ഇന്ത്യൻ വ്യോമസേന പെെലറ്റ് വിങ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ കെെമാറിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാൻ. സ്വയം പ്രതിരോധത്തിനായി ശക്തമായ തിരിച്ചടിക്കുമെന്ന് പാക് സെെനിക മേധാവി വ്യക്തമാക്കി. ഇക്കാര്യം ലോകരാജ്യങ്ങളെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിൽ പാക് സെെന്യവുമായി ഏറ്റുമുട്ടുൽ നടക്കുന്ന സാഹചര്യത്തിലാണ് പാക് സെെനിക മേധാവിയുടെ പ്രസ്താവന.
അതിർത്തി കടന്ന് എത്തിയ പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സെെനിക താവളങ്ങളെ ആക്രമിക്കാൻ ലക്ഷ്യം വച്ചിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് തിരിച്ചുപറക്കുകയായിരുന്നു. വിങ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ തിരികെ എത്തിച്ചതിന് ശേഷം പ്രശ്നങ്ങൾ അവസാനിക്കുന്നു എന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്റെ പ്രകോപനം.
അതേസമയം അതിർത്തി കടന്നുള്ള ഭീകരവാദം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാവണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അബുദാബിയിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. തുടർന്ന് സൗദി വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി.
ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും. തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന എല്ലാ കേന്ദ്രങ്ങളും ഇല്ലാതാക്കണം. പക്ഷേ അതിന് സൈനിക നടപടികൾ മാത്രം കൊണ്ട് സാദ്ധ്യമാകില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തീവ്രവാദം കാരണം ജീവനുകൾ നഷ്ടപ്പെടുകയേ ഉള്ളു. തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും രാജ്യത്തിന്റെ തന്നെ പേരിന് തന്നെ കളങ്കമുണ്ടാക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.