നീട് പാർലമെന്റിൽ വിദേശകാര്യമന്ത്രി സ്വരൺസിംഗ് ഇതേക്കുറിച്ച് വിശദീകരിച്ചപ്പോൾ ശാസ്ത്രി മരിച്ചുകിടന്ന മുറിയിൽ കാൾബട്ടൺ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്തിനായിരുന്നുവെന്ന് ഇന്നും മനസിലായിട്ടില്ലെന്ന് നയ്യാർ പറയുന്നു.
പത്രപ്രവർത്തകൻ ചരിത്രത്തോടൊപ്പമാണ് നടക്കുന്നതെന്ന് മുമ്പൊരിക്കൽ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ നയ്യാർ പറഞ്ഞതോർക്കുന്നു. ചരിത്രത്തിന് വെറും സാക്ഷിയായാൽ മാത്രം പോര അതിന്റെ ഉള്ളറകളിൽ എന്തു നടന്നുവെന്നുകൂടി അന്വേഷിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണചരിത്രത്തിന്റെ ഇടനാഴികളിലെ രഹസ്യങ്ങളുടെ കലവറയാണ് നയ്യാർ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്.