india-vs-australia

ഹൈദരാബാദ്: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്രേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇതിന് മുമ്പ് ടെസ്റ്റ് പരമ്പരയിൽ 2-0ത്തിന്റെ സമ്പൂർണ പരാജയം ഏറ്രുവാങ്ങേണ്ടി വന്നതിന്റെ പകരം വീട്ടാൻ ഇന്ത്യയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കിയേ തീരു. അതിനാൽ ഹൈദരാബാദിൽ ജയിച്ചേതീരുവെന്ന വാശിയിലാണ് കൊഹ്‌ലിപ്പട ഇറങ്ങുന്നത്. അതേസമയം മറുവശത്ത് നാട്ടിൽ ഏകദിനത്തിലും ടെസ്റ്റിലും തങ്ങളെ കശാപ്പ് ചെയ്ത ഇന്ത്യയോട് ട്വന്റി-20യിൽ പകരം ചോദിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കംഗാരുപ്പട. നാട്ടിലേറ്റ തിരിച്ചടിക്ക് ഇനി ഏകദിനത്തിലും തക്ക മറുപടികൊടുക്കുകയെന്നതാകും ആരോൺ ഫിഞ്ചിന്റെയും കൂട്ടരുടെയും അജണ്ട. രണ്ട് മാസത്തിനകം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനൊരുങ്ങുന്ന ഇരുടീമിനും അതിനു മുമ്പുള്ള അവസാന തയ്യാറെടുപ്പ് കൂടിയാണ് ഈ പരമ്പര. ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ താരങ്ങൾക്കുള്ള അവസാന അവസരം കൂടിയാണിത്. ലോകകപ്പിന് മുമ്പ് ഇരുടീമും കളിക്കുന്ന അവസാന ഏകദിന പരമ്പരയാണിത്.

പകരം വീട്ടാൻ ഇന്ത്യ

ട്വന്റി-20യിലെ തോൽവിക്ക് പകരം വീട്ടാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. സ്പിന്നർമാരായ കുൽദീപും ചഹലും ഇന്ന്കളിച്ചേക്കും. ലോകകപ്പ് ടീമിൽ ഇടം നേടാൻ പരിശ്രമിക്കുന്ന അമ്പാട്ടി റായ്ഡു, കെ.എൽ.രാഹുൽ എന്നിവർ തമ്മിലാണ് പ്രധാനമായും അവസാന ഇലവനിലെ സ്ഥാനം നേടാനുള്ള മത്സരം. ഹാർദ്ദിക് പാണ്ഡയയുടെ പരിക്ക് മാറാത്തതിനാൽ വിജയ് ശങ്കർക്ക് ഇന്നും അവസരം ലഭിക്കും.

സാധ്യതാ ടീം : രോഹിത്, ശിഖർ,വിരാട്, രാഹുൽ/അമ്പാട്ടി, കേദാർ, ധോണി,വിജയ്, കുൽദീപ്, ഷമി,ചഹാൽ, ബുംറ.

ജയം തുടരാൻ ഓസീസ്

ട്വന്റി-20യിലെ വിജയം ഏകദിനത്തിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കംഗാരുപ്പട. ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഫോമാണ് ആസ്ട്രേലിയയുടെ തുറുപ്പ് ചീട്ട്. ട്വന്റി-20യിൽ കളിക്കാതിരുന്ന വിക്കറ്ര് കീപ്പർ കാരെ ഇന്ന് കളിക്കും. ഷോൺ മാർഷിന്റെ അഭാവത്തിൽ ആഷ്ടൺ ടർണർക്ക് ഏകദിനത്തിൽ അരങ്ങേറാൻ അവസരം ലഭിച്ചേക്കും.

സാധ്യതാടീം:ഫിഞ്ച്, ഖവേജ,ഹാൻഡ്സ് കോമ്പ്, സ്റ്രോയിനിസ്, മാക്സ്‌വെൽ, ടർണർ,കാരെ, സാംപ, കുമ്മിൻസ്, ബെഹ്രൻഡോർഫ്, റിച്ചാർഡ്സൺ.

ടിവി ലൈവ്

സ്റ്റാർ സ്പോർട്സ് ചാനലുകളിൽ ഉച്ചയ്ക്ക് 1.30 മുതൽ