pakistan-attack-in-border

ശ്രീനഗർ: ഇന്ത്യ- പാക് പ്രശ്നത്തിൽ സമാധാന ചർച്ചകൾക്കായി രാജ്യം പ്രവർത്തനങ്ങൾ തുടരവെ ഇന്നലെ ഉത്തര കാശ്മീരിലെ ഹന്ദ്‌വാര മേഖലയിലെ ബാബാഗുണ്ട് ലങ്കേറ്റിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ജവാൻമാർ വീരമൃത്യുവരിച്ചു. രണ്ട് സി.ആർ.പി.എഫ് ജവാൻമാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. നാല് സുരക്ഷാ സൈനികർക്ക് പരിക്കേറ്രു. ഹന്ദ്‌വാരയിൽ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിനു പിന്നാലെയാണ് ഭീകരാക്രമണം ശക്തമായത്. സമീപത്ത് വിഘടനവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു നാട്ടുകാരനു കൊല്ലപ്പെട്ടിട്ടുണ്ട്.

22 രാഷ്ട്രീയ റൈഫിൾസും സി.ആർ.പി.എഫ് 92 ബറ്റാലിയനും അഞ്ചു മണിക്കൂറോളം സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. തുടർന്ന് ശക്തമായ ഏറ്റുമുട്ടലിലാണ് 4 ജവാൻമാർക്ക് ജീവൻ നഷ്ടമായത്.

പ്രകോപനം തുടർന്ന് പാകിസ്ഥാൻ

സമാധാനത്തിന്റെ പേരിൽ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുകയാണെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ പ്രകോപനം തുടരുകയാണ്. തുടർച്ചയായ എട്ടാം ദിനവും നിയന്ത്രണരേഖയ്ക്ക് സമീപം ഇന്നലെ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ ഇന്നലെ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിൽ നാട്ടുകാരിയായ നസീം അക്തർ എന്ന സ്ത്രീക്ക് പരിക്കേറ്റു. പൂഞ്ചിലെ കൃഷ്ണഗാട്ടി സെക്ടറിലും രജൗരിയിലുമായി ഒന്നര മണിക്കൂറോളമാണ് ഇന്നലെ പാക് സൈന്യം മോർട്ടാർ ഷെല്ലിംഗ് നടത്തിയത്. കരസേന വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.

വാഗാ അതിർത്തിയിൽ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറുന്നതിനിടെയാണ് വീണ്ടും വെടിവയ്പുണ്ടായത്.

നിയന്ത്രണ രേഖയിൽ ആറിടങ്ങളിൽ വ്യാഴാഴ്ച പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖയിൽ നിന്ന് 5 കിലോമീറ്റ‌ർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടച്ചിട്ടു.