mod3

കാലിഫോർണിയ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ടെസ്‌ലയുടെ 'മോഡൽ3" ഇലക്‌ട്രിക് കാർ വിപണിയിലെത്തി. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ എലോൺ മസ്‌ക് 2006 മുതൽ മനസിൽ താലോലിക്കുന്ന മോഡലാണിത്. മൂന്നുവർഷം മുമ്പ് ലോകത്തിന് മുന്നിൽ മോഡൽ3യുടെ അവതരണം അദ്ദേഹം നടത്തിയതു മുതൽ വിപണി പ്രവേശനം എന്നുണ്ടാകുമെന്ന ആകാംക്ഷയിലായിരുന്നു ഉപഭോക്താക്കളും നിരീക്ഷകരും.

സ്‌റ്രാൻഡേർഡ് ഇന്റീരിയൽ മോഡൽ മുതൽ പ്രീമിയം ഇന്റീരിയർ മോഡൽ വരെയായി ആറ് വേരിയന്റുകളാണുള്ളത്. 35,​000 ഡോളർ (ഏകദേശം 24.81 ലക്ഷം രൂപ)​ മുതൽ 49,​950 ഡോളർ (35.40 ലക്ഷം രൂപ)​ വരെയാണ് വില. അമേരിക്കൻ വിപണിയിൽ സംസ്ഥാന-ഫെഡറൽ സബ്‌സിഡിയുള്ളതിനാൽ 6,000 ഡോളർ വരെ ​വിലക്കിഴിവ് നേടാം. പെട്രോൾ വിലയുമായി താരതമ്യം ചെയ്യുമ്പോൾ മോഡൽ3യുടെ ഇന്ധനക്ഷമത 4,​000 ഡോളറിന്റെ അധികനേട്ടവും ഉപഭോക്താവിന് സമ്മാനിക്കുമെന്നാണ് ടെസ്‌ല പറയുന്നത്. ഫലത്തിൽ മൊത്തം 10,​000 ഡോളറിന്റെ ലാഭം ഉപഭോക്താവിന് നേടാം.

രണ്ടു മുതൽ നാല് ആഴ്‌ചയ്ക്കകം അമേരിക്കയിൽ വിതരണം തുടങ്ങും. യൂറോപ്പ്യൻ വിപണിയിൽ ആറുമാസത്തിനകമായിരിക്കും പ്രവേശനം. മറ്രു വിപണികളെ കുറിച്ച് ടെസ്‌ല പ്രതികരിച്ചിട്ടില്ല. മണിക്കൂറിൽ 259 കിലോമീറ്റർ വരെ വേഗത്തിൽ പായാൻ മോഡൽ3യ്ക്ക് സാധിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡ് മതി. ഫുൾചാർജ് ബാറ്ററിയിൽ 500 കിലോമീറ്രർ വരെ താണ്ടാം. ഓൾവീൽ ഡ്രൈവ് സംവിധാനമാണ് മനോഹര രൂപകല്‌പനയുള്ള ഈ ആഡംബര സെഡാനുള്ളത്.

അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന കാറിന്റെ ആകത്തളം ആഡംബരത്താൽ സമ്പന്നമാണ്. 15 ഇഞ്ച് ടച്ച് സ്‌ക്രീനാണ് പ്രധാന ആകർഷണം. സ്‌മാർട്ഫോൺ തന്നെ 'കീ" ആയി ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. കാറിനുള്ളിലേക്ക് കയറാനുള്ള ലോക്ക് മാറ്റാനും സ്‌റ്റാർട്ട് ചെയ്യാനും ഫോൺവഴി പറ്റും. പ്രീമീയം സീറ്റുകൾ 12 തരത്തിൽ ക്രമീകരിക്കാം. ഉയർന്ന സുരക്ഷാ സൗകര്യങ്ങളും മികവാണ്.

ഓട്ടോ പൈലറ്റ് അപ്‌ഡേറ്റ് ഈ വർഷം തന്നെ

നിലവിൽ ഹൈവേകളിൽ ഓട്ടോമാറ്രിക് ഡ്രൈവിംഗ് സംവിധാനവും ഓവർടേക്കിംഗ് മികവും മോഡൽ3 അവകാശപ്പെടുന്നുണ്ട്. ഓട്ടോമാറ്രിക് പാർക്കിംഗ്,​ പാർക്കിംഗ് ഏരിയയിൽ ഉടമയെ സ്വയം കണ്ടെത്തൽ തുടങ്ങിയ കഴിവുകളുമുണ്ട്. ട്രാഫിക് ലൈറ്റുകൾ സ്വയം തിരിച്ചറിഞ്ഞ് വാഹനം നിറുത്തുന്ന സംവിധാനവും നഗരനിരത്തുകളിലും ഓട്ടോമാറ്റിക് ഡ്രൈവിംഗ് സാദ്ധ്യമാക്കുന്ന മോഡും ഉറപ്പാക്കുന്ന ഓട്ടോപൈലറ്റ് അപ്‌ഡേറ്റ് ഈവർഷം തന്നെ ഉറപ്പാക്കുമെന്ന് ടെസ്‌ല അറിയിച്ചിട്ടുണ്ട്.