abhinandan

ചണ്ഡീഗഢ്: പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കും ഫലമേകി ഇന്ത്യയുടെ വീരപുത്രൻ അഭിനന്ദൻ വർദ്ധമാൻ ജന്മനാട്ടിലെത്തി. വാഗാ അതിർത്തിയിൽ വച്ചാണ് പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യയ്‌ക്ക് കൈമാറിയത്. 130 കോടി ജനങ്ങളുടെ പ്രാർത്ഥനകൾ നെഞ്ചിലേറ്റി മകനെ സ്വീകരിക്കാൻ അഭിനന്ദന്റെ മാതാപിതാക്കളും വാഗാ അതിർത്തിയിൽ എത്തിയിരുന്നു.

എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകർ ഗ്രൂപ്പ് കമാൻഡർ ജെ.ടി കുര്യൻ എന്നിവർ അഭിനന്ദനെ സ്വീകരിക്കാനെത്തിയിരുന്നു. വാഗയിൽ നിന്നും അഭിനന്ദനെ ഡൽഹിയിലേക്ക് വിമാനമാർഗം എത്തിക്കുമെന്നാണ് സൂചന.

അതേസമയം, അട്ടാരി-വാഗാ അതിർത്തിയിലെ ഇന്നത്തെ പതാകതാഴ്ത്തൽ (ബീറ്റിംഗ് റിട്രീറ്റ്) ചടങ്ങ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) റദ്ദാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് അഭിന്ദനെ സ്വീകരിക്കാൻ വാഗയിൽ എത്തിയത്.

'സമാധാനത്തിന്റെ സന്ദേശ'മെന്ന നിലയിൽ വർദ്ധമാനെ വെള്ളിയാഴ്‌ച വിട്ടയക്കുമെന്ന് പാക് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ കഴിഞ്ഞദിവസം ഇമ്രാൻഖാൻ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനുമേലുള്ള ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിന്റെ ഫലമായാണ് വളരെ വേഗം തന്നെ അഭിനന്ദന് മോചനത്തിനുള്ള വഴി തുറന്നത്. അഭിനന്ദനുമായി പാക് സൈന്യം ലാഹോറിലേക്ക് തിരിച്ചു കഴിഞ്ഞു.

പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് അഭിനന്ദനെ എത്തിച്ചത്. അവിടെ നിന്നും റെഡ്‌ക്രോസ്സിന് കൈമാറുകയായിരുന്നു. തുടർന്ന് പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷം റെഡ്‌ക്രോസ്സാണ് അഭിനന്ദനെ വാഗാ അതിർത്തിയിലെത്തിച്ചത്. ഏതാനും കിലോമീറ്റർ ദൂരം മാത്രമേ ലാഹോറിൽ നിന്ന് വാഗാ അതിർത്തിയിലേക്കുള്ളൂ.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗ് അടക്കമുള്ളവർ അഭിനന്ദനെ സ്വീകരിക്കാൻ വാഗയിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കേണ്ടെന്ന തീരുമാനത്തെ തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. ബുധനാഴ്‌ചയാണ് അഭിനന്ദനെ പാകിസ്ഥാൻ പിടികൂടിയത്. നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വ്യോമസേനാവിമാനം വെടിവെച്ചു വീഴ്‌ത്തിയതിനു പിന്നാലെയാണ് അദ്ദേഹം പിടിയിലായത്. അഭിനന്ദൻ പറപ്പിച്ചിരുന്ന മിഗ്21 ബൈസൺ പോർവിമാനം പാക് അധീനകാശ്‌മീരിൽ തകർന്നുവീണതിനെ തുടർന്നായിരുന്നു ഇത്.