വാഗ:മാതൃരാജ്യത്തെ ആക്രമിച്ച ശത്രുവിമാനത്തെ ജീവൻ പണയം വച്ച് വെടിവച്ചിട്ടു...ശത്രുവിന്റെ വെടിയേറ്റ് തകർന്ന സ്വന്തം വിമാനത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടു...ശത്രുനാട്ടിലെ മർദ്ദനത്തിലും തടങ്കലിലെ ചോദ്യം ചെയ്യലിലും നെഞ്ചുവിരിച്ചു നിന്ന ധീരൻ...ഇന്ത്യയ്‌ക്കൊപ്പം ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നപ്പോൾ രാജ്യത്തിന്റെ വീരപുത്രന് മോചനം...
ലോകം ഉറ്റുനോക്കവേ നൂറ്റിമുപ്പത് കോടി ജനങ്ങളുടെ മനസിൽ ദേശസ്നേഹത്തിന്റെ ത്രിവർണ പതാക പാറിച്ച് വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി. വാഗാ അതിർത്തിയിൽ ഇന്നലെ അഞ്ച് മണിക്കൂറുകൾ നീണ്ട ഉദ്വേഗത്തിനൊടുവിൽ രാത്രി 9. 20ന് അഭിനന്ദനെ പാക് അധികൃതർ ഇന്ത്യയ്‌ക്ക് കൈമാറി.വാഗ അതിർത്തി മറ്റൊരു ചരിത്ര മുഹൂർത്തത്തിന് വേദിയായി. ധീരനായകനെ വരവേറ്റ രാജ്യം ആഘോഷത്തിമിർപ്പിലായി. ഇന്ത്യൻ അധികൃതർ അഭിനന്ദനെ ഏറ്റുവാങ്ങി വാഗ ഗേറ്റ് കടന്ന് വന്നപ്പോൾ രാവിലെ മുതൽ കാത്തുനിന്ന ഇന്ത്യാക്കാർ ദേശീയ പതാകകൾ വീശി ജയാരവം മുഴക്കി.
തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കാത്തു നിന്ന മാദ്ധ്യമങ്ങളോട് അഭിനന്ദൻ പറഞ്ഞു
അഭിനന്ദനെ കൈമാറുന്നതിനാൽ വാഗായിൽ ഇന്ത്യ-പാക് പതാകകൾ താഴ്‌ത്തുമ്പോഴുള്ള പതിവ് ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങ് ബി.എസ്.എഫ് റദ്ദാക്കിയിരുന്നു.
മാതാപിതാക്കളായ സിംഹക്കുട്ടി വർദ്ധമാനും ഡോ. ശോഭ വർദ്ധമാനും മറ്റ് ബന്ധുക്കളും അഭിനന്ദനെ സ്വീകരിക്കാൻ എത്തിയിരുന്നു. അഭിനന്ദന് അഭിവാദ്യവുമായി രാവിലെ മുതൽ പ്രവഹിച്ച ജനങ്ങളെ ഒരു കിലോമീറ്റർ അകലെ ബാരിക്കേഡ് വച്ച് തടഞ്ഞു. മാദ്ധ്യമങ്ങളെയും ഗേറ്റിനടുത്തേക്ക് വിട്ടില്ല.
ബുധനാഴ്‌ച പാക് സേന ബന്ദിയാക്കിയ അഭിനന്ദനെ പാക് സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്നലെ സൈനിക വിമാനത്തിൽ ലാഹോറിൽ എത്തിച്ചു. ജനീവ കൺവെൻഷൻ പ്രകാരം അഭിനന്ദനെ റെഡ്ക്രോസിനാണ് ആദ്യം കൈമാറിയത്. തുടർന്ന് ലാഹോറിൽ നിന്ന് റോഡ് മാർഗം പാക് സായുധ സൈനികരുടെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് വാഗായിൽ കൊണ്ടുവന്നത്. ഇന്ത്യൻ വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റനും പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ എയർ അറ്റാഷെയുമായ ജോയി തോമസ് കുര്യനും ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും ലാഹോർ മുതൽ അഭിനന്ദനെ അനുഗമിച്ചു.
