1. വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാന്‍ ഒരുങ്ങി രാജ്യം. വാഗാ അതിര്‍ത്തിയില്‍ ഉച്ചയോടെ അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും. റാവല്‍ പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നിന്നും അഭിന്ദനെ പ്രത്യേക വിമാനത്തില്‍ ലാഹോറിലും അവിടെ നിന്ന് വാഗയിലേക്കും എത്തിക്കും. റെഡ് ക്രോസിന് ആവും അഭിനന്ദനെ കൈമാറുക. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടേയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ മാതാ പിതാക്കളും വാഗയില്‍ എത്തും
2. ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കുകയും, പാകിസ്ഥാനു മേല്‍ അമേരിക്ക ഉള്‍പ്പെടെ, രാജ്യാന്തര സമൂഹം ഇടപെടല്‍ കടുപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് അഭിന്ദനെ മോചിപ്പിക്കും എന്ന ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഉടന്‍ ഒരു ശുഭ വാര്‍ത്ത കേള്‍ക്കാമെന്ന് ഇന്നലെ യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വെളിപ്പെടുത്തി ഇരുന്നു.
3. അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായതിനെ തുടര്‍ന്ന്, സമ്മര്‍ദ തന്ത്രമെന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ ചര്‍ച്ചാ സന്നദ്ധത ഇന്ത്യ തള്ളിയിരുന്നു. പൈലറ്റിനെ വിട്ടുകിട്ടുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും അദ്ദേഹത്തെ നിരുപാധികം വിട്ടയച്ചേ മതിയാകൂ എന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ രണ്ടുപോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇമ്രാന്‍ ഖാന്റെ അവകാശവാദം കാര്യങ്ങള്‍ ഗ്രഹിക്കാതെയുള്ളതോ കളവു പറയുന്നതോ ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
4. പഞ്ചാബിലെ ഫിറോസ്പൂരില്‍ പാക് ചാരന്‍ പിടിയില്‍. പാക് സിം കാര്‍ഡുമായാണ് മൊറാദാബാദ് സ്വദേശിയെ ബി.എസ്.എഫ് പിടികൂടിയത്. 21 കാരനായ ഇയാള്‍ സംശയാസ്പദമായ ആറ് വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ അംഗം ആണെന്നും ബി.എസ്.എഫ് വ്യക്തമാക്കി. ബി എസ് എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
5. അതേസമയം, ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലും തുടരുക ആണ്. കുപ്വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സേന. സൈനിക നടപടി അവസാനിപ്പിച്ച സൈന്യം, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ഭീകര സംഘത്തില്‍ മൂന്നുപേര്‍ ഉള്‍പെട്ടിരുന്നു എന്ന് നിഗമനം. ഇയാള്‍ ബാബാഗുണ്ട് ഗ്രാമത്തില്‍ ഒളിച്ചിരിപ്പുണ്ട് എന്ന് വിവരം. ഓപറേഷനില്‍ പങ്കെടുത്ത സൈനികര്‍ എല്ലാം സുരക്ഷിതരാണ്
6. ഉറി സെക്ടറിലെ ഗൗലാന്‍, ചൗക്കസ്, കിക്കര്‍, കതി എന്നീ പോസ്റ്റുകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. വെടിവയ്പ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്ക്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക് പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യവും
7. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്ക്ക് എതിരായ വിശുദ്ധ യുദ്ധം തുടരുമെന്ന് ജെയ്‌ഷെ മുഹമ്മദ് ഒരു കൊല്ലം മുന്‍പ് പ്രതിജ്ഞ എടുത്തിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പ്രതിജ്ഞ നടത്തിയത് 2017 നവംബര്‍ 27 ന് പാകിസ്ഥാനിലെ ഒകാറ ജില്ലയില്‍ വച്ച് നടന്ന സമ്മേളനത്തില്‍. 2018 മാര്‍ച്ചില്‍ ജെയ്‌ഷെ സംഘം പാക് പഞ്ചാബിലെ സിയാല്‍ കോട്ട് സന്ദര്‍ശിച്ച് 22 പേരെ ചാവേര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
8. അതിനിടെ, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി. മസൂദിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. മസൂദ് അസറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി ഉണ്ടാവുക ഇന്ത്യ, ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ നല്‍കിയാല്‍ മാത്രം. പാക് മന്ത്രിയുടെ പ്രതികരണം അമേരിക്കന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍
9. രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ പാകിസ്ഥാനില്‍ മാത്രമല്ല, രാജ്യത്തിന് അകത്തും ഉണ്ടെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. പാടത്തെ പണിക്ക് വരമ്പത്തു കൂലി നല്‍കണം എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പാകിസ്ഥാനുമായി സമാധാന ചര്‍ച്ച വേണം എന്ന് പ്രസംഗിക്കുന്നു. ഇവരെ കാശ്മീരിലേക്ക് അയക്കണം എന്നും സെന്‍കുമാര്‍
10. കേരളത്തിലെ സാംസ്‌കാരിക നായകരെയും വിമര്‍ശിച്ച് സെന്‍കുമാര്‍. ചെറുപ്പക്കാരെ വെട്ടി കൊലചെയ്യുമ്പോഴും ഭീകരാക്രമണത്തിഷ സൈനികര്‍ മരിച്ച് വീഴുമ്പോള്‍ ഒരക്ഷരം മിണ്ടാത്ത സാംസ്‌കാരിക നായകരേയും ശരിക്കും വിളിക്കേണ്ടത് സാംസ്‌കാരിക നായകള്‍ എന്നും സെന്‍കുമാര്‍. പെരിയയില്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും സെന്‍കുമാര്‍ അനുസ്മരിച്ചു
11. ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിലെ രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കം. മുസ്ലിം ലീഗുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് കോഴിക്കോട് ചര്‍ച്ച നടത്തും. ലീഗിന് മൂന്നാം സീറ്റ് നല്‍കാന്‍ ആവില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പ്രശ്ന പരിഹാരത്തിനായി ചില ഫോര്‍മുലകള്‍ മുന്നോട്ട് വയ്ക്കും. ലീഗുമായി നാളെ ധാരണയില്‍ ആകും എങ്കിലും പ്രഖ്യാപനം കേരള കോണ്‍ഗ്രസും ആയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തി ആയതിന് ശേഷമേ നടക്കാന്‍ സാധ്യതയുള്ളൂ
12. ലീഗ് ശ്രമിക്കുന്നത്, അവസാനം വരെ മൂന്നാം സീറ്റിനായി നിലകൊണ്ടു എന്ന പ്രതീതി അണികളില്‍ സൃഷ്ടിക്കാന്‍. ഇതിലൂടെ അണികളേയും സമസ്ത അടക്കമുള്ളവരേയും തൃപ്തിപെടുത്താന്‍ ആവും എന്ന് കണക്കു കൂട്ടല്‍. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആകേണ്ടതിന്റെ ആവശ്യകത ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ നാളെ തന്നെ ധാരണ ആവും എന്ന് സൂചന.