ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം വൻതോതിൽ കുറഞ്ഞു. 97,247 കോടി രൂപയാണ് ഫെബ്രുവരിയിൽ ലഭിച്ചത്. ജനുവരിയിൽ 1.02 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു. മൊത്തം 73.48 ലക്ഷം ജി.എസ്.ടി.ആർ-3ബി റിട്ടേണുകളാണ് കഴിഞ്ഞമാസം സമർപ്പിക്കപ്പെട്ടത്.
സംസ്ഥാന ജി.എസ്.ടിയായി (എസ്.ജി.എസ്.ടി) 24,192 കോടി രൂപയും കേന്ദ്ര ജി.എസ്.ടിയായി (സി.ജി.എസ്.ടി) 17,626 കോടി രൂപയും ഫെബ്രുവരിയിൽ ലഭിച്ചു. സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 46,953 കോടി രൂപയും സെസ് ഇനത്തിൽ 8,476 കോടി രൂപയും സമാഹരിച്ചു. നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഫെബ്രുവരി വരെ ജി.എസ്.ടിയായി കേന്ദ്രസർക്കാർ ആകെ സമാഹരിച്ചത് 10.70 ലക്ഷം കോടി രൂപയാണ്.
നടപ്പുവർഷം മൊത്തം 13.71 ലക്ഷം കോടി രൂപ ജി.എസ്.ടിയായി സമാഹരിക്കുകയായിരുന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിന് പ്രതിമാസം ഒരുലക്ഷം കോടി രൂപയ്ക്കുമേൽ ലഭിക്കണമായിരുന്നു. മിക്ക മാസങ്ങളിലും ലഭിച്ചത് ഒരുലക്ഷം കോടി രൂപയിൽ താഴെയായതിനാൽ, നടപ്പുവർഷത്തെ സമാഹരണലക്ഷ്യം സർക്കാർ 11.47 ലക്ഷം കോടി രൂപയായി പുനർനിശ്‌ചയിച്ചിട്ടുണ്ട്. ഏപ്രിൽ, ഒക്‌ടോബർ, ജനുവരി മാസങ്ങളിൽ മാത്രമാണ് സമാഹരണം ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയത്. 2019-20 വർഷം പ്രതീക്ഷിക്കുന്ന വരുമാനം 13.71 ലക്ഷം കോടി രൂപയാണ്.