amith-sha

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിലൂടെ ഇന്ത്യ പാകിസ്ഥാന് നൽകിയത് ശക്തമായ മറുപടിയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. പാകിസ്ഥാനെ തിരിച്ചടിച്ചത് കോൺഗ്രസ് സർക്കാരല്ല മോദി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിരാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പുൽവാമ ഭീകാരക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മറുപടി കൊടുത്തത് മുൻപ് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരല്ല,​ ഇപ്പോൾ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള ബി.ജെ.പി സർക്കാരാണ്. രാജ്യ സുരക്ഷ തന്നെയാണ് ഏറ്റവും പ്രധാനം. ഉറിക്ക് മറുപടിയായി പാകിസ്ഥാന് സർജിക്കൽ സ്ട്രൈക്കായിരുന്നു നൽകിയതെങ്കിൽ പുൽവാമയ്ക്ക് മറുപടിയായി ഇന്ത്യ നൽകിയത് എയർ സ്ട്രൈക്കാണ്' അമിത് ഷാ വ്യക്തമാക്കി.

പാകിസ്ഥാൻ എല്ലാ രാജ്യങ്ങളുടെ മുന്നിലും ഒറ്റ‌പ്പെടുകയാണ്. പുൽവാമ ഭീകരാക്രമണത്തിന് 12ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ തിരിച്ചടിച്ചു. ജെയ്ഷെ ഭീകരരുടെ പ്രധാന കേന്ദ്രങ്ങളിൽ ഇന്ത്യ ബോംബുകൾ വർഷിച്ചു. ആക്രമണത്തിൽ ജെയ്ഷെ കമാൻഡർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച നിരവധി തീവ്രവാദികളെയും നമ്മൾ ചുട്ടെരിച്ചു.ബുധനാഴ്ച ഇന്ത്യയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ അതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതെല്ലാം രാജ്യത്തിന്റെ വിജയമാണ്. പുൽവാമ ഭീകരാക്രമണത്തിൽ പാക് പ്രധനമന്ത്രി ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്നും,​ എന്ത് കൊണ്ട് അദ്ദേഹം മറ്റൊന്നും ചെയ്യാൻ തയ്യാറായില്ലെന്നും അമിത ഷാ ചോദിച്ചു.