beauty-tips

മഞ്ഞും തണുപ്പും മാറി. വേനൽക്കാലം കടുത്തു തുടങ്ങി. സുന്ദരികളുടെ ഉറക്കം കെടുത്തുന്ന കാലമാണ് വേനൽ. ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട സമയം. ദാഹം, ക്ഷീണം, അമിത വിയർപ്പ്, ചർമ്മരോഗങ്ങൾ... പ്രശ്നങ്ങൾ ഒരുപാടുണ്ട്. ആദ്യം ശ്രദ്ധിക്കേണ്ടേത് അമിതവിയർപ്പും ദാഹവുമാണ്. അമിതമായ വിയർപ്പും വെയിലുകൊണ്ട് ചർമ്മം കരുവാളിക്കുന്നതും നിർജ്ജലീകരണവുമൊക്കെ വേനൽക്കാലത്തെ സാധാരണ പ്രശ്നങ്ങളാണ്. ശരീരം വിയർക്കുന്നതിലൂടെ ജലാംശം കുറയുകയും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്യുന്നു. മറ്റുകാലാവസ്ഥയിൽ കുടിക്കുന്നതിനേക്കാൾ കൂടുതൽ ഈ സമയത്ത് വെള്ളം കുടിക്കേണ്ടതാണ്. അൽപ്പം ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ ഈ സൗന്ദര്യപ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂ. വേനലിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സൗന്ദര്യക്കൂട്ടുകൾ ഒട്ടേറെ ഉണ്ട്.

സ്വർണനിറത്തിന് എന്തുവേണം
വേനലിൽ എല്ലാവരെയും അലട്ടുന്ന കാര്യമാണ് വെയിലേറ്റ് ചർമ്മം കരുവാളിക്കുന്നത്. അതിനൊരു പ്രതിവിധിയുണ്ട്. നാലു ടേബിൾ സ്പൂൺ പാലും ഒരു ടേബിൾ സ്പൂൺ തേനും രണ്ടു ടേബിൾ സ്പൂൺ നാരങ്ങാ നീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. പതിനഞ്ചു മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മൂന്നാഴ്ചയിലൊരിക്കൽ ഇത് ചെയ്യുന്നത് ചർമ്മത്തിലെ കരുവാളിപ്പ് മാറ്റി സ്വാഭാവിക നിറം നൽകാൻ സഹായിക്കും. ഇല്ലെങ്കിൽ തൈരും തേനും നാരങ്ങാ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് ചർമ്മത്തിന് നിറം നൽകും.

സ്വാഭാവിക ഭംഗിക്ക്
കടുത്ത വെയിലും ചൂടുകാറ്റുമൊക്കെ കൂടുതൽ സഹിക്കേണ്ടി വരുന്നത് മുഖചർമ്മം തന്നെ. ഇത് മുഖചർമ്മത്തിലെ പുറം പാളിയിൽ അഴുക്ക് അടിഞ്ഞു കൂടി ചർമ്മം വരണ്ടതാക്കാനും പാടുകൾ വീഴ്ത്താനും കാരണമാകും. പ്രകൃതി ദത്തമായ എക്സ്‌ഫോളിയേഷനാണ് ഇതിനൊരു പ്രതിവിധി. ഒരു ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതുപയോഗിച്ച് രണ്ടോ മൂന്നോ മിനിട്ട് മുഖത്ത് ഉരസുക. ശേഷം ഉണങ്ങാൻ അനുവദിക്കണം. പത്തു മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ നാരങ്ങാ നീര്, മൂന്നു മല്ലിയില, തൈര് എന്നിവ നന്നായി മിക്സ് ചെയ്ത കൂട്ടും നല്ലൊരു എക്സ്‌ഫോളിയേറ്ററാണ്.

ചർമ്മം തിളങ്ങും
വെയിലേറ്റ് മങ്ങിയ ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനുണ്ട് വഴികൾ. പൈനാപ്പിൾ പൾപ്പ്, പപ്പായ പൾപ്പ്, മഞ്ഞൾ എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിട്ട് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖക്കുരു ഉള്ളവരാണെങ്കിൽ മൂന്നു ടേബിൾ സ്പൂൺ വെള്ളരി നീര്, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, മഞ്ഞൾ, തുളസി എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.

കരുതണം കണ്ണിനെ
കണ്ണുകൾക്ക് പെട്ടെന്ന് രോഗബാധയുണ്ടാകും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖവും കണ്ണും കഴുകണം. കണ്ണിൽ ഇളനീർ കുഴമ്പ് ഒഴിക്കുന്നതും നല്ലതാണ്. യാത്രകളിൽ പൊടിയേൽക്കാതെ സൂക്ഷിക്കുക. ബൈക്കിലും മറ്റും പോകുന്നവർക്കു സൺഗ്ലാസുകൾ ഉപയോഗിക്കാം.

