ആലപ്പുഴ: തിരഞ്ഞെടുപ്പ് വേദികളിൽ ഇനി പി.കെ. മേദിനി പാടില്ല. ''പാട്ടുകൊണ്ട് വോട്ട് മറിച്ചിരുന്ന കാലം കഴിഞ്ഞെന്നും'' മേദിനി പറഞ്ഞു.
തിരഞ്ഞെടുപ്പ് വീണ്ടും കടന്നുവരുന്ന സാഹചര്യത്തിലാണ് മേദിനി ടീച്ചർ തന്റെ കടുത്ത തീരുമാനം കേരളകൗമുദിയോട് വെളിപ്പെടുത്തിയത്. മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം സെൻട്രൽ സ്റ്റേഡിയത്തിൽ ആദരിച്ചപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ താത്പര്യപ്രകാരം മേദിനി പാടിയിരുന്നു.
ജനങ്ങൾ ഹൃദയം കൊണ്ട് ചാർത്തിക്കൊടുത്തതാണ് മേദിനിക്ക് ടീച്ചർ പദവി. നാലാം ക്ളാസിൽ പഠിക്കുമ്പോൾ ഫീസ് കൊടുക്കാൻ പാങ്ങില്ലാത്തതിനാൽ പുറത്തായതോടെ പഠനം തീർന്നു. പക്ഷേ, വിപ്ളവത്തിൻെറ ഈരടികളിലേക്ക് കാലം മേദിനിയെ എതിരേറ്റു. പാട്ടു പഠിക്കാത്ത മേദിനി പാട്ടുകാരിയായപ്പോൾ എല്ലാവരും വിചാരിച്ചു പാട്ട് ടീച്ചറാണെന്ന്. അങ്ങനെ വിളിവീണു 'മേദിനി ടീച്ചർ'.
പന്ത്രണ്ടാം വയസിൽ അമ്മ മരിച്ചതോടെയാണ് ആലപ്പുഴയിലെ തിരുവിതാംകൂർ കയർ ഫാക്ടറി യൂണിയൻ മേദിനിക്ക് തണലായത്. തൊഴിലാളികളുടെ മക്കൾക്ക് കല അവതരിപ്പിക്കാൻ ഒരു സംഘടന വേണമെന്ന മോഹത്തിൽ തിരുവിതാംകൂറിലെ ആദ്യ കലാസംഘടന രൂപം കൊണ്ടു. അതിന്റെ മുന്നിൽ മേദിനിയായിരുന്നെങ്കിൽ പിന്നിൽ തൊഴിലാളിനേതാക്കളായ ആർ. സുഗതൻ, ടി.വി. താേമസ് തുടങ്ങിയവരായിരുന്നു. അതിലെ ആദ്യ വിപ്ളവഗായിക അനസൂയയായിരുന്നു. 'ഉയരും ഞാൻ, നാടാകെ പടരും ഞാൻ....' എന്ന പി. ഭാസ്കരന്റെ വരികൾ അനസൂയ പാടി. അത് എല്ലാവർക്കും അന്ന് ആവേശം പകർന്നത് 86കാരിയായ മേദിനി ഓർമ്മിക്കുന്നു.
ഗുരുസന്ദേശത്തിന്റെ പ്രചോദനം
കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് പാടാൻ വേദികളില്ലാതായി. അന്ന് വേദിയൊരുക്കിയത് എസ്.എൻ.ഡി.പി യോഗത്തിന്റെ ശാഖകളായിരുന്നു. അതോടെ യോഗത്തിലേക്കും ഗുരുദേവ സന്ദേശങ്ങളിലേക്കും ആകൃഷ്ടയായി. ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന ഗുരുസന്ദേശം പകർന്ന പ്രചോദനമാണ് 'മനസ് നന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ....' എന്ന ഗാനം പാടിനടക്കാൻ മേദിനിയെ പ്രേരിപ്പിച്ചത്.
സത്യന്റെ മർദ്ദനം
നടൻ സത്യൻ ആലപ്പുഴയിൽ എസ്.എെയായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റെന്ന് കേട്ടാൽ ഉറഞ്ഞുതുള്ളും. മേദിനിയുടെ അച്ഛൻ കങ്കാളിയെയും സഹോദരൻ ശാരംഗപാണിയെയും സത്യൻ ക്രൂരമായി മർദ്ദിച്ചു. അന്നത്തെ എസ്.എെമാരുടെ ഇടി സഹിക്കവയ്യാതെ മേദിനി പാടി. ''നരവേട്ടക്കാർ എം.എസ്.പിക്കാർ അച്ചു, പാപ്പാളി, ഒ.എൻ. ഖാദറെ, നാടാർ, രാമൻകുട്ടികൾ, മാന്നാടി...'' എസ്.എെമാരുടെ പേര് കോർത്തിണക്കിയായിരുന്നു ഈ പാട്ട്. സത്യൻ നാടാർ പിന്നെ നടനും ശാരംഗപാണി തിരക്കഥാകൃത്തുമായി.