സ്വകാര്യ കുപ്പിവെള്ള കമ്പനികൾക്ക് മേൽ നിയന്ത്രണമില്ലാത്തത് സംസ്ഥാനത്തെ ജലചൂഷണം രൂക്ഷമാക്കുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമ്പോഴും യാതൊരു മാനദണ്ഡവുമില്ലാതെ കുപ്പിവെള്ളത്തിനാവശ്യമായ ജലം യഥേഷ്ടം ചൂഷണം ചെയ്യപ്പെടുകയാണ്.
പ്രതിദിനം 75 ലക്ഷം ലിറ്രർ കുപ്പിവെള്ളം വിപണിയിലെത്തുന്നുണ്ട്. 2016 ലെ കണക്കനുസരിച്ച് 142 കുപ്പിവെള്ള കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. രണ്ടെണ്ണം സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവയാണ്. സർക്കാർ വകുപ്പുകളും രംഗത്തുണ്ട്. വാട്ടർ അതോറിട്ടിയുടെ കുപ്പിവെള്ളവും വിപണിയിലെത്തി. 10 രൂപ മുതൽ 20 രൂപ വരെയാണ് ശരാശരി ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. ഒരു ലിറ്ററിന് ഏകദേശം മൂന്ന് രൂപയ്ക്ക് താഴെ മാത്രമാണ് ഉത്പാദനച്ചെലവ്. എന്നാൽ ഒരു കുപ്പി വെള്ളത്തിന് 20 രൂപ വരെയാണ് വില ! 2018 ഏപ്രിൽ രണ്ട് മുതൽ കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി നിജപ്പെടുത്തുമെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നെങ്കലും ഫലം കണ്ടില്ല.
1980 കളുടെ അവസാനം മിനറൽ വാട്ടർ എന്ന പേരിലാണ് കുപ്പിവെള്ളം വിപണിയിലെത്തിയത്. മാലിന്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ വരുമെന്ന് മനസിലാക്കി മിനറൽ വാട്ടർ എന്ന പേര് മാറ്റി ബോട്ടിൽഡ് ഡ്രിങ്കിംഗ് വാട്ടർ, പായ്ക്ക്ഡ് വാട്ടർ എന്നീ പേരുകളിലായി വില്പന. കുപ്പിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ ഉൾപ്പടെ നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഗുണനിലവാരത്തിനുള്ള ഏകീകൃത മാനദണ്ഡം ഉണ്ടാകേണ്ടിയിരിക്കുന്നു.
കുഴൽക്കിണർ ചൂഷണം
സംസ്ഥാനത്ത് യാതൊരു ശാസ്ത്രീയതയുമില്ലാതെ കുഴൽക്കിണറുകൾ വ്യാപകമാകുന്നു. കോടിക്കണക്കിന് ലിറ്റർ മഴവെള്ളം ഉപയോഗപ്പെടുത്താതെയാണ് ഭൂഗർഭജലത്തെ അശാസ്ത്രീയവും അനിയന്ത്രിതവുമായി ചൂഷണം ചെയ്യുന്നത്. നാലര ഇഞ്ച് മുതൽ ആറിഞ്ച് വരെ വ്യാസമുള്ള പൈപ്പുകൾ ഭൂമിക്കടിയിലേക്ക് കുഴിച്ച് താഴ്ത്തി 150 മുതൽ 1500 അടിവരെ എത്തിച്ചാണ് പലപ്പോഴും കുഴൽക്കിണറുകൾ വഴി വെള്ളമെടുക്കുന്നത്.
ഭൂമിക്കടിയിലെ പാറകളിലെ വിള്ളലുകളിൽ നിന്നാണ് കുഴൽക്കിണറുകളിലേക്കുള്ള വെള്ളം ശാസ്ത്രീയമായി എടുക്കേണ്ടത്. എന്നാൽ വെള്ളം ഭൂമിക്കടിയിൽ നിന്ന് ലഭിച്ച് തുടങ്ങുന്ന ഇടംവരെ മാത്രം ( ഇതിനും താഴെയായിരിക്കാം പാറകൾ ) കുഴിക്കുന്ന അശാസ്ത്രീയരീതി സമീപപ്രദേശങ്ങളിലെ ജലഉറവകളെപ്പോലും വറ്റിച്ചു കളയും. മഴവെള്ള സംഭരണത്തിന് വൻ സാദ്ധ്യതയുള്ളപ്പോൾ നടക്കുന്ന കുഴൽക്കിണർ നിർമ്മാണത്തിന് കടിഞ്ഞാണിടേണ്ടതാണ്.
ജലം ശ്രദ്ധിച്ച് ഉപയോഗിക്കാം
വീടുകളിൽ പൈപ്പുകളിലെയും ടാപ്പുകളിലെയും ചോർച്ച ഒഴിവാക്കുക.
