abhinandan

കന്യാകുമാരി: ധീര സൈനികൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരിയിലെ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം അഭിനന്ദൻ വർദ്ധമാന്റെ ധീരതയെ പ്രശംസിച്ചത്. അഭിനന്ദൻ വർദ്ധമാൻ തമിഴ്നാട്ടുകാരനായതിൽ അഭിമാനിക്കുന്നു. ഉറിയിലെയും പുൽവാമയിലെയും ഭീകരാക്രമത്തിന് ശേഷം സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിൽ അഭിനന്ദന്റെ മിഗ്21 വിമാനം പാക് സൈനികർ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. വിമാനത്തിൽ നിന്ന് രക്ഷപെടുകയായിരുന്നെങ്കിലും പാക് അധിനിവേശ കശ്മീരിലായിരുന്നു അദ്ദേഹം എത്തിയത്. തുടർന്ന് പാക് സൈന്യം വർദ്ധമാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 27നാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്.

തുടർന്ന് രാജ്യം നടത്തിയ നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ഇന്നലെ വൈകീട്ടോടെ അഭിനന്ദനെ കൈമാറാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വാഗ അതിർത്തിയിലെത്തിച്ച ശേഷം അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറും. അദ്ദേഹത്തെ സ്വീകരിക്കാനായി പുലർച്ചെ മുതൽ നിരവധി പേരാണ് അതിർത്തിയിൽ എത്തിയിരിക്കുന്നത്.