ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി കടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനത്തെ വെടിവച്ചിട്ട അഭിനന്ദൻ വർദ്ധമാൻ രാജ്യത്തിന്റെ മുഴുവൻ ഹീറോയായി മാറിയിരിക്കുകയാണ്. പാക് സൈന്യത്തിന്റെ പിടിയിലായ അദ്ദേഹത്തെ ഇന്ന് ഇന്ത്യയ്ക് വിട്ടുനൽകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു.
മോചന വാർത്ത പുറത്തുവന്നതിനു പിന്നാലെ ചെന്നൈയിൽ നിന്നു ഡൽഹിയിലേക്കു യാത്ര പുറപ്പെട്ട അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കു വിമാനത്തിൽ സഹയാത്രികരുടെ സ്‌നേഹോഷ്മളമായ ആദരവ്. ആർത്തുവിളിച്ചും കൈയ്യടിച്ചും ഒപ്പം നിന്ന് ചിത്രം പകർത്തിയുമാണ് യാത്രക്കാർ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ മാതാപിതാക്കളായ മുൻ എയർ മാർഷൽ എസ്.വർദ്ധമാനെയും ഭാര്യ ഡോ.ശോഭയെയും സ്വീകരിച്ചത്.
ഡൽഹിയിലെത്തിയ ഇവർ അമൃത്സറിലേക്കു തിരിച്ചിട്ടുണ്ട്. ഉച്ചയ്ക്കു രണ്ടു മണിയോടെ പാകിസ്ഥാൻ മോചിപ്പിക്കുന്ന മകനെ സ്വീകരിക്കാൻ ഇരുവരും വാഗാ അതിർത്തിയിൽ എത്തും. പരം വിശിഷ്ഠ് സേവാ മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ച എസ്.വർദ്ധമാൻ വ്യോമസേനയിൽ മികച്ച സേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു.