ന്യൂഡൽഹി: പുൽവാവ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചത്തലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. ലോക്സഭാ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇന്ത്യും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സുനിൽ അറോറ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി ഉത്തർപ്രദേശിലെത്തിയതായിരുന്നു സുനിൽ അറോറ. ഇന്ത്യ - പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ രാജ്യത്തിനകത്തുള്ള സ്വത്തുക്കൾക്ക് പുറമേ വിദേശത്തുള്ള വസ്തുവകകളുടെ വിശദാംശങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ആദായ നികുതി വകുപ്പ് അത് പരിശോധിക്കും. തിരഞ്ഞെടുപ്പു കമ്മീഷൻെറ വെബ്സൈറ്റിൽ ലഭ്യമായ ഈ വിവരങ്ങളിൽ വല്ല പൊരുത്തക്കേടുകളും കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ മുന്നറിയിപ്പ് നൽകി.