അട്ടാരി (വാഗ അതിർത്തി): ദേശാഭിമാനം കാത്ത വീരപുരുഷനു വേണ്ടി രാജ്യം മുഴുവൻ കാത്തുനിൽക്കെ, വിംഗ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ കൈമാറുന്നതിനു മുമ്പ്, നാലു മണിക്കൂറിലധികം നീണ്ട പിരിമുറുക്കം സൃഷ്‌ടിച്ച് പാകിസ്ഥാന്റെ നയതന്ത്രനാടകം. നടപടിക്രമങ്ങളുടെ പേരിൽ അഭിനന്ദനെ കൈമാറുന്ന സമയം പലവട്ടം മാറ്റിയ പാകിസ്ഥാൻ ഒടുവിൽ ഇന്ത്യയുടെ സിംഹപുത്രനെ സ്വന്തം മണ്ണിൽ പദമൂന്നാൻ അനുവദിച്ചത് രാത്രി ഒൻപതേ കാലിനു ശേഷം.
അഭിനന്ദനെ ഇന്നലെ രാവിലെ മുതൽ ഏതു നിമിഷവും കൈമാറിയേക്കുമെന്ന പ്രതീതി സൃഷ്‌ടിച്ച പാകിസ്ഥാൻ പിന്നീട് പറഞ്ഞത് വൈകുന്നേരം വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റിനിടെ കൈമാറ്റം നടക്കുമെന്നാണ്. വേനൽക്കാലത്ത് 5.15-നാണ് വാഗ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനിക പരേഡും പതാക താഴ്‌ത്തിയുള്ള ഉപചാരവും. കൈമാറ്റവേളയ്‌ക്ക് ഉത്സവച്ഛായ പകരാനായിരുന്നു പാകിസ്ഥാന്റെ നീക്കമെങ്കിലും, ഇന്നലത്തെ ബീറ്റിംഗ് റിട്രീറ്റ് ഒഴിവാക്കി, ഇന്ത്യ അഭിനന്ദിനു വേണ്ടി രാവിലെ മുതൽ വാഗ ഗേറ്റിനു മുന്നിൽ പ്രാർത്ഥനാപൂർവം, പ്രതീക്ഷാപൂർവം നിന്നു.
നാലരയോടെ അഭിനന്ദൻ വർദ്ധമാനെ ലാഹോറിൽ നിന്ന് വാഗയിലെ പാക് സൈനിക കോംപ്ളക്‌സിലെത്തിച്ചെന്നും, ഇന്ത്യയുടെ രണ്ട് എയർ വൈസ് മാർഷൽമാർക്ക് അല്പസമയത്തിനകം കൈമാറുമെന്നും ആയിരുന്നു ആദ്യറിപ്പോർട്ടുകൾ. കാത്തുനിന്ന നൂറുകണക്കിനു ജനങ്ങൾ നിർത്താതെ വന്ദേ മാതരം വിളിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിൽ നിന്ന് രാജ്യത്തിന്റെ ധീരസൈനികനെ വരവേൽക്കാൻ കാത്തുനിന്നവർക്കു മുന്നിലേക്കു പിന്നെയെത്തിയത്, നടപടിക്രമങ്ങൾ വൈകുമെന്ന വാർത്ത.
ആരും പിരിഞ്ഞുപോയില്ല. പിരിമുറുക്കത്തിന്റെ മണിക്കൂറുകൾക്കിടെ അതിർത്തിക്കപ്പുറം വാഗാ മിലിട്ടറി ഓഫീസ് കോംപ്ളക്‌സിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. ജനങ്ങളുടെ കണ്ണിൽപ്പെടാതെ കവചിത വാഹനത്തിൽ അഭിനന്ദനെ എയർഫോഴ്സ് ഇന്റലിജൻസ് യൂണിറ്റ് കൊണ്ടുപോയെന്ന് വാർത്തകൾ വന്നു. പക്ഷേ, അപ്പോഴും നടപടിക്രമങ്ങൾ ദീർഘിപ്പിച്ച് പാകിസ്ഥാൻ ഇന്ത്യയെ മുൾമുനയിൽ നിറുത്തുകയായിരുന്നു.
പിരിമുറുക്കങ്ങൾക്കൊടുവിൽ, വാഗാ അതിർത്തി ഗേറ്റിലേക്ക് അഭിനന്ദൻ വർദ്ധമാൻ തലയുയർത്തിപ്പിടിച്ച് നടന്നെത്തിയത്, പാക് സൈനിക ഉദ്യോഗസ്ഥരുടെയും പാക് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥയുടെയും അകമ്പടിയോടെ. അല്പനേരം അതിർത്തിക്കപ്പുറം അവർ നിന്നു. ഗേറ്റിനിപ്പുറം, ഇന്ത്യൻ മണ്ണിൽ അപ്പോൾ വരവേൽപ്പിന്റെ കടലിരമ്പി. പിന്നെ, സ്വന്തം മണ്ണിലേക്ക്.