ന്യൂഡൽഹി: ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം ഒരിക്കലും ഒരു മതത്തിനെതിരെയുള്ള പോരാട്ടമല്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിർക്കണമെന്നും അവർ പറഞ്ഞു. അബുദാബിയിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്.
ഇസ്ലാം എന്നാൽ സമാധാനം എന്നാണർത്ഥം. അല്ലാഹുവിന്റെ പേരുകളൊന്നും ആക്രമണത്തെ കുറിക്കുന്നതല്ല. അതുപോലെ എല്ലാ മതങ്ങളും സമാധാനത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെ പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു.
57 ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘമായ ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിലേക്ക് (ഐ.ഒ.സി) ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നത് ആദ്യമായാണ്. മതങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴാണ് ലോകത്ത് ഭീകരവാദം ഉടലെടുക്കുന്നത്. ഇത് കൂടി വരുകയാണ്. ഇത് സംസ്കാരത്തെ ചൊല്ലിയുള്ള തർക്കമല്ല, മറിച്ച് ആശയങ്ങളും സങ്കല്പങ്ങളും സംബന്ധിച്ചുള്ള ഏറ്റുമുട്ടലാണ്. ദൈവം ഒന്നാണെന്നും അതിനെ മനുഷ്യൻ വിവിധ രീതിയിൽ ആരാധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുഷമാ സ്വരാജ് പരാമർശിച്ചു.
ഇന്ത്യയുടെ വൈജാത്യങ്ങളെ കുറിക്കുന്നതാണ് ഇന്ത്യയിലെ ഹിന്ദു- മുസ്ലിം സാഹോദര്യം. ഇന്ത്യയിൽ 18 കോടിയിൽപ്പരം മുസ്ലിങ്ങളുണ്ട്. അവർ മലയാളവും ഹിന്ദിയും തമിഴും ഭോജ്പൂരിയും ഉൾപ്പെടെയുള്ള ഭാഷകൾ സംസാരിക്കുന്നവരാണ്. സമാധാനത്തിന്റെയും അറിവിന്റെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മണ്ണാണ് ഇന്ത്യ. ലോകത്തിലെ എല്ലാ മതങ്ങളും ഒരുമിച്ച് കഴിയുന്ന രാജ്യമാണിതെന്നും സുഷമ പറഞ്ഞു.
മനുഷ്യത്വം സംരക്ഷിക്കണമെങ്കിൽ ഭീകരതയ്ക്ക് പണം നൽകുന്ന പ്രവണത അവസാനിപ്പിക്കണം. ഭീകരവാദം ജീവന് ഭീഷണിയാണ്. അത് ലോകത്തെ വലിയൊരു വിപത്തിലേക്ക് നയിക്കും. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനം പുലരില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സുഷമാ സ്വരാജ് അതിഥിയായി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യയ്ക്കുള്ള ക്ഷണം പിൻവലിച്ചാൽ മാത്രമേ യോഗത്തിന് എത്തുകയുള്ളൂവെന്ന് ഖുറേഷി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒ.ഐ.സി സമ്മേളനം ഇന്ന് അവസാനിക്കും.