കുടിക്കൂ, കൂളാകൂ
വെയിലത്ത് കൂടുതൽ നേരം സമയം ചെലവിടുന്നവർ ഏകദേശം മൂന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദാഹം തോന്നുന്നതുവരെ കാത്തിരിക്കാതെ ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കണം. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. ഈ സമയത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം ഒരു മൺ കൂജയിൽ സൂക്ഷിച്ചാൽ നല്ല ശുദ്ധമായ കുളിർമയുള്ള വെള്ളം കുടിക്കാം. കുറേ വെള്ളം ഒറ്റയടിക്ക് കുടിക്കാതെ കുറേശ്ശെ വെള്ളം കൂടുതൽ തവണകളായി കുടിക്കുന്നതാണ് നല്ല ഫലം തരിക. കൂടാതെ ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം എന്നിവ ശരീരത്തിലെ ക്ഷീണം അകറ്റി ഉന്മേഷം നില നിർത്തുവാൻ സഹായിക്കുന്നു. വെറും വെള്ളം കുടിക്കുന്നതിനെക്കാൾ ഇടവിട്ട് പഴച്ചാറുകളും, ജ്യൂസും കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇത് ഉന്മേഷവും സൗന്ദര്യം പ്രദാനം ചെയ്യുന്നു. മാമ്പഴം സുലഭമായി കിട്ടുന്ന കാലം കൂടിയാണിത്. ജ്യൂസ്, പുളിശ്ശേരി, പച്ചടി എന്നിവയ്‌ക്കെല്ലാം ഉഷ്ണശമനകാരിയായ മാമ്പഴം ഉത്തമമാണ്. അതുപോലെ, തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, ആപ്പിൾ എന്നിവയെല്ലാം ജ്യൂസുകളാക്കി കഴിക്കാവുന്നതാണ്. ശരീരത്തിന് തണുപ്പും അഴകും പ്രദാനം ചെയ്യും.

മിതം മതി ഭക്ഷണം
മിതമായ ആഹാരം മതി വേനലിൽ. വേഗം ദഹിക്കുന്ന ഭക്ഷണമാണ് നല്ലത്. അരി, ഗോതമ്പ് എന്നിവ കൂടുതൽ ഉപയോഗിക്കാം. മീനും ഇറച്ചിയും പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. ഇളനീർ, ലൈം, മോരുവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കണം. തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവർഗങ്ങളും ശരീരം തണുപ്പിക്കാൻ നല്ലതാണ്. പച്ചക്കറികൾ ധാരാളം ഉപയോഗിക്കണം.

പ്രതിരോധം വേണം
വേനൽക്കാലം പ്രതിരോധശക്തി കുറയുന്ന കാലം കൂടിയാണ്. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വ്യാപിക്കുന്ന സമയമാണ് ഇത്. കുടിക്കാൻ തിളപ്പിച്ച വെള്ളവും ഭക്ഷണം പാകം ചെയ്യാൻ ശുദ്ധജലവും മാത്രം ഉപയോഗിക്കണം. വേനൽക്കാലത്ത് ഉണ്ടാകുന്ന മറ്റൊരു അസ്വസ്ഥതയാണ് ചൂടുകുരു. ഇത് നീറ്റലും ചൊറിച്ചിലും ഉണ്ടാക്കുന്നു. കുളിച്ചതിനുശേഷം ശരീരത്തിൽ നിന്ന് വെള്ളം തുടച്ചുമാറ്റുകയും ചൂടുകുരുവിനുള്ള പൗഡർ ഉപയോഗിക്കുകയും ചെയ്യുക. ദിവസേന രണ്ടുനേരം കുളിക്കാൻ ശ്രദ്ധിക്കണം. കോട്ടൺ വസ്ത്രങ്ങൾ നന്നായി കഴുകി വെയിലത്തുണക്കി ഉപയോഗിക്കണം. പുറത്ത് വെയിലിലേയ്ക്കിറങ്ങുമ്പോൾ മാരകമായ സൂര്യരശ്മികളിൽ നിന്ന് രക്ഷനേടാൻ സൺസ്‌ക്രീൻലോഷനുകൾ ഉപയോഗിക്കാം. വേനൽക്കാലത്ത് മേക്കപ്പ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

ചുടുകുരുവിനെ അകറ്റാം
വേനൽക്കാലത്ത് ചർമത്തിലെ സുഷിരങ്ങൾ അഴുക്കുകൊണ്ട് അടയുന്നതാണ് ചൂടുകുരുക്കൾ വരാൻ കാരണമാകുന്നത്. ഇത് തടയാൻ ദിവസവും പയറുപൊടിയും പാൽപ്പാടയും ചേർത്ത മിശ്രിതം കുരുക്കൾ ഉള്ള ഭാഗത്ത് പുരട്ടണം. വേനലിൽ വെയിലേറ്റ് ചുണ്ടുകൾ കറുത്തു പോകാതിരിക്കാൻ ദിവസവും പാൽപ്പാടയും തേനും ചേർത്ത് പുരട്ടുന്നത് നല്ലതാണ്.