പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വെെമാനികൾ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പ്രശംസിച്ച് കായികതാരം സാനിയ മിർസ. 'അഭിനന്ദന് ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം. എല്ലാ അർത്ഥത്തിലും താങ്കൾ ഞങ്ങളുടെ ഹീറോയാണ്. നിങ്ങളേയും നിങ്ങളുടെ ധെെര്യത്തെയും വ്യക്തി പ്രഭാവത്തെയും രാജ്യം സല്യൂട്ട് ചെയ്യുന്നു'. സാനിയ ഫേസ്ബുക്കിൽ കുറിച്ചു.
വിംഗ് കമാൻഡർ അഭിനന്ദൻ പാകിസ്ഥാന്റെ പിടിയാലായതിന് ശേഷം യാതൊരു പ്രതികരണവും നടത്താതിരുന്ന സാനിയ മിർസയ്ക്കെതിരെ വിമർശനമുയർന്നിരുന്നു. ഇതേസമയം ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിനെതിരെയും സോഷ്യൽ മീഡിയിയിൽ പ്രതിഷേധമുണ്ടായി. ഹമാരാ പാക്കിസ്ഥാൻ സിന്ദാബാദ്' എന്ന ട്വീറ്രിനെതിരെയാണ് നിരവധി പേർ രംഗത്ത് വന്നത്.
ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിൽ സാനിയ മിർസ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലർ രംഗത്ത് വന്നു. ബി.ജെ.പി എം.എൽ.എയും ട്വീറ്റിനെ വിമർശിച്ചു. തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് സാനിയ മിർസയെ മാറ്റണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണത്തിൽ ജവാന്മാർക്കും കുടുംബത്തിന് പിന്തുണയുമായി സാനിയ മിർസ രംഗത്ത് വന്നിരുന്നു.