ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ പാകിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെന്ന് പ്രതിരോധ മന്ത്രാലയം. ഉദ്ദംപൂരിലെ സൈനിക ആസ്ഥാനമായിരുന്നു പാകിസ്ഥാൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പാകിസ്ഥാന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ പാക് വിമാനങ്ങൾ തിരിഞ്ഞോടി.
റെസായി കത്ര മേഖലയിലെ വൈഷ്ണോ മാതാ ക്ഷേത്രത്തിന് സമീപത്ത് 24കിലോമീറ്റർ പരിധി വരെ പാക് വിമാനങ്ങൾ എത്തിയിരുന്നു. പാക് വിമാനങ്ങൾ സമീപ പ്രദേശങ്ങളിൽ ബോംബാക്രമണം നടത്തിയെങ്കിലും വ്യോമസേനയുടെ ശക്തമായ ആക്രമണത്തെ തുടർന്ന് പാകിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
പാകിസ്ഥാന്റെ പോർവിമാനങ്ങൾ ബുധനാഴ്ച ഇന്ത്യയുടെ അതിർത്തി കടന്ന് രജൗരി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. അതേസമയം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ വിമാനങ്ങൾ ചെറുക്കുന്ന ദൗത്യത്തിലായിരുന്നു അഭിനന്ദൻ വർദ്ധമാൻ. അതിർത്തി കടന്നെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ അഭിനന്ദ് നിയന്ത്രിച്ചിരുന്ന മിഗ്21 പോർ വിമാനം പാക് സൈന്യം വെടി വച്ചിടുകയായിരുന്നു. തുടന്ന് വിമാനത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും അഭിനന്ദൻ പാക് നിയന്ത്രണ മേഖലയിൽ വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷം വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. സ്വീകരിക്കാനായി അദ്ദേഹത്തിന്റെ കുടുംബവും വാഗയിൽ എത്തിയിട്ടുണ്ട്. റാവൽപിണ്ടിയിൽ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിർത്തിയിലും എത്തിച്ച ശേഷം വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് റിപ്പോർട്ട്.