ജലനിയന്ത്രണ വാൽവുകൾ സ്ഥാപിക്കുക.
സിങ്കിന് സമീപം ബക്കറ്റിൽ വെള്ളം പിടിച്ചുവച്ച് പാത്രം കഴുകുക.
ബാത്ത് ടബ്ബ്, ഷവർ എന്നിവയിലുള്ള കുളി ഒഴിവാക്കുക.
ടാപ്പ് തുറന്നിട്ട് ഷേവ് ചെയ്യുക, പല്ലു തേക്കുക എന്നിവ ഒഴിവാക്കുക.
ചെടി നനയ്ക്കാൻ പൈപ്പുവെള്ളവും ശുദ്ധവെള്ളവും ഉപയോഗിക്കരുത്
പൂന്തോട്ടം നനയ്ക്കാനും വാഹനം കഴുകാനും ഹോസിന് പകരം ബക്കറ്റും കപ്പും ഉപയോഗിക്കുക.
ചെടികൾ അതിരാവിലെയും സന്ധ്യയ്ക്കു ശേഷവും നനയ്ക്കുക.
വാഷിംഗ് മെഷീൻ ഉപയോഗം നിയന്ത്രിക്കുക.
ജലധാരായന്ത്രങ്ങൾ ഒരു കാരണശാലും ഉപയോഗിക്കരുത്.
കൃഷിക്ക് കണികാ ജലസേചനവും സ്പ്രിംഗ്ളർ ജലസേചനവും ഉപയോഗപ്പെടുത്തുക.
ഒരാവശ്യത്തിന് ഉപയോഗിച്ച ജലം മറ്റൊന്നിനു കൂടി ഉപയോഗിക്കുക.
പൊതുടാപ്പുകൾ പൊട്ടിയൊഴുകുന്നത് ഉടൻ അധികാരികളെ അറിയിക്കണം.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കരുത്. ടാങ്കുകെട്ടി വെള്ളം നിറച്ച് ഉപയോഗിക്കുകയും വേണം.
മഴവെള്ള സംഭരണി കർശനമാക്കും : മന്ത്രി
1500 ചതുരശ്രയടി മുതലുള്ള വീടുകൾക്ക് മഴവെള്ള സംഭരണി കർശനമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സുലഭമായി ലഭിക്കുന്ന മഴ നാം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. വരൾച്ചയെ നേരിടുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനും വേണ്ട എല്ലാ പരിശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. എന്നാൽ സർക്കാർ ശ്രമിച്ചതുകൊണ്ടു മാത്രം കാര്യമില്ല. മഴവെള്ള സംഭരണത്തിനും വരൾച്ചയെ പ്രതിരോധിക്കാനുള്ള നടപടികൾക്കും ജനങ്ങളുടെ പിന്തുണയുണ്ടാകണം. മഴവെള്ള സംഭരണി നിർമ്മിക്കുന്ന കാര്യത്തിൽ ജനങ്ങൾ വൈമുഖ്യം കാട്ടരുത്. വരുംവർഷങ്ങളിൽ ഉണ്ടാകാനിടയുള്ള രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന കാര്യം മറക്കരുത്.
വേണം ജലസംഭരണ സംസ്കാരം
ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിന് വരൾച്ചയെ പ്രതിരോധിക്കാൻ മൂർത്തമായ നടപടികളും ഇടപെടലുകളുമാവശ്യമാണെന്ന് ജല - പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. നിയമങ്ങൾ പുതിയതുണ്ടാക്കണം. കർശനമായി നടപ്പിലാക്കണം. വലിയ ജനകീയ യജ്ഞമായി മഴവെള്ള സാക്ഷരത സംസ്ഥാനത്ത് നടക്കണം. മഴവെള്ളത്തിന്റെ 10 ശതമാനമെങ്കിലും ശേഖരിച്ചാൽ ജലക്ഷാമം പരിഹരിക്കാം. ജനങ്ങൾക്ക് സൗജന്യമായി സാങ്കേതിക സഹായം നൽകിയാൽ കിണർ റീചാർജ് വ്യാപകമാക്കാം. മൂന്നുമാസത്തോളം വറ്റിവരണ്ടു പോകുന്ന കിണറുകളുടെ ജലശേഷി വർദ്ധിപ്പിക്കാൻ മഴവെള്ള സംഭരണത്തിലൂടെ കഴിയും. മഴയെ സംഭരിക്കുന്ന സംസ്കാരത്തിലൂടെ മാത്രമേ കേരളം ജലസ്വാശ്രയത്വം കൈവരിക്കൂ.
(പരമ്പര അവസാനിച്ചു )