സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം കഴിഞ്ഞു.അവാർഡ് നേടിയവർക്കെല്ലാം അഭിനന്ദനങ്ങൾ.നഷ്ടപ്പെട്ടവരോട് ഈ അവാർഡിൽ നിരാശരാകരുതെന്ന അഭ്യർത്ഥനയും. കാരണം ജൂറി ചെയർമാൻ തന്നെ പ്രതിഷേധിച്ച് ഒപ്പിടാതെ രോഷാകുലനായി ഇറങ്ങിപ്പോയ ഒരു അവാർഡിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല. മൽപ്പിടുത്തമുണ്ടാകാതിരുന്നത് ഭാഗ്യം.വ്യക്തിപരമായ താത്പര്യങ്ങളോ 'അക്കാഡമിക് "താത്പര്യങ്ങളോ ഒക്കെ അവാർഡിൽ നിഴലിക്കുന്നതായി ദോഷൈകദൃക്കുകൾ ആരോപിക്കുന്നുമുണ്ട്. ചില ചിത്രങ്ങൾക്ക് വാരിക്കോരിയും ചില ചിത്രങ്ങളെ പാടെ അവഗണിച്ചും ആണല്ലോ അവാർഡ് പ്രഖ്യാപനം.ചലച്ചിത്രാസ്വാദകനായ വി.ശശികുമാർ ഫേസ്ബുക്കിൽ കുറിച്ചത് ജൂറി ചെയർമാനും വിഖ്യാത ചലച്ചിത്ര കാരനുമായ കുമാർ സാഹ്നിയോട് അക്കാഡമിയിലെ ചിലർ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചുവെന്നും അപമാനിച്ചുവെന്നുമാണ്. അത് ശരിയാണെങ്കിൽ അത്യന്തം നിർഭാഗ്യകരമാണ്.
ജൂറിയെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്. കുമാർ സാഹ്നിയെ മാറ്റി നിറുത്തിയാൽ ജൂറി യിൽ ഇന്ത്യൻ സിനിമയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ എത്രപേരുണ്ടായിരുന്നു.? ആരെയും ഇകഴ്ത്തിക്കെട്ടാൻ വേണ്ടിയല്ല ഈ ചോദ്യം. സർവബഹുമാനത്തോടെയും ചോദിക്കുകയാണ്.പാർട്ടിയോട് അടുപ്പമുണ്ടെങ്കിൽ വെറുതെ പൊതുവേദികളിൽ കലപിലകൂട്ടിയവർക്കും ജൂറിഅംഗമാകാമെന്ന് ഇത്തവണ തെളിയിക്കപ്പെട്ടില്ലേ?എസ്.എസ്.എൽ.സിക്കു പഠിക്കുന്നവർ പി.എച്ച്.ഡിക്കു മാർക്കിട്ടതുപോലെയായിപ്പോയി കാര്യങ്ങൾ.ഒരു സംസ്ഥാനത്തെ ചലച്ചിത്ര അവാർഡുകൾ വിലയിരുത്തുമ്പോൾ അതിലും മെച്ചപ്പെട്ടവർ വേണ്ടെ ജൂറി അംഗങ്ങളായി വരാൻ.ഒന്നുമല്ലെങ്കിൽ ദേശീയ ജൂറിയിലെങ്കിലും ഒരിക്കലെങ്കിലും അംഗമായവർ...ചലച്ചിത്ര നിരൂപകനായ വിജയകൃഷ്ണനെയും മാറ്റിനിർത്താം. പക്ഷേ അവാർഡ് പ്രഖ്യാപനത്തിനുശേഷം അദ്ദേഹം കുമാർ സാഹ്നിക്കെതിരെ നടത്തിയ പരാമർശങ്ങൾ തീരെ ബാലിശമായിപ്പോയി. ഒരു ജൂറിയിലിരിക്കുമ്പോൾ വ്യത്യസ്ഥമായ വാദഗതികൾ സ്വാഭാവികമായും ഉണ്ടാകും. അതൊക്കെ വിജയകൃഷ്ണനെപ്പോലെ നിരവധി ജൂറികളിൽ ഇരുന്ന ഒരാൾ വിളിച്ചുപറയാൻ പാടില്ലായിരുന്നു.