കൊല്ലം : വീടുകയറിയുള്ള മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ച കേസിൽ പ്രതിയായ ജയിൽ വാർഡറെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്‌തു. ജില്ലാ ജയിലിലെ അസി. പ്രിസൺസ് ഓഫീസർ തേവലക്കര അരിനല്ലൂർ മല്ലകത്ത് കിഴക്കതിൽ വിനീതാണ് (30) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണ പിള്ള - രജനി ദമ്പതികളുടെ മകൻ രഞ്ജിത്താണ് (17) വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ വിനീതിന്റെ ബന്ധുക്കളായ മൂന്നുപേർ കൂടി പങ്കാളികളാണെങ്കിലും ഇവരെ പ്രതിചേർത്തിട്ടില്ല.
തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇത് വ്യക്തമാവുകയുള്ളൂ. ഫെബ്രുവരി 14ന് പ്രണയദിനത്തിൽ അരിനല്ലൂർ സ്വദേശിയായ പത്താം ക്ളാസ് വിദ്യാർത്ഥിനിയെ രഞ്ജിത്ത് ശല്യം ചെയ്‌തെന്ന് ആരോപണമുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിക്കാനാണ് അന്ന് രാത്രി 11 ന് വിനീതും പെൺകുട്ടിയുടെ പിതാവും അടങ്ങുന്ന നാലംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലെത്തിയത്. ഇവിടെവച്ച് വിനീതിന്റെ മർദ്ദനമേറ്റ രഞ്ജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
നേരത്തേ അപസ്മാരത്തിന് ചികിത്സ നടത്തിയിരുന്നതിനാൽ അസ്വസ്ഥതകളുമുണ്ടായി. വിവിധ ആശുപത്രികളിലെത്തിച്ച രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹവുമായി പൊലീസ്
സ്റ്റേഷന് മുന്നിൽ പ്രതിഷേധം
രഞ്ജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകരും രഞ്ജിത്തിന്റെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധിച്ചത്. പൊലീസും നേതാക്കളുമായി ചർച്ച നടത്തിയിതിനെ തുടർന്നാണ് മൃതദേഹം രഞ്ജിത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയടക്കമുള്ളവർ പങ്കെടുത്തു.