കൊച്ചി: ഇന്ത്യയും പാകിസ്‌താനും തമ്മിലെ സംഘർഷത്തിന് അയവുവരുന്നുവെന്ന സൂചനകൾ ഓഹരി വിപണിയെ ഇന്നലെ നേട്ടത്തിലേക്ക് ഉയർത്തി. സെൻസെക്‌സ് 196 പോയിന്റ് നേട്ടത്തോടെ 36,063ലും നിഫ്‌റ്രി 71 പോയിന്റുയർന്ന് 10,863ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി മൂന്നു ദിവസങ്ങളിൽ നഷ്‌ടം കുറിച്ച ശേഷമാണ് ഓഹരി വിപണിയുടെ തിരിച്ചുകയറ്റം.
ജി.ഡി.പിയും മാനുഫാക്‌ചറിംഗ് വളർച്ചയും കുറഞ്ഞെങ്കിലും നിക്ഷേപകർ അതിനെ പോസിറ്രീവായാണ് കണ്ടത്. വളർച്ചായിടിവ്, മുഖ്യ പലിശനിരക്കുകളിൽ കൂടുതൽ ഇളവ് വരുത്താൻ റിസർവ് ബാങ്കിനെ നിർബന്ധിതരാക്കുമെന്ന വിലയിരുത്തലുകളാണ് ഈ പോസിറ്രീവ് ചിന്തയ്ക്ക് പിന്നിൽ. യെസ് ബാങ്ക്, വേദാന്ത, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് നേട്ടത്തിന് നേതൃത്വം കൊടുത്തത്. ഇന്നലെ സെൻസെക്‌സിലെ നിക്ഷേപകരുടെ മൂല്യം 1.41 ലക്ഷം കോടി രൂപ ഉയർന്ന് 141.82 ലക്ഷം കോടി രൂപയിലുമെത്തി.
അതേസമയം, ആഗോള വെല്ലുവിളികളുടെ സമ്മർദ്ദത്താൽ രൂപ ഇന്നലെ ഡോളറിനെതിരെ നഷ്‌ടത്തിലേക്ക് വീണു. 17 പൈസയുടെ നഷ്‌ടവുമായി 70.91ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്. ജി.ഡി.പിയിലെ ഇടിവ്, ക്രൂഡോയിൽ വില വർദ്ധന, ശമനമില്ലാത്ത അമേരിക്ക-ചൈന വ്യാപാരപ്പോര് എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ, ഈവർഷം രൂപ ഡോളറിനെതിരെ 80ലേക്ക് വീഴാനുള്ള സാദ്ധ്യതയുണ്ടെന്ന് റോയൽ ബാങ്ക് ഒഫ് കാനഡ അഭിപ്രായപ്പെട്ടു.