മികച്ച സിനിമയുടെ സംവിധായകൻ മികച്ച സംവിധായകൻ ആകണ്ടേയെന്ന ചോദ്യം അവാർഡുകൾ തുടങ്ങിയ കാലം മുതൽ ഉയരുന്നതാണ്. അതിന് ഓസ്കാറിൽ അങ്ങനെയാ മറ്റേടത്ത് അങ്ങിനെയാ എന്ന മുട്ടാപ്പോക്ക് വാദമാണോ മറുപടി. ഇക്കാര്യത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു അഭിപ്രായ സംവാദം നടത്തുകയും തീരുമാനത്തിലെത്തുകയും ചെയ്യാവുന്നതാണ്. ബുക്ക് ജൂറിയുടെ കാര്യവും തഥൈവ തന്നെ.പൊതു പാണ്ഡിത്യത്തേക്കാൾ ചലച്ചിത്ര സംബന്ധിയായ അറിവിനുവേണം മുൻഗണന നൽകാൻ.
ഷാജി എൻ.കരുൺ സംവിധാനം ചെയ്ത 'ഓള് " ഇക്കുറി ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്നു. അത് ഇന്ത്യയിലെ വിവിധ ഭാഷകളിലെ 300 ലധികം ചിത്രങ്ങളിൽ നിന്നാണ് തിരഞ്ഞെടുത്തത്. ഇക്കുറി ഐ.എഫ്.എഫ്.കെയ്ക്ക് ഷാജി ചിത്രം നൽകിയിരുന്നില്ല.കൊടുത്താൽ ഒതുക്കുമെന്ന് നന്നായി അദ്ദേഹത്തിന് അറിയാമായിരുന്നു. സംസ്ഥാന അവാർഡിന് ചിത്രം നിർമ്മാതാവ് നൽകി. പക്ഷേ ഷാജിയുടെ ചിത്രമാണോ 'നോ അവാർഡ് ' എന്നതു തന്നെ സമീപനം.ഒരു അവാർഡ് പോലും ഓളിന് ലഭിച്ചില്ല. കാരണംതേടി പാഴൂർപടിപ്പുര വരെ പോകേണ്ടതില്ല..
കാർബണിന് കിട്ടിയ അവാർഡുകളെ തള്ളിപ്പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അർഹതപ്പെട്ടതുതന്നെ അവയെല്ലാം. പക്ഷേ അക്കാഡമിയുമായി അടുത്തു നിൽക്കുന്നവരുടെ ചിത്രങ്ങൾ അവാർഡുകൾ തൂത്തുവാരുമ്പോൾ വിമർശനങ്ങൾക്ക് സ്വാഭാവികമായും വഴിയൊരുക്കും. അടുത്ത തവണയെങ്കിലും മികച്ച ജൂറിയെ നിയോഗിക്കുകയാണ് വേണ്ടത്. മന്ത്രിക്ക് ഇനി ചെയ്യാവുന്ന കാര്യം അക്കാഡമി പുനഃസംഘടിപ്പിക്കുകയെന്നതാണ്. കാലാവധി തീരാറായില്ലേ. ഇനി പുതിയ ആൾക്കാർ വരട്ടെ. എല്ലാ പദവികളിലും.മൊത്തത്തിൽ അഴിച്ചുപണി വേണ്ടിയിരിക്കുന്നു. പതിവ് ആൾക്കാർ തത്കാലം മാറി നിൽക്കട്ടെ.
എം.ഡി.മോഹൻദാസ്
വക്കം ഫോൺ:9447067877