ന്യൂഡൽഹി: പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി. വാഗാ അതിർത്തിയിൽ വച്ച് രാത്രി 9.20ഓടെയാണ് അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. ഇതോടെ ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂർത്തിയായി. റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.
വൻസുരക്ഷയോടെ പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയിൽ എത്തിച്ചത്. ലാഹോറിൽ നിന്ന് വാഗാ- അത്താരി അതിർത്തിയിലേക്കുള്ള വഴിയിൽ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദിനൊപ്പമുണ്ടായിരുന്നു. അത്താരിയിൽ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യൻ എയർഫോഴ്സ് ഇന്റലിജൻസ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.
അഭിനന്ദനെ സ്വീകരിക്കാനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും മാതാപിതാക്കളും വാഗാ അതിർത്തിയിൽ എത്തിയിരുന്നു. അഭിനന്ദിനെ സ്വാഗതം ചെയ്യാൻ 20,000ത്തോളം ഇന്ത്യക്കാർ വാഗാ അതിർത്തിയിൽ എത്തിയിരുന്നു
വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പിന്നെയും മണിക്കൂറുകൾ നീണ്ടു. ഇതേ തുടർന്ന് കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാക്കാനായത് 9.20 നാണ്. ഇന്ത്യൻ അതിർത്തിയിൽ ബി.എസ്.എഫ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.