പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം പല അർത്ഥത്തിലും പുതിയ തുടക്കമായി കാണാവുന്നതാണ്.
മുൻപ് പല അവസരങ്ങളിലും ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോൾ പെട്ടെന്നൊരു തിരിച്ചടി നൽകാൻ ഇന്ത്യ തയാറായിരുന്നില്ല. അതിൽ നിന്ന് വ്യത്യസ്തമായി ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന സന്ദേശം നൽകാൻ വ്യോമാക്രമണത്തിന് കഴിഞ്ഞിട്ടുണ്ട്. അതായത് ആക്രമണം നടന്നാൽ തിരിച്ചടി എന്നത് ഒരു വ്യവസ്ഥാപിത സംവിധാനമായി മാറിയിട്ടുണ്ട്. ഈ നയംമാറ്റം പാകിസ്ഥാനെയും ഭീകരവാദികളെയും പുനർചിന്തയ്ക്ക് നിർബന്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ആണവായുധം തടസമല്ല
ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണ്. പല അവസരങ്ങളിലും ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ മടിച്ചത്, ഒരു പരമ്പരാഗത യുദ്ധത്തിൽ പരാജയപ്പെടുമെന്നുറപ്പുള്ളതിനാൽ പാകിസ്ഥാൻ ആണവായുധം പ്രയോഗിച്ച് ഇന്ത്യയ്ക്ക് അസ്വീകാര്യമായ നഷ്ടം ഉണ്ടാക്കുമെന്ന വാദത്തിൽ അധിഷ്ഠിതമായ ആശങ്കയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായ ഒരു പരിമിതിയായിരുന്നു ഈ വാദം. എന്നാൽ അതിർത്തി കടന്ന് നടത്തിയ വ്യോമാക്രമണത്തോടുകൂടി നിയന്ത്രിത സംഘർഷ സാഹചര്യങ്ങളിൽ അണുവായുധം ഉപയോഗിക്കാതെ തന്നെ ഫലപ്രദമായ സൈനിക നടപടി സാദ്ധ്യമാണെന്ന് ഇന്ത്യ തെളിയിച്ചു. ഭീകരവാദികളുടെയും പാകിസ്ഥാന്റെയും ഭാവിപരിപാടികളെ ഈ നയംമാറ്റം വലിയ രീതിയിൽ സ്വാധീനിക്കും.
പോരാട്ടം തീവ്രവാദത്തോട്
വ്യോമാക്രമണത്തിന്റെ രീതിയും ലക്ഷ്യയും ഇന്ത്യയുടെ പോരാട്ടം തീവ്രവാദത്തോടു മാത്രമാണെന്ന സന്ദേശം കൃത്യമായി നൽകുന്നു. ഭീകരവാദകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മാത്രമാണ് ഇന്ത്യ ബോംബിംഗ് നടത്തിയത്. പാകിസ്ഥാനിലെയോ പാക് അധിനിവേശ കാശ്മീരിലെയോ ജനവാസകേന്ദ്രങ്ങളെയോ സൈനിക കേന്ദ്രങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല എന്നത് സത്യമാണ്. അതായത് തീവ്രവാദത്തെയും അതിന് പാകിസ്ഥാൻ നൽകുന്ന സഹായത്തെയുമാണ് എതിർക്കുന്നത്. ഒരു രാജ്യം എന്ന രീതിയിൽ പാകിസ്ഥാനോ അവിടുത്തെ ജനതയോ ഇന്ത്യയുടെ ശത്രുക്കളല്ല. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ധാർമ്മിക മേൽക്കൈ നൽകുന്നതാണ് ഈ നയം. അതേസമയം ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ല.
