''അയ്യോ......""
ഒരു ചാക്കുകെട്ടുപോലെ വേലായുധൻ മാസ്റ്റർ തറയിൽ വീണു. അമർത്തിയ ഒരു നിലവിളി ആ കണ്ഠത്തിൽ നിന്നുയർന്നു...
പെട്ടെന്ന് വാതിൽ അടഞ്ഞ് ലോക്കു വീഴുന്ന ഒച്ച കേട്ടു.
''ആരാ....'' ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുന്നേൽക്കുന്നതിനിടയിൽ മാസ്റ്റർ വിളിച്ചു. ''ധനപാലാ.....''
തൊട്ടടുത്ത സെക്കന്റിൽ മുറിയിൽ ലൈറ്റു തെളിഞ്ഞു.
നടുക്കത്തോടെ മാസ്റ്റർ കണ്ടു...
മുന്നിൽ രാഹുൽ!
അവനോടൊപ്പം രണ്ടുപേർ!
''രാഹുൽ... നീ....""
മാസ്റ്റർ അവന്റെ നേർക്കു കൈചൂണ്ടി:
''ഞാൻ ഈ നാടിന്റെ മുഖ്യമന്ത്രിയാണ്.""
''കോപ്പ്."" രാഹുൽ പുച്ഛിച്ചു. ''മുഖ്യമന്ത്രിയെന്തിനാ അകമ്പടി പോലുമില്ലാതെ ഈ നേരത്തിങ്ങോട്ട് ഓടിപ്പാഞ്ഞു വന്നത്? തന്റെ കെട്ടിലമ്മ ഇവിടെ പ്രസവിക്കാൻ കിടക്കുകയൊന്നും ആയിരുന്നില്ലല്ലോ. എന്നെ നിനക്ക് കൊല്ലണം അല്ലേടാ? എന്റെ അച്ഛനെ കൊന്നതുപോലെ... അതിന് ഭൂലോക ഫ്രാഡായ ധനപാലൻ നിന്നെ സഹായിക്കും എന്നും കരുതി.""
നടുങ്ങിവിറച്ചു മാസ്റ്റർ.
സത്യം രാഹുൽ കണ്ടെത്തിയിരിക്കുന്നു!
'' നീ തേടി വന്നവൻ ദാ നിൽക്കുന്നു. എന്റെ അച്ഛനെ കൊന്നവളും...'' രാഹുൽ തലകൊണ്ട് മാസ്റ്റർക്കു പിന്നിലേക്ക് ആംഗ്യം കാട്ടി.
മാസ്റ്റർ തിരിഞ്ഞു.
അടുത്ത ഞെട്ടൽ....
ധനപാലനെയും ഒരു യുവതിയെയും ഭിത്തിയിൽ ആണിയടിച്ചു നിർത്തിയിരിക്കുന്നു!
താരയെ മാസ്റ്റർക്ക് അറിയില്ല. മാസ്റ്റർ നോക്കുന്നതുകണ്ട് ധനപാലൻ നിസ്സഹായനായി കണ്ണുകൾ ഇറുക്കിയടച്ചു.
മാസ്റ്റർ പെട്ടെന്ന് പുറത്തേക്ക് ഓടാനാഞ്ഞു. എന്നാൽ വിക്രമൻ അയാളുടെ കാലിൽ തട്ടി.
മാസ്റ്റർ മുഖമടച്ച് തറയിൽ വീണു.
''അങ്ങനെയങ്ങ് രക്ഷപ്പെടാമെന്നു കരുതിയോ താൻ?''
രാഹുൽ അയാളുടെ ഷർട്ടിന്റെ പിൻ കോളറിൽ പിടിച്ചുയർത്തി.
മാസ്റ്ററുടെ ചുണ്ടു ചതഞ്ഞ് ചോര കിനിഞ്ഞു.
''രാഹുൽ... എന്നെ പോകാൻ അനുവദിക്കണം... '' അയാൾ യാചിച്ചു.
