തിരുവനന്തപുരം: കേരള പൊലീസിനെക്കുറിച്ച് പഠിക്കാൻ ദുബായ് പൊലീസിന്റെ ഇന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി. ശാസ്ത്രിയ കുറ്റാന്വേഷണ രീതികൾ, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് അറിയാനാണ് ദുബായ് പൊലീസിലെ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖിയുടെ നേതൃത്വത്തിൽ അഞ്ച് ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്ത് എത്തിയത്.
പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ, ഐ.ജിമാരായ പി.വിജയൻ, ദിനേന്ദ്രകശ്യപ്, ഡി.ഐ.ജിമാരായ പി.പ്രകാശ്, കെ.സേതുരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം ദുബായ് സംഘത്തോട് വിശദീകരിച്ചു. കേരളാ പൊലീസിന്റെ സൈബർഡോം ആസ്ഥാനത്തും ദുബായ് പൊലീസ് സംഘം സന്ദർശനം നടത്തി.
ലോക കേരളസഭ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിനിടെ, ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സ്മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറ സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയിരുന്നു. കേരളത്തിൽ സ്‌മാർട്ട് സ്റ്റേഷൻ തുടങ്ങാൻ എല്ലാ സഹായവും ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിരുന്നു. ദുബായിലെത്തി സ്‌മാർട്ട് സ്റ്റേഷനുകളെക്കുറിച്ച് പഠിക്കാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. സ്‌മാർട്ട് സ്റ്റേഷനിലെ എ.ടി.എം പോലുള്ള കിയോസ്കിൽ സേവനം ലഭ്യമാക്കുന്ന 5 ഭാഷകളിൽ മലയാളത്തെക്കൂടി ഉൾപ്പെടുത്താമെന്നും ദുബായ് പൊലീസ് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദുബായ് പൊലീസ് സംഘം കേരളത്തിലെത്തിയത്.