news

1. അഭിമാനമായി അഭിനന്ദന്‍. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ധീരപുത്രന്റെ തിരിച്ചുവരവ് ആഘോഷമാക്കി രാജ്യം. അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തിയില്‍ പാക് സംഘം എത്തിച്ച അഭിനന്ദനെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ടി കുര്യന്‍ സ്വീകരിച്ചു. എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരന്‍, ആര്‍.ജെ കപൂര്‍ എന്നിവരും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. റെഡ്‌ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൈമാറ്റം. അഭിനന്ദന്റെ മാതാപിതാക്കളും വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

2. പ്രത്യേക വിമാനത്തിലാണ് അഭിനന്ദനെ ലാഹോറിലേക്ക് എത്തിച്ചത്. അവിടെ നിന്ന് റെഡ്‌ക്രോസിന് കൈമാറിയ ശേഷം പ്രാഥമിക ആരോഗ്യ പരിശോധനകള്‍ നടത്തി. ഇതിന് ശേഷം ആണ് വാഗ അതിര്‍ത്തിയിലേക്ക് അഭിനന്ദനെ എത്തിച്ചത്. അഭിനന്ദന് സ്വീകരണം നല്‍കുന്നതിനോട് അനുബന്ധിച്ച് അട്ടാരി- വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ബി.എസ്.എഫ് റദ്ദാക്കി ഇരുന്നു.

3. മൂന്നു ദിവസത്തെ ആശങ്കയുടെ പിരിമുറുക്കത്തിന് ശേഷം അഭിനന്ദനെ സ്വീകരിക്കാന്‍ വാഗയില്‍ എത്തിയത് നൂറ് കണക്കിന് ജനങ്ങള്‍. അതിര്‍ത്തിയില്‍ ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന് ദിവസത്തെ പാക് കസ്റ്റഡിയില്‍ നിന്നാണ് അഭിനന്ദന്‍ തിരിച്ച് ഇന്ത്യയില്‍ എത്തുന്നത്. സമാധാന സന്ദേശം എന്ന നിലയില്‍ അഭിനന്ദനെ വിട്ടയക്കുമെന്ന് ഇന്നലെ ചേര്‍ന്ന പാക് പാര്‍ലമന്റെറ്റിന്റെ സംയുക്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്

4. ജമ്മു കാശ്മീരിലെ ഹന്ദ്വാരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രാവിലെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. ഒരാള്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ, തീവ്രവാദി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടി ഉതിര്‍ക്കുക ആയിരുന്നു. ഉറിയിലും രാവിലെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സെക്ടറിലെ ഗൗലാന്‍, ചൗക്കസ്, കിക്കര്‍, കതി എന്നീ പോസ്റ്റുകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. വെടിവയ്പ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്ക് ഏറ്റിരുന്നു

5. അതേസമയം, പഞ്ചാബിലെ ഫിറോസ്പൂരില്‍ പാക് ചാരന്‍ പിടിയില്‍. പാക് സിം കാര്‍ഡുമായാണ് മൊറാദാബാദ് സ്വദേശിയെ ബി.എസ്.എഫ് പിടികൂടിയത്. 21 കാരനായ ഇയാള്‍ സംശയാസ്പദമായ ആറ് വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ അംഗം ആണെന്നും ബി.എസ്.എഫ് വ്യക്തമാക്കി. ബി എസ് എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

6. ലോക്സഭ തിരഞ്ഞെടുപ്പ് കൃത്യ സമയത്ത് തന്നെ നടക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം വഷളായത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. പ്രതികരണം, ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉള്ള മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ

7. ഇന്ത്യ- പാക് ബന്ധം വഷളാകുന്നതിനിടെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുക ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. വോട്ടിംഗ് യന്ത്രങ്ങള്‍ ആധികാരികമാണ് എന്നും സുതാര്യമായ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സുനില്‍ അറോറ. ജനവിധി അനുകൂലമായാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്നും മറിച്ചായാല്‍ ക്രമക്കോട് ആണെന്നും ഉള്ള ആരോപണം ഉയരുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒരുക്കങ്ങള്‍ വിലയിരുത്തന്നത്

8. ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മോദിയെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തെ വെറുക്കുന്നു. വിമര്‍ശിക്കുന്നവര്‍, സൈന്യത്തിന് ഒപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത് എന്നും പ്രധാനമന്ത്രി

9. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കണം. തിരഞ്ഞെടുപ്പില്‍ അഴിമതിയും കള്ളപ്പണവും ചര്‍ച്ച ചെയ്യാം. ഇത്തരക്കാര്‍ ഇന്ത്യയെ മുറിപ്പെടുത്തുന്നതിന് ഒപ്പം പാകിസ്ഥാനെ സഹായിക്കുന്നു. ഭീകരര്‍ക്ക് എതിരായ സൈന്യത്തിന്റെ പോരാട്ടത്തില്‍ പോലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു എന്നും മോദി. റാലിയിലെ വിശദീകരണം, ഇന്ത്യന്‍ വൈമാനികന്‍ പാക് തടങ്കലില്‍ ഇരിക്കെ, പ്രധാനമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് വേദികളില്‍ സജീവമാകുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി ആയി

10. കാസര്‍കോട് പെരിയ ഇരട്ട കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന ആവശ്യത്തില്‍ ഉറച്ച് കുടുംബം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം പരാതി നല്‍കി. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയത് ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാര്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രതികള്‍ക്ക് സി.പി.എം സംരക്ഷണം ലഭിക്കുന്നു എന്നും ആരോപണം

11. കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് പരാതിയില്‍ പരാമര്‍ശം. പരാതിയില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന അടക്കം പുറത്ത് കൊണ്ട് വരേണ്ടത് ഉണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്. കേസിലെ ഒന്നാം പ്രതി പീതാംബരനെയും സജി ജോര്‍ജിനെയും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു