ന്യൂഡൽഹി:ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർദ്ധമാനിന്റെ മാതാപിതാക്കളെ ഇന്നലെ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാർ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരിച്ചു.
പാക് കസ്‌റ്റഡിയിൽ നിന്ന് മോചിതനായ പുത്രനെ കാണാൻ വാഗാ അതിർത്തിയിലേക്ക് പോകാനാണ്
റിട്ട. എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാനും ഭാര്യ ശോഭ വർദ്ധമാനും ഇന്നലെ ചെന്നൈയിൽ നിന്ന് ഢൽഹിയിലേക്കുള്ള വിമാനത്തിൽ കയറിയത്. ഇതിനകം രാജ്യത്തിന്റെയാകെ ഹീറോ ആയി മാറിയ അഭിനന്ദൻ വർദ്ധമാനന്റെ മാതാപിതാക്കളാണെന്ന് തിരിച്ചറിഞ്ഞ യാത്രക്കാർ സ്നേഹാദരങ്ങൾ പ്രകടിപ്പിച്ച് എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പലരും ഇരുവരോടും ഒപ്പം നിന്ന് ചിത്രങ്ങൾ എടുത്തു. ആദരവിന് ഇരുവരും യാത്രക്കാർക്ക് നന്ദി പറഞ്ഞു. ഡൽഹിയിൽ എത്തിയപ്പോൾ യാത്രക്കാർ ഇരുവരെയും വിമാനത്തിൽ നിന്ന് ഇറങ്ങാൻ സഹായിച്ചു.
ഡൽഹിയിൽ നിന്ന് ഇരുവരും അമൃത്‌സറിൽ എത്തി അവിടെ നിന്നാണ് ഇന്നലെ വാഗ അതിർത്തിയിലേക്ക് പോയത്.