കൈമാറ്റം ആത്മാർത്ഥമോ
അഭിനന്ദൻ വർദ്ധമാനെ പെട്ടെന്ന് ഇന്ത്യയ്ക്ക് കൈമാറാൻ പാകിസ്ഥാൻ തയാറായതിന് പല കാരണങ്ങളുണ്ട്. ഒന്ന്, ഇക്കാര്യത്തിൽ ഇന്ത്യയെടുത്ത ശക്തമായ നിലപാട്, വിട്ടുനൽകിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്നുള്ള സന്ദേശം ഇന്ത്യ ശക്തമായി നൽകി. രണ്ട്, ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തടവുകാരെ കൈമാറുന്ന ജനീവാ കരാറിൽ ഒപ്പിട്ട രാഷ്ട്രങ്ങളാണ്. അഭിനന്ദനെ കൈമാറാൻ പാകിസ്ഥാന് നിയമപരമായ ബാദ്ധ്യതയുണ്ട്. മൂന്ന്, അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സമ്മർദ്ദം. ഇക്കാര്യത്തിൽ ചൈനയുടെ മനംമാറ്റം പ്രത്യേകം ശ്രദ്ധേയമാണ്. അമേരിക്ക, റഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ചൈനയുടെ നിലപാടും പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി. നാല് , ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ ഒരു യുദ്ധം നടത്താനുള്ള സാമ്പത്തികവും സൈനികവുമായ കെൽപ്പ്, കടക്കെണിയിലും ആഭ്യന്തരപ്രശ്നങ്ങളിലും നട്ടംതിരിയുന്ന പാകിസ്ഥാനില്ല. എന്നാൽ ഇക്കാരണങ്ങളേക്കാൾ ഉപരിയായി ഇന്ത്യയ്ക്ക് മേൽ ധാർമ്മിക മേൽക്കൈ നേടി ലോകത്തിന് മുൻപിൽ നല്ലപിള്ള ചമയാനുള്ള പാകിസ്ഥാന്റെ തന്ത്രപരമായ നീക്കമായിട്ടു വേണം ഈ നടപടിയെ കാണേണ്ടത്. ' സമാധാനത്തിനായി പിടിക്കപ്പെട്ട സൈനികനെ ഇന്ത്യയ്ക്ക് കൈമാറുന്നു ' എന്നാണ് പാക് പ്രധാനമന്ത്രി പാർലമെന്റിലെ കരഘോഷത്തിനിടെ പറഞ്ഞത്. സമാധാനത്തിനു വേണ്ടിയുള്ള ആഗ്രഹവും ഉത്തരവാദിത്വവും ഇന്ത്യയേക്കാൾ കൂടുതലുള്ള രാഷ്ട്രമായി പാകിസ്ഥാനെ അവരോധിക്കുകയാണ് ഈ പബ്ളിസിറ്റി സ്റ്റണ്ടിലൂടെ ഇമ്രാൻഖാൻ കളിച്ചത്. ഈ കളിയിൽ ഇമ്രാൻ ഖാനുള്ള രാഷ്ട്രീയ നേട്ടം ചെറുതല്ല.
സമാധാനം പുലരുമോ?
അഭിനന്ദൻ വർദ്ധമാനെ വിട്ടയച്ചതോടു കൂടി നിലവിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരും. ഇന്ത്യൻ സൈനിക മേധാവികളുടെ സംയുക്ത പ്രസ്താവനയും ലോക നേതാക്കൾ നൽകിയ സൂചനയും പാകിസ്ഥാനിൽ നിന്ന് വരുന്ന വാർത്തകളും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ ഗൗരവമേറിയ പ്രശ്നം സുസ്ഥിരമായ സമാധാനത്തിലേക്ക് നീങ്ങാൻ കഴിയുമോ എന്നതാണ്. ഇതുവരെ പാക്കിസ്ഥാൻ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ മസൂദ് അസറിനെതിരെ നടപടിയെടുക്കാനോ തയാറായിട്ടില്ല. മറിച്ച് ആ കൊടുംഭീകരന് വേണ്ട സുഖസൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഭീകരപ്രവർത്തനങ്ങൾ പാകിസ്ഥാന്റെ ഔദ്യോഗിക നയമാണ്. ഇത്തരക്കാർക്ക് വേണ്ടുന്ന ധാർമ്മികവും ഭൗതികവുമായ എല്ലാ സൗകര്യവും പാകിസ്ഥാൻ ഉറപ്പാക്കുന്നു. പാകിസ്ഥാനിലെ പല ഭീകരകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചപ്പോൾ ഇന്ത്യാ വിരുദ്ധ ഭീകര ക്യാമ്പുകൾ ആക്രമിക്കാൻ പാകിസ്ഥാൻ അമേരിക്കയെ അനുവദിച്ചിരുന്നില്ല. കാശ്മീരിലെ സ്വാതന്ത്ര്യസമര പോരാളികളായാണ് പാകിസ്ഥാൻ, ഭീകരരെ പരിഗണിക്കുന്നത്. ഇതാണ് പ്രശ്നത്തിന്റെ കാതൽ. ചർച്ചയ്ക്ക് തയാറാണെന്ന് പാക്കിസ്ഥാൻ ആവർത്തിക്കുമ്പോഴും ഇന്ത്യയ്ക്കെതിരെയുള്ള ഭീകരത അവസാനിപ്പിക്കാൻ അവർ തയാറല്ല. ' ആയിരം മുറിവുകളിലൂടെ ഇന്ത്യയുടെ രക്തം ചീന്തുവാൻ ' വേണ്ടിയുള്ള ആയുധമായിട്ടാണ് ഭീകരതയെ പാകിസ്ഥാൻ കാണുന്നത്. ഇത് പാക് സൈന്യത്തിന്റെ കൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ അർത്ഥവത്തായ ചർച്ച നടത്താൻ പാകിസ്ഥാന് കഴിയില്ല. അതായത് അഭിനന്ദിനെ വിട്ടയയ്ക്കുന്നതോടു കൂടി സംഘർഷത്തിന് താത്കാലികമായി അയവ് വരുമെങ്കിലും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരാനാണ് സാദ്ധ്യത.
താത്കാലികമായി സൈനിക നടപടികൾ നിറുത്തി വയ്ക്കുന്നെങ്കിലും , തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. അഭിനന്ദനെ വിട്ടുകിട്ടുന്നതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ലോകരാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും കൂടെക്കൂട്ടി തീവ്രവാദത്തിന്റെ വേരറുക്കാൻ പറ്റിയ സുവർണാവസരമാണിത്.