അഭിനന്ദനെ വിമാനത്തിൽ എത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ നിരാകരിച്ചിരുന്നു. അതിനായി പ്രത്യേക വിമാനം പാകിസ്ഥാനിലേക്ക് അയയ്‌ക്കാനും ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ വാഗാ അതിർത്തി വഴിയായിരിക്കും എത്തിക്കുകയെന്ന് പാകിസ്ഥാൻ വ്യാഴാഴ്‌ച രാത്രി ഇന്ത്യയെ അറിയിക്കുകയായിരുന്നു. ലാഹോറിൽ നിന്ന് 25 കിലോമീറ്ററാണ് വാഗായിലേക്കുള്ളത്.
അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക്
വൈകിട്ട് 4.20ഒാടെ വാഗായിൽ അഭിനന്ദനുമായി പാക് കരസേനയുടെ വാഹനവ്യൂഹം എത്തി.
ഇന്ത്യൻ ഭാഗത്ത് കരഘോഷം
വി.വി.ഐ.പി സ്യൂട്ടിലെ കസ്‌റ്റംസ് പരിശോധനയും മറ്റും തുടങ്ങി
എയർ വൈസ് മാർഷൽമാരായ ശ്രീകുമാർ പ്രഭാകരൻ, ആർ. ജി. കെ കപൂർ എന്നിവർ സ്വീകരിക്കാൻ എത്തിയിരുന്നു
വാഗായിൽ നിന്ന് ബി.എസ്.എഫിന്റെ അട്ടാരി ക്യാമ്പിലേക്ക്.
അവിടെ മെഡിക്കൽ പരിശോധനയും മറ്റ് നടപടികളും
അട്ടാരിയിൽനടപടികൾ പൂർത്തിയാക്കി 20 കിലോമീറ്റർ അകലെ അമൃത്‌സറിലേക്ക് കൊണ്ടു പോകും.
അവിടെ നിന്ന് ഡൽഹിയിലേക്ക്.
അഭിനന്ദന്റെ പരീക്ഷണം ഇനി
ആദ്യം കൊണ്ടു പോകുന്നത് വ്യോമസേനയുടെ ഇന്റലിജൻസ് യൂണിറ്റിലേക്ക്
അവിടെ ശാരീരിക, മാനസിക പരിശോധന
മെഡിക്കൽ പരിശോധനകൾ
ശത്രുസേന ശരീരത്ത് ചിപ്പുകൾ കടത്തിയിട്ടുണ്ടോ എന്ന പരിശോധന
മനഃശാസ്‌ത്ര പരിശോധന
ശത്രുസേന പീഡിപ്പിച്ച് സൈനിക രഹസ്യങ്ങൾ ചോർത്തിയോ എന്ന് അറിയാനുള്ള തീക്ഷ്ണമായ ചോദ്യം ചെയ്യൽ
ഇന്റലിജൻസ് ബ്യൂറോയുടെയും റോയുടെയും ചോദ്യം ചെയ്യൽ
അഞ്ച് മണിക്കൂർ ഉദ്വേഗം
നേരത്തേ 5.25 ഓടെ അഭിനന്ദനെ കൈമാറിയെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും നടപടികൾ പൂർത്തിയാക്കി കൈമാറ്റം നടന്നപ്പോൾ രാത്രി 9.20 ആയി.
വൈകിട്ട് 4.20ന് വാഗായിൽ അഭിനന്ദനുമായി പാക് അധികൃതർ എത്തിയതാണ്
ഒരു മണിക്കൂർ നീണ്ട നടപടികൾക്ക് ശേഷം കൈമാറ്റം നടന്നതായാണ് കരുതിയത്.
കൈമാറ്റം നടന്നില്ലെന്ന് എട്ടരയോടെയാണ് വ്യക്തമായത്.
വൈകിയതിന്റെ കാരണങ്ങൾ വ്യക്തമായിട്ടില്ല