മാഡ്രിഡ്: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബാളാരാധകരുടെ കണ്ണിന് വിരുന്നായി ഇതാ വീണ്ടും എൽ ക്ലാസിക്കോ. സ്പാനിഷ് ലീലിഗയിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോയുടെ കിക്കോഫ് ഇന്ന് രാത്രി 1.15നാണ്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂ തന്നെയാണ് വീണ്ടും എൽ ക്ലാസിക്കോയ്ക്ക് വേദിയാകുന്നത്. ബുധനാഴ്ച രാത്രി നടന്ന കോപ്പ ഡെൽ റേ രണ്ടാം പാദസെമിയിൽ റയലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്സ ഫൈനലിൽ കടന്നിരുന്നു. ആ വിജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും വീണ്ടും റയലിനെ അവരുടെ തട്ടകത്തിൽ നേരിടാനിറങ്ങുന്നത്. എന്നാൽ സ്വന്തം ആരാധകർക്ക് മുന്നിൽ തകർപ്പൻ തിരിച്ചുവരവാണ് ലൂക്ക മൊഡ്രിച്ചും സംഘവും ലക്ഷ്യം വയ്ക്കുന്നത്. സമീപകാലങ്ങളിൽ നടന്ന എൽ ക്ലാസിക്കോകളിൽ ജയിക്കാനായിട്ടില്ലെന്ന ചീത്തപ്പേര് അവർക്ക് മാറ്രുകയും വേണം.
പോയിന്റ് ടേബിളിൽ 25 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുള്ള ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി നിലവിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 50 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
പകയോടെ റയൽ
ഫുട്ബാളിലെ തന്നെ ഏറ്രവും വലിയ പോരാട്ടങ്ങളിൽ ഒന്നായ എൽക്ലാസിക്കോയിൽ തുടർച്ചയായി ജയിക്കാനാകാത്തതിന്റെ സമ്മർദ്ദത്തിലാണ് ഇന്ന് റയൽ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം കോപ്പ ഡെൽറേയിൽ മികച്ച രീതിയിൽ ആദ്യ പകുതിയിൽ കളിച്ചിട്ടും ഗോളടിക്കാനാകാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. പുത്തൻ താരോദയം വിനീഷ്യസ് ജൂനിയർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഫിനിഷിംഗിലെ പിഴവുകളും ബാഴ്സ ഗോളി ടെർസ്‌റ്രാഗാന്റെയും പ്രതിരോധ നിരയടെ ഇടപെടലുകളും റയലിന് പാരയാവുകയായിരുന്നു. അതിനിടെ പാളയത്തിലെ പടയും റയലിന് തലവേദനയാണ്. സൂപ്പർതാരം ഗാരത് ബെയ്ൽ റയിലിൽ സന്തുഷ്ടനല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലെവാന്റെയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഗോൾനേടിയ ശേഷം അദ്ദേഹം ആഘോഷിക്കാൻ തയ്യാറാകാതിരുന്നത് ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. മാത്രമല്ല റൊണാൾഡോ ഒഴിച്ചിട്ട വിടവ് ഇനിയും നികത്തേണ്ടതുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിലും മുറിവേറ്ര സിംഹക്കൂട്ടമായ റയൽ തിരിച്ചടിച്ചേക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
കൂളായി ബാഴ്സ
സമീപകാലത്ത് റയലിന് മേലുള്ള ആധിപത്യം തന്നെയാണ് ബാഴ്സയുടെ ആത്മവിശ്വാസം. മെസിയിൽ മാത്രം കേന്ദ്രീകരിക്കാതെയുള്ള നീക്കങ്ങൾ കഴിഞ്ഞ എൽ ക്ലാസിക്കോയിൽ ക്ലിക്കായതും അവർക്ക് പ്ലസ് പോയിന്റാണ്. എൽ ക്ലാസിക്കോയിൽ കളം നിറയുന്ന സുവാരസിന്റെ മാസ്മരികതയും അവർക്ക് മുതൽക്കൂട്ടാണ്. കഴിഞ്ഞ ദിവസം റയൽ മെസിയെ പൂട്ടാൻ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കിട്ടിയ അവസരം മുതലെടുത്ത സുവാരസ് അവരുടെ കഥകഴിക്കുകയായിരുന്നു. സാമുവൽ ഉംറ്റിറ്രിയുടെ പരിക്ക് ഭേദമായതും ശുഭസൂചനയാണ്. അതേസമയം വിനീഷ്യസിനെ കൃത്യമായി തളയ്ക്കാൻ ഇന്ന് കഴിഞ്ഞില്ലങ്കിൽ ബാഴ്സ അതിന് വലിയ വിലനൽകേണ്ടി വരുമെന്ന സൂചനയാണ് കഴിഞ്ഞ കോപ്പ ഡെൽ റേ സെമി സൂചിപ്പിക്കുന്നത്.
ഓർമ്മിക്കാൻ
സ്പാനിഷ് ലാലിഗയിൽ ഏറ്രവും കൂടുതൽ തവണ റയൽ മാഡ്രിഡിനെ കീഴടക്കിയ ടീം ബാഴ്സലോണയാണ് (71).അതു പോലെതന്നെ ബാഴ്സയേയും ഏറ്രവും കൂടുതൽതവണ കീഴടക്കിയ ടീം റയൽ മാഡ്രിഡാണ് (72).
ലാലിഗയിൽ അവസാനം മുഖാമുഖം വന്ന അഞ്ച് മത്സരങ്ങളിലും റയലിന് ബാഴ്സയെ കീഴടക്കാനായില്ല. 3 എണ്ണത്തിൽ ബാഴസലോണ ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലായായി.
അവസാനം കളിച്ച 22 മത്സരങ്ങളിൽ റയലിനെതിരെ ഗോൾ നേടാൻ ബാഴ്സലോണയ്ക്കായി. 53 ഗോളാണ് ഇത്രയും മത്സരങ്ങളിൽ നിന്ന് ബാഴ്സ റയിലിന്റെ വലയിൽ എത്തിച്ചത്.