sushama-swaraj

അബുദാബി: അതിർത്തി കടന്നുള്ള ഭീകരവാദം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാവണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അബുദാബിയിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാതെ അതിർത്തിയിൽ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും. തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന എല്ലാ കേന്ദ്രങ്ങളും ഇല്ലാതാക്കണം. പക്ഷേ അതിന് സൈനിക നടപടികൾ മാത്രം കൊണ്ട് സാദ്ധ്യമാകില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തീവ്രവാദം കാരണം ജീവനുകൾ നഷ്ടപ്പെടുകയേ ഉള്ളു. തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും രാജ്യത്തിന്റെ തന്നെ പേരിന് തന്നെ കളങ്കമുണ്ടാക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങൾ നൽകുകയും പണം നൽകുകയും ചെയ്യുന്ന രാജ്യങ്ങളും സംസ്ഥാനങ്ങളും അത്തരത്തിലുള്ള പ്രവർത്തികൾ അവസാനിപ്പിച്ചാൽ മാത്രമേ ഇതിന് അറുതി വരുത്താൻ സാധിക്കുകയുള്ളു എന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മുസ്ലീം വിഭാഗം സഹിഷ്ണുതയുടെ മാതൃകയാണ്. അവർ ഭീകര പ്രവർത്തനങ്ങൾക്ക് എതിരാണ്. ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് ഗൾഫ് രാജ്യങ്ങൾക്ക് സുഷമ സ്വരാജ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സൗദി വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പാകിസ്ഥാൻ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയെ ഒഴിവാക്കാൻ സാധിക്കില്ലെന്നായിരുന്നു യു.എ.ഇയുടെ പ്രതികരണം.ഇതിനെതിരെ പ്രതിഷേധിച്ച് പാകിസ്ഥാൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.