പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും എതിർസ്വരമയുർത്തുന്നവരെ കണക്കിന് പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ രംഗത്ത്. പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യയുടെ വിംഗ് കാമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കാൻ തീരുമാനിച്ചതോടെ നാട്ടിലെ സൈബർ സഖാക്കളും യുദ്ധവിരുദ്ധരും ഇമ്രാന്റെ ആരാധകരായി മാറിയെന്നും, ഇമ്രാന്റെ കാരുണ്യത്തേയും ഹൃദയലാവണ്യത്തേയുമാണ് അവർ ഇപ്പോൾ പാടി പുകഴ്‌ത്തുന്നതെന്നും ജയശങ്കർ പരിസസിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'സമാധാന ചർച്ചയ്ക്ക് വാതിൽ തുറക്കുകയും പിടിയിലായ വൈമാനികനെ വിട്ടയക്കുകയും ചെയ്തതോടെ ഇമ്രാൻ ഖാന്റെ താരമൂല്യം കുത്തനെ കൂടി. നമ്മുടെ നാട്ടിലെ മൊത്തം യുദ്ധ വിരുദ്ധരും സമാധാനകാംക്ഷികളും സൈബർ സഖാക്കളും ഇമ്രാന്റെ ആരാധകരായി മാറി. അദ്ദേഹത്തിന്റെ കാരുണ്യത്തെയും ഹൃദയ ലാവണ്യത്തെയും സമാധാന പ്രേമത്തെയും നിതരാം പ്രശംസിക്കുന്നു.
മലയാളികളോളം വിശാല ഹൃദയരല്ല, പാക്കിസ്ഥാനികൾ. ഇന്ത്യാ വിരോധമാണ് പാക് രാഷ്ട്രീയത്തിന്റെ ആധാരശില. നേതാക്കളെ നിയന്ത്രിക്കുന്നത് സൈന്യവും തീവ്രവാദികളും അമേരിക്കൻ ഗവൺമെന്റുമാണ്. ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച നവാസ് ഷെരീഫിനെ അധികം വൈകാതെ പട്ടാളം അട്ടിമറിച്ചു എന്നാണ് ചരിത്രം.
സൈബർ സഖാക്കളുടെ പിന്തുണ കൊണ്ടു മാത്രം ഇമ്രാൻ ഖാന് എത്രകാലം ക്രീസിൽ തുടരാൻ കഴിയും? സൈന്യമോ തീവ്രവാദികളോ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കുക?'