modi-

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുമ്പോൾ ചില പാർട്ടികൾ മാത്രം പോരാട്ടത്തെ എതിർക്കുകയാണെന്ന് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമുയർത്തി മോദി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ പാകിസ്താനെ സഹായിക്കുകയും ഇന്ത്യയെ ദ്രോഹിക്കുകയുമാണ്. എന്നാൽ രാജ്യം ഒന്നടങ്കം സൈന്യത്തെ പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ ബി.ജെ.പിയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില പാർട്ടികൾ മോദിയോടുള്ള വെറുപ്പ് കൊണ്ട്‌ രാജ്യത്തേയും വെറുക്കുന്നു. ഭീകരവാദത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിച്ചിരുന്നു. എന്നാൽ മുമ്പൊരിക്കലും അവർക്കെതിരെ ഇത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മുംബയ് ആക്രമണം ഉണ്ടായപ്പോൾ ഒന്നും ചെയ്തില്ല. ഉറി, പുൽവാമ ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യയുടെ വായുസേന എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേയെന്നും മോദി ചോദിച്ചു.

യു.പി.എ ഭരണകാലത്ത് വ്യോമസേന നടപടിക്ക് തുനിഞ്ഞിരുന്നതായും സർക്കാർ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പുതിയ ഇന്ത്യയിൽ അങ്ങനെയല്ല. സൈന്യത്തിന് സാഹചര്യം വേണ്ട വിധം കൈകാര്യം ചെയ്യാന്‍ പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.