abhinandan-vardhman

ന്യൂ‌ഡൽഹി: വാഗ അതിർത്തിയിൽ,​ ചരിത്രത്തിന്റെ വാതിൽ തുറന്ന് ജന്മനാടിന്റെ വരവേൽപ്പിലേക്കു മടങ്ങിയെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കാത്തിരിക്കുന്നത് സൈനിക നടപടിക്രമങ്ങളുടെ പരീക്ഷണ ദിനങ്ങൾ. ശാരീരിക,​ മാനസിക പരിശോധനകളും സൈനിക ഇന്റലിജൻസ് വിഭാഗം ഉൾപ്പെടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ദിവസങ്ങളോളം ദീർഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂ.

ഇന്നലെ വൈകിട്ട് 5.25 ന് ഇന്ത്യയ്‌ക്കു കൈമാറിയ അഭിനന്ദനെ കാത്ത് വാഗ അതിർത്തി ഗേറ്റിൽ രാവിലെ മുതൽ കാത്തുനിന്നവർക്കും മാദ്ധ്യമപ്രവർത്തകർക്കും മുന്നിലേക്ക് എത്തിക്കാതെ അദ്ദേഹത്തെ നേരെ എയ‍‌ർ ഫോഴ്സ് ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ ഏറ്റെടുക്കുകയായിരുന്നു. പാകിസ്ഥാന്റെ എഫ്- 16 വിമാനം വീഴ്‌ത്തിയ ധീരപുരുഷനെങ്കിലും,​ സൈനിക പ്രോട്ടോകോൾ അനുസരിച്ച് ശത്രുരാജ്യത്തിന്റെ യുദ്ധത്തടവുകാരനാണ് അഭിനന്ദൻ. മൂന്നു ദിവസം പാകിസ്ഥാൻ ബന്ദിയായിരുന്ന അഭിനന്ദന്,​ ആ നിലയ്‌ക്കുള്ള സങ്കീർണ നടപടിക്രമങ്ങൾക്കും ചോദ്യംചെയ്യലുകൾക്കും വിധേയനാകേണ്ടിവരും.

"ഒരു സൈനികൻ എത്ര ധീരനോ സീനിയറോ ആകട്ടെ,​ ശത്രുരാജ്യത്തിന്റെ പിടിയിലായ ശേഷം മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ദീർഘവും വിശദവുമായ ചോദ്യം ചെയ്യലുകൾ ഒഴിവാക്കാനാകില്ല. ഒരു കാര്യം ഉറപ്പിക്കാം- അഭിനന്ദനോട് ആദരപൂർവമായിരിക്കും രാജ്യം പെരുമാറുക." വ്യോമസേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ.

പറഞ്ഞു.

ഇന്ത്യയ്‌ക്ക് പാകിസ്ഥാൻ കൈമാറിയ അഭിനന്ദൻ വർദ്ധമാനെ യുദ്ധ തടവുകാരൻ (പ്രിസണർ ഒഫ് വാർ)​ ആയാണോ പരിഗണിക്കുന്നതെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് വ്യോമസേനയുടെ ഓദ്യോഗിക വക്താവ് പ്രതികരിച്ചത്. അഭിനന്ദന്റെ മനോനില പരിശോധിച്ചതിനു ശേഷം,​ പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയാക്കിയതിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. യുദ്ധത്തടവുകാരൻ ആയാണ് പരിഗണിക്കപ്പെടുന്നതെങ്കിൽ ചോദ്യംചെയ്യൽ സുദീർഘവും കടുത്തതുമാകും.

രാഷ്‌‌ട്രത്തിന്റെ അന്തസ്സു കാത്ത ധീരസൈനികനോട് ക്രൂരമെന്നു പോലും കരുതാവുന്നത്ര കഠിനമായ ചോദ്യംചെയ്യലുകളും അനുബന്ധ നടപടിക്രമങ്ങളും അടങ്ങുന്നതാണ് സൈനിക പ്രോട്ടോകോൾ. . ബന്ദിയായിരുന്നയാളുടെ ശരീരത്തിൽ സൈനിക രഹസ്യങ്ങളോ,​ സംഭാഷണങ്ങളോ ചോർത്താൻ ശേഷിയുള്ള സൂക്ഷ‌്മ ഉപകരണങ്ങൾ (ശരീരത്തിലേക്ക് കടത്തിവയ്‌ക്കാവുന്ന ഇലക്‌ട്രോണിക് ചിപ്പ് ഉൾപ്പെടെ)​ ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തർഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.

പാക് സൈനിക കസ്റ്റഡിയിൽ തീവ്രമായ മാനസിക പീഡനത്തിനും,​ മനോനില തകർത്തുകളയുന്ന പീഡനങ്ങൾക്കും അഭിനന്ദൻ ഇരയായിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സൈനികരെ ക്രൂര പിഡനങ്ങൾക്കു വിധേയരാക്കിയോ,​ മാനസികനില അസ്ഥിരപ്പെടുത്തിയോ നിർണായക രഹസ്യങ്ങൾ ചോർത്തിയെടുക്കുന്ന രീതി ശത്രുക്കൾക്കുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാക് സൈന്യത്തിന് അഭിനന്ദനിൽ നിന്ന് ലഭിച്ചിട്ടുണ്ടോ എന്നറിയണം. ഇതിനെല്ലാം സങ്കീർണ പരിശോധനകളും,​ ചോദ്യം ചെയ്യലും വേണ്ടിവരും.

ക്രൂരമെങ്കിലും,​

വേണ്ടിവരും

ഏറ്റവും വേദനാജനകമെങ്കിലും,​ ഇത്തരം സാഹചര്യത്തിൽ ഒഴിവാക്കാനാകാത്തത് എന്ന് സൈനിക വൃത്തങ്ങൾ തന്നെ വെളിപ്പെടുത്തുന്ന ഒരു നടപടിക്രമമുണ്ട്- ശത്രുക്കളുടെ ബ്രെയിൻ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാൾ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക.

കാർഗിൽ യുദ്ധത്തിനിടെ പാക് പിടിയിലായ ശേഷം മടങ്ങിയെത്തിയ വ്യോമസേനാ പൈലറ്റ് നചികേതയുടെ കാര്യത്തിൽ സൈനിക ഇന്റലിജൻസ് ഇത്തരം ചോദ്യംചെയ്യൽ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. വ്യോമസേനാ ചരിത്രത്തിലെ വീരപുരുഷനായിരുന്ന ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ മകൻ എയർ മാർഷൽ കെ.സി. നന്ദ കരിയപ്പ 1965-ലെ യുദ്ധകാലത്ത് പാക് പിടിയിലായപ്പോഴും ഇതുതന്നെയായിരുന്നു നടപടി. റിട്ട. എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാന്റെ മകൻ വിംഗ് കമാൻ‌ഡർ അഭിനന്ദൻ വർദ്ധമാന്റെ കാര്യത്തിൽ തുടർനടപടികൾക്ക് മാറ്റമുണ്ടാകുമെന്ന് കരുതാമോ?​