''എന്റെ അച്ഛനെ കൊന്ന നിന്നെ വിടാനോ. അത് ഏതായാലുമില്ല. ഇത്രയും കാലം നാടുമുടിച്ചു ഭരിച്ച് നീ രസിച്ചില്ലേ... ഇനി അത് വേണ്ടാ... ഈ ചെയ്തതൊക്കെ ഏറ്റുപറഞ്ഞ് നിയമത്തിനു കീഴടങ്ങാൻ ഞാൻ തീരുമാനിച്ചു.
പക്ഷേ എന്റെയൊപ്പം ജയിലിൽ കൂട്ടായി താനും ഉണ്ടാകും. കാരണം ഈ നിൽക്കുന്ന ധനപാലനും മെഡിക്കൽ കോളേജ് നഴ്സും എല്ലാം പറഞ്ഞത് ഞാൻ റിക്കാർഡു ചെയ്തു. മാത്രമല്ല മീഡിയയ്ക്കു മുന്നിൽ ഇവർ രണ്ടാളും എല്ലാം തുറന്നു പറയാൻ പോകുകയാണ്. ''
രാഹുൽ ഒന്നും നിർത്തി ശ്വാസം വലിച്ചെടുത്തു. പിന്നീട് തുടർന്നു.
''നാളെ നേരം പുലരുന്നതോടെ കഥ മാറും. കൊലയാളി ചീഫ് മിനിസ്റ്റർ ഔട്ട്!''
രാഹുൽ തിരിഞ്ഞു:
''സാദിഖേ....''
''സാർ.''
സാദിഖ് മുറിയുടെ മൂലയിൽ നിന്ന് ഒരു കന്നാസ് എടുത്തുകൊണ്ടുവന്നു തുറന്നു.
പെട്രോളിന്റെ രൂക്ഷഗന്ധം മുറിയിൽ പരന്നു.
മാസ്റ്റർ വിറയ്ക്കാൻ തുടങ്ങി.
''ഇതെന്തിനാ?''
''കത്തിക്കാൻ.''
പറഞ്ഞതും രാഹുൽ കന്നാസ് വാങ്ങി വിക്രമനും സാദിഖും കൂടി മാസ്റ്ററെ പിടിച്ചുനിർത്തിക്കൊടുത്തു. രാഹുൽ മാസ്റ്ററുടെ തലയിലൂടെ പെട്രോൾ ഒഴിച്ചു.
മാസ്റ്റർ പെട്രോളിൽ കുളിച്ചു. രാഹുൽ കന്നാസ് വലിച്ചെറിഞ്ഞു. പിന്നെ ലൈറ്റർ എടുത്തു.
''നിന്നെ കത്തിക്കുന്നതിനും ഇവർ കൂടി സാക്ഷിയാകണം. പക്ഷേ നീ മുഴുവനായി മരിക്കും മുൻപ് ഞാൻ തീ കെടുത്തും. കാരണം പകുതി വെന്ത ശരീരത്തോടുകൂടി വേണം നീ എനിക്കൊപ്പം ജയിലിൽ കിടക്കാൻ.''
അവൻ ലൈറ്റർ തെളിക്കാൻ ഭാവിച്ചു.
''വേണ്ട രാഹുൽ..'' മാസ്റ്റർ അവന്റെ കാൽക്കൽ വീണു.
''ഈ നിമിഷം മുതൽ നീ പറയുന്നതു മാത്രമേ ഞാൻ ചെയ്യൂ...''
അയാളുടെ ശരീരത്തിൽനിന്ന് പെട്രോൾ തുള്ളികൾ ഇറ്റുവീണു.
''ഉറപ്പാണോടോ?''
'' ഉറപ്പ്.....''
'' എങ്കിൽ......'' രാഹുൽ കൽപ്പിച്ചു.
''നാളെ എനിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണം. ഇലക്ഷൻ ആറുമാസത്തിനുള്ളിൽ മതിയല്ലോ. അച്ഛന്റെ സീറ്റിൽ ഞാൻ മത്സരിക്കും. മുഖ്യമന്ത്രി ആയ ശേഷമേ ഞാൻ അച്ഛന്റെ ശരീരം പത്തനംതിട്ടയ്ക്കു കൊണ്ടുപോകൂ.....
എന്തു പറയുന്നു?''
''സമ്മതിച്ചു.'' മാസ്റ്റർ ഉറപ്പു നൽകി.
[തുടരും]